- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
കഴിഞ്ഞു പോയ അഭ്യന്തര യുദ്ധത്തിന്റെ പരിക്കുകൾ ഇനിയും പൂർണ്ണമായും മായാത്ത രാവണ സാമ്രാജ്യം; കടക്കെണിയിലായ രാജ്യം ഇപ്പോൾ നേരിടുന്നത് ഭക്ഷ്യക്ഷാമവും; വികസനത്തിന്റെ അതിമോഹങ്ങൾ ശ്രീലങ്കയെ കുരുക്കിയത് ചൈനയുടെ കെണിയിൽ; മരതകദ്വീപിന്റെ ഭാവി അനിശ്ചിതത്വത്തിലാകുമ്പോൾ
കോവിഡ് പ്രതിസന്ധിയുടെ മൂർദ്ധന്യഘട്ടത്തിൽ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ അമേരിക്കൻ എംബസിക്ക് മുന്നിൽ നൂറുകണക്കിന് ആളുകളാണ് ഒത്തുചേർന്നത്. ലോക വ്യാപകമായി നടന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിന് പിന്തുണ നൽകുകയായിരുന്നു അവർ. വംശീയവെറിക്കെതിരെയുള്ള മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകൾ പക്ഷെ സൂചിപ്പിച്ചിരുന്നത് അമേരിക്കയിലെ വംശീയ വെറി മാത്രമായിരുന്നില്ല. അതിൽ ശ്രീലങ്കയിൽ ഇപ്പോഴും നിലവിലുള്ള വംശീയ വിദ്വേഷം കൂടി നിഴലിച്ചിരുന്നു.
ന്യുനപക്ഷമായ ശ്രീലങ്കൻ തമിഴ് വംശജരുടെ പ്രക്ഷോഭങ്ങൾ ഒരുകാലത്ത് അഭ്യന്തരയുദ്ധത്തോളം എത്തിയിരുന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണം വരെ എത്തിനിന്ന ഈ ആഭ്യന്തര യുദ്ധം 2009 മെയ് മാസത്തോടെ അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായെങ്കിലും അതിന്റെ മുറിപ്പാടുകൾ ഇനിയും പൂർണ്ണമായും ഉണങ്ങിയിട്ടില്ല. വലിയൊരു വിഭാഗം തമിഴ് വശജർക്ക് ജനിച്ച നാട് വിട്ടുപോകേണ്ടതായി വന്നു.രാഷ്ട്രീയ അവകാശങ്ങൾക്കും സാമൂഹിക അവകാശങ്ങൾക്കും നിയമപരമായ കുറവുകൾ ഒന്നും തന്നെയില്ലെങ്കിലും തട്ടിക്കൊണ്ടു പോകലും പീഡനവുമെല്ലാം അടുത്തകാലത്ത് വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തമിഴ് വംശജർക്ക് മുൻതൂക്കമുള്ള സ്ഥലങ്ങളിലെല്ലാംസുരക്ഷയുടെ പേരിൽ ഇപ്പോഴുംശ്രീലങ്കൻ പട്ടാളത്തിന്റെ സാന്നിദ്ധ്യമുണ്ട്. അതുപോലെ തീവ്രവാദ പ്രതിരോധ നിയമങ്ങൾ ഏറെയും ലക്ഷ്യം വയ്ക്കുന്നത് തമിഴ് വംശജരെയാണെന്ന ആരോപണവും ഉയരുന്നുണ്ട്. അതിനൊപ്പമാണ് രാജ്യത്ത് ധൃതഗതിയിൽ നടക്കുന്ന സിംഹളവത്ക്കരണം. തമിഴ് ഭൂരിപക്ഷ മേഖലകളിൽ പോലും സിംഹളവത്ക്കരണം നടക്കുന്നുണ്ട്. സ്ഥലനാമങ്ങളും സൈൻ ബോർഡുകളുമെല്ലാം സിംഹളഭാഷയിലാക്കുകയാണ്. അതുപോലെ സിംഹള സ്മാരകങ്ങളും ബുദ്ധക്ഷേത്രങ്ങളുമൊക്കെ ഇന്ന് തമിഴ്മേഖലയിൽ ധാരാളമായി കാണാൻ കഴിയും.
ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും
വംശീയതയുടെ മുറിവുകൾ പൂർണ്ണമായും ഉണങ്ങാത്ത സാഹചര്യത്തിലാണ് കൂനിന്മേൽ കുരുവെന്നപോലെ ശ്രീലങ്ക പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്ക് പോകുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയും കുതിച്ചുയരുവാൻ തുടങ്ങിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി ഇറക്കുമതികളെ ബാധിച്ചു തുടങ്ങിയതോടെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയാണ് ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രധാന കാരണമെങ്കിലും വേറെയും ഒരുപാട് കാരണങ്ങൾ ഈ രംഗത്തെ വിദഗ്ദർക്ക് പറയുവാനുണ്ട്.
ഓഗസ്റ്റ് 31-ന് അവശ്യ ഭക്ഷ്യവസ്തുക്കളുടേ ശേഖരണവും സംഭരണവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് സർക്കാർ അടിയന്തരാവസ്ഥയ്ക്ക് ആരംഭം കുറിച്ചത്. ഇതനുസരിച്ച് അമിതമായി സംഭരിച്ചിരിക്കുന്ന ഭക്ഷണവസ്തുക്കൾ പിടിച്ചെടുക്കാനും അത് വിൽക്കാനും സർക്കാരിന് അധികാരമുണ്ടായിരിക്കും. വിദേശനാണയ ശേഖരത്തിൽ വൻ ഇടിവ് ദൃശ്യമായതോടെയാണ് ശ്രീലങ്ക ഇത്തരത്തിലൊരു നീക്കത്തിന് മുതിർന്നത്. രാജ്യത്ത് ഭക്ഷ്യക്ഷാമമില്ലെന്നും പൂഴ്ത്തിവയ്പുകാർ കൃത്രിമമായി ഉണ്ടാക്കുന്ന ഒന്നാതിപ്പോൾ ഉള്ളതെന്നും സർക്കാർ പറയുമ്പോഴും സ്ഥിതിഗതികൾ നേരെ തിരിച്ചാണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കുള്ള കാരണങ്ങൾ
ആഗോള സമ്പദ്ഘടനയെ തന്നെ തകർത്ത കോവിഡ് പ്രതിസന്ധിയിൽ നിന്നും ശ്രീലങ്കയ്ക്കും വേറിട്ടൊരു നിലനിൽപില്ലെന്നത് ഒരു വാസ്തവം തന്നെയാണ്. പ്രത്യേകിച്ച് രാജ്യത്തിന്റെ സമ്പദ്ഘടന പ്രധാനമായും ആശ്രയിക്കുന്നത് വിനോദസഞ്ചാര മേഖലയേയും തേയില കയറ്റുമതിയേയും ആകുമ്പോൾ. ഈ രണ്ടു മേഖലയിലുണ്ടായ തകർച്ച വിദേശനാണയ ശേഖരത്തെ വിപരീതമായി ബാധിച്ചു. അന്താരാഷ്ട്ര തലത്തിൽ ശ്രീലങ്കൻ കറൻസിക്ക് ഉണ്ടായ തകർച്ചകൂടി കണക്കിലെടുക്കുമ്പോൾ ഇറക്കുമതിക്ക് പണം കണ്ടേത്താൻ വിഷമിക്കുകയാണ് ശ്രീലങ്കയിന്ന്.
2019 നവംബറിൽ 7.5 ബില്ല്യൺ ഡോളർ ആയിരുന്നു ശ്രീലങ്കയുടെ വിദേശ നാണയ ശേഖരം. ഇത് 2021 ജൂലായ് ആയപ്പോഴേക്കും 2.8 ബില്ല്യൺ ആയി കുറഞ്ഞു. കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിനു മുൻപ് തന്നെ ശ്രീലങ്കയുടെ പ്രധാന വരുമാന സ്രോതസ്സായ ടൂറിസം മേഖല തിരിച്ചടികൾ അനുഭവിക്കുവാൻ തുടങ്ങിയിരുന്നു. 2019 ഈസ്റ്റർ ദിനത്തിലെ ബോംബാക്രമണത്തൊടെ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. തൊട്ടുമുൻപത്തെ വർഷം മൊത്തം വിദേശനാണയത്തിന്റെ 10.4 ശതമാനം നേടിക്കൊടുത്തത് വിദേശ സഞ്ചാരികളായിരുന്നു എങ്കിൽ 2020 ആയപ്പോഴേക്കും അത് 4.9 ശതമാനമായി കുറഞ്ഞു. മാത്രമല്ല ഈ മേഖലയിൽ 25 ശതമാനത്തോളമാണ് തൊഴിൽ നഷ്ടമുണ്ടായത്.
കോവിഡ് പ്രതിസന്ധിയുടെ മൂർദ്ധന്യഘട്ടത്തിൽ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾനിലവിൽ വന്നതോടെ സ്ഥിതിഗതികൾ വീണ്ടും രൂക്ഷമാകാൻ തുടങ്ങി. ഇന്ന് പല രാജ്യങ്ങളും ലോക്ക്ഡൗൺ പിൻവലിച്ചെങ്കിൽ പോലും ഈ മഹാമാരി സൃഷ്ടിച്ച ഭീതിദമായ അന്തരീക്ഷം ഇനിയും പൂർണ്ണമായും മാറിയിട്ടില്ല. അതുകൊണ്ടു തന്നെ അടുത്തകാലത്ത് ഒരു ഉയർത്തെണീപ്പിനുള്ള സാധ്യത ആരും തന്നെ ഈ മേഖലയിൽ കാണുന്നുമില്ല.
കുമിഞ്ഞു കൂടിയ വിദേശകടം
എൽ ടി ടി ഇ ഉയർത്തിയ ആഭ്യന്തര ഭീഷണി അടിച്ചൊതുക്കിയതിനു ശേഷം ശ്രീലങ്കയുടെ സാമ്പത്തിക രംഗത്ത് ചെറിയൊരു ഉയർച്ച ദൃശ്യമായിരുന്നു. എന്നാൽ, അനുകൂല സാഹചര്യം വിവേചനപൂർവ്വം ഉപയോഗിക്കാതെ വിദേശങ്ങളിൽ നിന്നും സോവറിൻ ബോണ്ടുകൾ വഴി കടമെടുക്കാനായിരുന്നു സർക്കാർ തുനിഞ്ഞത്. ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനവും പരിമിതമായ ചില കയറ്റുമതികളുംകൊണ്ട് അടച്ചു തീർക്കാൻ പറ്റാവുന്നതായിരുന്നില്ല ഈ തുക എന്നതാണ് ഇപ്പോൾ ശ്രീലങ്കയ്ക്ക് കെണിയൊരുക്കിയിരിക്കുന്നത്. ഇതോടെ കരുതൽ ധനത്തിൽ നിന്നും പണമെടുത്ത് തവണകൾ അടയ്ക്കേണ്ടതായി വന്നു.
ദേശീയകടം 2016 ൽ 48 ബില്ല്യൺ ഡോളർ ആയിരുന്നത് 2021 ആയപ്പോഴേക്കും 86 ബില്ല്യൺ ഡോളർ ആയി ഉയർന്നു. ഈ വർഷം ഏകദേശം 3.7 ബില്ല്യൺ ഡോളറിന്റെ കടമാണ് ശ്രീലങ്കയ്ക്ക് തിരിച്ചടയ്ക്കേണ്ടതായിട്ടുള്ളത്. അതിനിടയിലാണ് ഇനി മൂന്നു മാസത്തേക്ക് ഇറക്കുമതിചെയ്യുവാനുള്ള വിദേശനാണയം മാത്രമാണ് ഇപ്പോൾ ശ്രീലങ്കയുടെ കരുതൽ ധനത്തിലുള്ളതെന്ന വാർത്തകൾ പുറത്തുവരുന്നത്. ശ്രീലങ്കൻ കറൻസിയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതിനാൽ കടബാദ്ധ്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ആവശ്യ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനായി കൂടുതൽ വിദേശ നാണയം കണ്ടെത്തേണ്ടതുമുണ്ട്.
കാർഷിക രംഗത്തെ തകർച്ച
ലോകത്തിന് മുഴുവൻ പാഠമാകേണ്ട ഒന്നാണ് ശ്രീലങ്കയുടെ കാർഷികരംഗം നേരിടുന്ന തകർച്ച. നൂറുശതമാനം ജൈവകൃഷി ചെയ്യുന്ന രാജ്യമായി ശ്രീലങ്ക മാറുമെന്ന പ്രഖ്യാപനം കഴിഞ്ഞ വർഷങ്ങളിൽ ജൈവ കൃഷിയുടെ പ്രോത്സാഹനത്തിനായി എടുത്ത നടപടികളുടെ തുടർച്ചയായിരുന്നു. ഇതോടെ രാസവളങ്ങളുടെ ഇറക്കുമതിക്കായി പ്രതിവർഷം ചെലവാക്കുന്ന 400 മില്ല്യൺ ഡോളർ ലാഭിക്കുവാൻ കഴിയുമെങ്കിലും ഇത് കാർഷികരംഗത്തെ ഉദ്പാദനക്ഷമതയെ വിപരീതമായി ബാധിക്കുകയായിരുന്നു. പൂർണ്ണമായും ജൈവകൃഷിയിലേക്ക് മാറുന്നതോടെ ഇന്ന് കാര്യമായ തോതി വിദേശനാണയം നേടിത്തരുന്ന തേയില മേഖല വൻ തകർച്ചയെ അഭിമുഖീകരിക്കും എന്നാണ് കാർഷിക വിദഗ്ദർ പറയുന്നത്.
തേയിലയ്ക്കൊപ്പം നെല്ല്, കുരുമുളക്, കറുകപ്പട്ട തുടങ്ങിയ, കയറ്റുമതി ചെയ്യപ്പെടുന്ന കാർഷികോദ്പന്നങ്ങളുടെ ഉദ്പാദനത്തേയൂം ഇത് വിപരീതമായി ബാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു. കയറ്റുമതിയെ മാത്രമല്ല, ഇപ്പോൾ തന്നെ ഭക്ഷ്യവസ്തുക്കൾക്കായി വലിയൊരു പരിധിവരെ ഇറക്കുമതിയെ ആശ്രയിക്കുന്ന ശ്രീലങ്കയുടെ ഇറക്കുമതി വർദ്ധിപ്പിക്കേണ്ടതായും വരും. ആരോഗ്യകരമായ കാരണങ്ങളാൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെങ്കിലും വ്യാവസായികമായ കാർഷിക ഉദ്പാദനത്തിന് എത്രമാത്രം ജൈവകൃഷിയെ ആശ്രയിക്കാനാവുമെന്ന കാര്യത്തിൽ സംശയമുണർത്തുന്നതാണ് ശ്രീലങ്കയുടെ ഇന്നത്തെ സാഹചര്യം.
പ്രശ്നത്തെ നേരിടുന്നത് അസാധാരണമായ വഴികളിലൂടെ
തികച്ചും അന്താരാഷ്ട്ര സഹായം ആവശ്യമായിവരുന്ന ഈ സാഹചര്യത്തിൽ പക്ഷെ തികച്ചും അസാധാരണമായ നടപടികളിലേക്കാണ് ശ്രീലങ്കൻ സർക്കാർ നീങ്ങുന്നത്. വിദേശനാണയകാത്തുസൂക്ഷിക്കുന്നതിനായി പല ഇറക്കുമതികളും താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ഇതോടെ വാഹന സ്പെയർപാർട്ട്സുകൾ, പോഷാകാഹാര സപ്ലിമെന്റുകൽ തുടങ്ങിയവ ശ്രീലങ്കൻ ഉപഭോക്താക്കൾക്ക് അന്യമായി തുടങ്ങിയിരിക്കുന്നു.ടൂത്ത് ബ്രഷ് മുതൽ സ്ട്രോബറി, വിനാഗിരി, വെറ്റ് വൈപ്സ് തുടങ്ങി ഒട്ടനവധി സാധനങ്ങളും വിപണിയിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതോടെ വിലക്കയറ്റം നിയന്ത്രണാതീതമാകുവാൻ തുടങ്ങി. ഇതോടൊപ്പമാണ് ലോക്ക്ഡൗൺ കഴിഞ്ഞ് രാജ്യങ്ങൾ പ്രവർത്തനമാരംഭിച്ചതോടെ ഉണ്ടായ ഇന്ധന വിലവർദ്ധനവ്. അതോടൊപ്പം വാക്സിനുകൾക്കും അത്യാവശ്യമരുന്നുകൾക്കുമായി ചെലവാക്കേണ്ടി വന്ന വിദേശനാണയവും ശ്രീലങ്കയുടെ നട്ടെല്ലൊടിച്ചു. ഉടൻ തന്നെ ഇന്ധന ഉപയോഗത്തിലും നിയന്ത്രണങ്ങൾ വരുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന സൂചന.
ചൈനയൊരുക്കിയ കെണി
പ്രതിസന്ധികൾക്ക് അവസാനമില്ലാതെ തുടരുമ്പോഴാണ് ഹാംബൻതോത്ത തുറമുഖത്തിന്റെ രൂപത്തിൽ ചൈന കെണിയൊരുക്കുന്നത്. അന്നത്തെ ശ്രീലങ്കൻ പ്രസിഡണ്ട് മഹിന്ദ രാജപക്ഷെയുടെ സ്വപ്ന പദ്ധതിയായിരുന്ന ഈ തുറമുഖത്തിനുവേണ്ടി എത്ര വലിയ തുകയുംകടം നൽകാൻ ചൈന എപ്പോഴും സന്നദ്ധത കാണിച്ചിരുന്നു. ഈ തുറമുഖ പദ്ധതി ലാഭം നൽകുന്ന ഒന്നല്ല എന്ന റിപ്പോർട്ടുകൾക്ക് ശേഷം പരമ്പരാഗതമായി ശ്രീലങ്കയ്ക്ക് കടം നൽകിയിരുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ പിന്മാറിയ സാഹചര്യത്തിലാണ് ചൈന വല വിരിക്കുന്നത്.
പണിപൂർത്തിയാക്കിയ തുറമുഖം മുൻപ് പ്രവചിച്ചിരുന്നത് പോലെ നഷ്ടത്തിൽ തന്നെ പ്രവർത്തിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവുംതിരക്കേറിയ കപ്പൽ പാതകളിലൊന്നിൽ സ്ഥിതിചെയ്യുന്ന തുറമുഖത്ത് പക്ഷെ 2012-ൽ എത്തിയത് വെറും 34 കപ്പലുകൾ മാത്രമായിരുന്നു. 2015-ൽ രാജപക്ഷെയ്ക്ക് അധികാരം നഷ്ടപ്പെട്ടു. പകരമെത്തിയ സർക്കാർ ചൈനയുടെ കടം വീട്ടുവാൻ വഴികൾ കാണാതെ വിഷമിച്ചപ്പോഴാണ് തുറമുഖവും അതിനോടനുബന്ധിച്ചുള്ള 15,000 ഏക്കർ സ്ഥലവും 99 വർഷത്തെ പാട്ടത്തിന് ചൈനയ്ക്ക് കൈമാറുന്നത്.
താത്ക്കാലിക ലാഭം നോക്കാതെ ദീർഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ചൈനയ്ക്ക് തീർത്തും ഗുണകരമായ ഒരു ഇടപാടായിരുന്നു അത്. ഇന്ത്യൻ തീരത്തുനിന്നും അധികം ദൂരെയല്ലാതെ ഒരു തുറമുഖത്ത് ഒരു സാന്നിദ്ധ്യം ഉണ്ടാക്കിയെടുക്കുക എന്നത് ചൈനയ്ക്ക് സൈനികമായും സാമ്പത്തികമായും വൻ നേട്ടം തന്നെയാണ് ഉണ്ടാക്കികൊടുത്തത്. ഇത്തരത്തിൽ തുടർച്ചയായി നൽകിയ ധനസഹായത്താൽ ചൈന ഇപ്പോൾ ഈ ദ്വീപു രാഷ്ട്രത്തെ വരുതിയിലാക്കിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിലെ സൈൻ ബോർഡുകളിലും സർക്കാർ ഓഫീസുകളിലെ ബോർഡുകളിലും സിംഹളഭാഷയ്ക്ക് ഒപ്പം മന്ദാരിൻ ഭാഷയും നിർബന്ധമാക്കിയത് ഈയിടെ വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.
ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷകളിൽ ഒന്നായ തമിഴ് ഒഴിവാക്കിയാണ് ചൈനീസ് ഭാഷയ്ക്ക് സ്ഥാനം നൽകിയത്. രാജ്യത്ത് ചൈനയുടെ കോളനിവത്ക്കരണം നടക്കുകയാണെന്നാണ് ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള ബുദ്ധസന്യാസിമാർ പറയുന്നത്. കൊളംബോ തുറമുഖം കൂടി അധീനതയിലായതോടെ ചൈനയുടെ കോളനിവത്ക്കരണം പൂർണ്ണതയിലെത്തിയെന്നും ആരോപണമുയരുന്നു.
വിപുലമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ ഏഷ്യയിലേയും ആഫ്രിക്കയിലേയും നിരവധി ചെറു രാജ്യങ്ങളെ വരുതിയിലാക്കിയ ചൈന ഇവിടങ്ങളിലെല്ലാം തങ്ങളുടെ സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞു. ലോകമാകമാനം തങ്ങളുടേ സാന്നിദ്ധ്യം ഉറപ്പിച്ച് അമേരിക്കയെ വെല്ലുവിളിക്കാൻ ഒരുങ്ങുന്ന ചൈനയ്ക്ക് ഏറ്റവും അടുത്ത ശത്രുവായ ഇന്ത്യയെ നേരിടാൻ ഉള്ള സൗകര്യം കൂടിയാണ് ശ്രീലങ്കയിലെ സാന്നിദ്ധ്യം നൽകുന്നത്. നട്ടെല്ലൊടിഞ്ഞ സമ്പദ്വ്യവസ്ഥയുമായി അതിജീവനത്തിനായി കേഴുന്ന ശ്രീലങ്കയ്ക്ക് ഉടനെയൊന്നും ചൈനീസ് കെണിയിൽ നിന്ന് പുറത്തുവരാൻ കഴിയില്ലെന്നാണ് നിരീക്ഷകർ പറയുന്നത്.