തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പത്മതീർത്ഥക്കുളത്തിന് സമീപത്തെ കൽമണ്ഡപം പൊളിച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. ചരിത്ര പൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലത്തെ പുരാതന നിർമ്മിതി ഇടിച്ചു നിരത്തുന്നതിന് എതിരെ വൻതോതിലാണ് പ്രതിഷേധം ഉയർന്നത്. ഇതോടെ ഒടുവിൽ കലക്ടർ അടക്കമുള്ളവർ ഇടപെട്ടതോടൊണ് തീർത്ഥ കുളത്തിലെ കൽമണ്ഡപം പൊളിക്കുന്നത് നിർത്തിയത്. ഈ സംഭവം അവിടെ കൊണ്ട് നിൽക്കുമെന്ന കരുതിയെങ്കിൽ അതും തെറ്റി. രണ്ട് ദിവസം മുമ്പ് ക്ഷേത്ര പരിസരത്തുള്ള ശീപാദം കൊട്ടാരത്തിന്റെ പൈതൃകമന്ദിരം ഭാഗികമായി തകർക്കുകയാണ് ഉണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇടപെട്ടതോടെയാണ പൊളിക്കൽ നിർത്തിയത്. എന്നാൽ സംഭവത്തിൽ അപാകത വെറും ആരോപണം മാത്രമാണെന്നും വിവാദത്തിന് പിന്നിൽ പുരാവസ്തു ഗവേഷണ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥരുടെ വിഴുപ്പലക്കലാണെന്നും വകുപ്പ് ഡയറക്ടർ പ്രേംകുമാർ മറുനാടൻ മലയോളിയോട് പറഞ്ഞു.

ശ്രീപാദം കൊട്ടാരത്തിൽ പൈതൃക മ്യൂസിയത്തിന്റെ നിർമ്മാണത്തിന്റെ പേരിൽ കൊട്ടാരം അനധികൃതമായി പൊളിക്കുന്നുവെന്നും കരാറിൽ പറഞ്ഞതനുസരിച്ചല്ല നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ കൊട്ടാരത്തിന്റെ ഒരു ഭാഗവും പൊളിച്ചിട്ടില്ലെന്നും മറിച്ച് കേടുപാടുള്ള ഭാഗങ്ങളുടെ അറ്റകുറ്റപണി ചെയ്യുക മാത്രമാണുണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏതന്വേഷണം നേരിടാനും ഏത് ചോദ്യത്തിനും ഉത്തരം നൽകാനും താൻ ബാദ്ധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

2007ൽ 1.83 കോടി രൂപ നൽകിയാണ് പുരാവസ്തു ഗവേഷണ വകുപ്പ് തിരുവതാംകൂർ രാജകുടുംബത്തിലെ സ്ത്രീ തലമുറയിൽപ്പെട്ടവർക്ക് മാത്രം അവകാശമുള്ള ശ്രീപാദം കൊട്ടാരം വാങ്ങിയത്. നാണയ ശേഖരണത്തിനായി മ്യൂസിയം തുടങ്ങാനെന്ന കരാറിലാണ് കൊട്ടാരത്തിന്റെ നാലുകെട്ടും കുളവും മുൻവശവുമടങ്ങുന്ന ഭാഗം അന്ന് വകുപ്പ് വാങ്ങിയത്. പുരാവസ്തു ഗവേഷണ വകുപ്പ് കൊട്ടാരം വാങ്ങുന്ന സമയത്ത് കെട്ടിടത്തിൽ ഫോർട്ട് പോസ്‌റ്റോഫീസ് പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നാൽ വകുപ്പ് ഈ കൊട്ടാരം വാങ്ങുമ്പോൾ തന്നെ പോസ്‌റ്റോഫീസ് ജീവനക്കാരും മറ്റും കൊട്ടാരത്തിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.

2007ൽ ശ്രീപാദം കൊട്ടാരം വാങ്ങിയ ശേഷമാണ് അതുവരെ ഹൗസിങ് ബോർഡിൽ പ്രവർത്തിച്ചിരുന്ന പുരാവസ്തു ഗവേഷണ വകുപ്പിന്റെ കാര്യാലയം കൊട്ടാരത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുന്നത്. 2013 നവംബറിൽ കാബിനറ്റ് തീരുമാന പ്രകാരം എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയങ്ങൾ ആരംഭിക്കാൻ തീരുമാനിക്കുകയും അതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പൈതൃക മ്യൂസിയം പണിയുന്നതിനായി പത്മനാഭസ്വാമീ ക്ഷേത്രത്തിന് സമീപമുള്ള ശ്രീപാദം കൊട്ടാരം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു ഇതിന്റെ ഭാഗമായി കൊട്ടാരത്തിന്റെ നാലുകെട്ടും കുളവും നവീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഒരു ഭാഗത്ത് പണി പുരോഗമിക്കുന്ന സമയത്താണ് അറ്റകുറ്റപണി പൂർത്തിയാക്കിയ സമീപത്തുള്ള സുന്ദരവിലാസം കൊട്ടാരത്തിലേക്ക് കഴിഞ്ഞ ഒക്ടോബറിൽ വകുപ്പ് കാര്യാലയം മാറ്റുന്നത്.

ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണങ്ങളുടെ പിന്നിൽ ചിലരുടെ സ്ഥാപിത താൽപര്യങ്ങൾ മാത്രമാണെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുരാവസ്തു ഗവേഷണ വകുപ്പിൽ അനധികൃത സംഭവവികാസങ്ങൾ അനവധിയാണെന്നാണ് ഒരു വിഭാഗം ജീവനക്കാർക്കിടയിൽ ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാനായത്. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത്പറയാൻ ആരും തയ്യാറായില്ല. അതിനിടെ ശ്രീപാദം കൊട്ടാരത്തിലെ പൈതൃക മ്യൂസിയം ഉദ്ഘാടനം നടത്തണമെന്ന ആവശ്്യം ഉയർന്നുവെങ്കിലും പകുതി മാത്രം പണി പൂർത്തിയായ മ്യൂസിയത്തിന്റെ ഉദ്ഘാടനം നടത്തുന്നത് സംബന്ധിച്ച് രണ്ടഭിപ്രായമുണ്ടായ സാഹചര്യത്തിൽ അത് ഉപേക്ഷിക്കുകയായിരുന്നു അതിനിടയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതും ഉദ്ഘാടനം നടത്തണം എന്ന തീരുമാനത്തിന് തിരിച്ചടിയായി.

വകുപ്പിന്റെ സൽപ്പേരിന് കോട്ടം തട്ടുന്ന രീതിയിൽ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ എണ്ണം പുരാവസ്തു ഗവേഷണ വകുപ്പിലും കുറവല്ല എന്നും അതോടൊപ്പം തന്നെ പരസ്പരമുള്ള പഴിചാരലും കുറവല്ല എന്നും തന്നെയാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ശ്രീപാദം കൊട്ടാരത്തിന്റെ വടക്കേ മന്ദിരത്തിന്റെ മുൻഭാഗമാണ് അറ്റകുറ്റപ്പണിയുടെ ഭാഗമായി പൊളിച്ചത്. പുരാവസ്തുവകുപ്പ് ഡയറക്ടറേറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പൈതൃകനാണയങ്ങളുടെ മ്യൂസിയം സ്ഥാപിക്കുകയാണ്. ഇതിന്റെ ഭാഗമായി കെട്ടിടം നവീകരിക്കുന്ന ജോലി ഒരു വർഷമായി നടക്കുന്നുണ്ട്. നവീകരണത്തിന്റെ മറവിൽ കെട്ടിടത്തിലും ഉള്ളിലെ മറ്റ് പൈതൃകമേഖലയിലും വ്യാപകമായ അഴിച്ചുപണി അധികൃതർ നടത്തുന്നതായി ആക്ഷേപമാണ് ഉയയർന്നത്.

സംരക്ഷിത സ്മാരകങ്ങൾക്ക് കേടുവരുത്തുന്നതും പുറമെ മറ്റൊരു നിർമ്മാണം നടത്തുന്നതും അനുവദനീയമല്ല. ഇതിന്റെ ലംഘനമാണ് ശ്രീപാദം കൊട്ടാരത്തിലുണ്ടായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം കെട്ടിടം പൊളിക്കുന്നത് തടസ്സപ്പെടുകയായിരുന്നു.