കോതമംഗലം: ആർട്ട് ഓഫ് ലിവിങ് പ്രവർത്തകർ കോതമംഗലം വാരപ്പെട്ടിയിൽ നിർമ്മിച്ചിട്ടുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ജ്ഞാനക്ഷേത്രം സവിശേഷതകളാൽ ശ്രദ്ധേയം. വാരപ്പെട്ടി പൊന്നാട്ടുകാവിനു സമീപത്തായി ഒരേക്കറോളം സ്ഥലത്ത് 6000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ജ്ഞാനക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

ക്ഷേത്രത്തിലെ 4000 ചതുരശ്ര അടി വിസ്തീർണമുള്ള ഹാളിൽ ഒരേ സമയം 500 പേർക്ക് ധ്യാനിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. വൃത്താകൃതിയിൽ നിർമ്മിച്ചിരിക്കുന്ന യോഗ ധ്യാന ഹാൾ തന്നെയാണ് ഇവിടത്തെ പ്രധാന ആകർഷണം.

ഹാളിൽ ധ്യാനത്തിലുള്ള 500 പേർക്കും നന്നായി കാറ്റ് ലഭിക്കത്ത തരത്തിൽ സ്ഥാപിച്ചിട്ടുള്ള ഭീമൻ ഫാൻ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നുണ്ട്. ആകെ ഹാളിലുള്ളത് ഈയൊരു ഫാൻ മാത്രമാണ്. യോഗയിലൂടെ ലഭിക്കുന്ന പോസിറ്റീവ് എനർജി ചോർന്നു പോകാത്ത വിധം ഈ ഹാളിന്റെ തറ തേക്കുമരം ഉപയോഗിച്ച് പാനൽ ചെയ്തിട്ടുമുണ്ട്. ഹാളിന്റെ ഉള്ളിലെ ചുമർ ചിത്രങ്ങൾ കലാസ്വാദകരുടെ മനം കവരുമെന്ന കാര്യത്തിൽ തർക്കമില്ല.

മുഖ്യകവാടവും ചുവരും തൂണുകളുമെല്ലാം മനോഹരങ്ങളായ കരിങ്കൽ ശിൽപ്പങ്ങളാൽ ആവരണം ചെയ്തിട്ടുണ്ട്. ഒന്നാം നിലയിൽ മൂവായിരം അടിയിൽ വൃത്താകൃതിയിലുള്ള ബാൽക്കണിയുമുണ്ട്. ജീവിതവിജയത്തിന്റെ അടിസ്ഥാന തത്വങ്ങളായ 5 ആർട്ട് ഓഫ് ലിവിങ് കോഴ്‌സ് പോയിന്റുകളുമായി നിൽക്കുന്ന ശ്രീ ശ്രീ രവശങ്കറിന്റെ ശിൽപ്പങ്ങളും മുകളിൽ പുറമെയായി സ്ഥാനം പിടിച്ചിട്ടുണ്ട്.

2014 ഡിസംബർ 8 നായിരുന്നു ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം. ത്യാഗസന്നദ്ധരായ ഒരുകൂട്ടം പ്രവർത്തകരുടെ ഭഗീരഥ പ്രയത്‌നമാണ് ക്ഷേത്രനിർമ്മാണത്തിന്റെ ചാലക ശക്തി. വൈകിട്ടോടെ സ്വന്തംജോലി കഴിഞ്ഞുമടങ്ങുന്ന പ്രവർത്തകർ കുടുംബസമേതം ഇവിടെയെത്തി രാത്രിയിൽ നിർമ്മാണത്തിൽ പങ്കാളിയായി പുലർച്ചെയാണ് വീട്ടിലേക്ക് മടങ്ങിയിരുന്നത്. ഈ സമയം അദ്ധ്യാപകരായ സേവകർ കുട്ടികളെ ഒന്നിച്ചിരുത്തി പാഠങ്ങൾ പഠിപ്പിക്കും. തേക്കുതടികൾ ഉൾപ്പെടെയുള്ള ക്ഷേത്ര നിർമ്മിതിക്കാവശ്യമായ ഒട്ടുമിക്ക ഉൽപ്പന്നങ്ങളും വിശ്വാസികൾ ഹൃദയപൂർവ്വം സമർപ്പിച്ചവയാണ്.

തനത് കേരളീയ വാസ്തുശിൽപ്പരീതിയും ആധുനിക നിർമ്മാണ ശൈലിയും ഇഴ ചേർത്തുള്ള ജ്ഞാനക്ഷേത്ര നിർമ്മിതി ഭാവിയിലെ ക്ഷേത്ര നിർമ്മാണ സങ്കൽപ്പങ്ങൾക്ക് പുതിയ മുഖം നൽകുമെന്നാണ് ആർട്ട് ഓഫ് ലിവിങ് പ്രവർത്തകരുടെ വിലയിരുത്തൽ. ഇന്നലെ ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ ക്ഷേത്രം നാടിന് സമർപ്പിച്ചു. ഉച്ചക്ക് വാരപ്പെട്ടിയിൽ നടന്ന ക്ഷേത്രസമർപ്പണ ചടങ്ങിലും വൈകിട്ട് പുതുപ്പാടി കനേഡിയൻ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ആനന്ദോത്സവത്തിലും സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് ശ്രീ ശ്രീ ഭക്തർ പങ്കെടുത്തു. പതിവുശൈലി വിട്ട് മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലുമായി ശ്രീ ശ്രീ നടത്തിയ പ്രഭാഷണം അനുയായികളുടെ ആഹ്‌ളാദം വാനോളമുയർത്തി. സംസാരത്തിനിടെ ഇദ്ദേഹത്തിന്റെ മലയാള പദപ്രയോഗം ഇടക്ക് മുറിഞ്ഞപ്പോൾ പൂർത്തീകരിക്കാൻ സദസ്യർ മത്സരിച്ചത് കൗതുകകരമായി.

എവിടെയും സന്തോഷത്തിന്റെ അലകളാണ് ഉയരേണ്ടത്. ജ്ഞാനക്ഷേത്രത്തിന്റെയും സദ്‌സംഗത്തിന്റെയുമൊക്കെ ലക്ഷ്യം ഇതാണ്. ദുഃഖത്തിന്റെ അശ്രുകണങ്ങൾ കാണാൻ എനിക്ക് താല്പര്യമില്ല. ഹിംസയില്ലാത്ത ലോകം, ഭ്രമമില്ലാത്ത മനസ്സ് , മുൻവിധികളില്ലാത്ത ബുദ്ധി, ദുഃഖമില്ലാത്ത മനസ്സ് എന്നിവയാണ് നമുക്ക് ആവശ്യം. ഇതിനായി നാം ഒത്തൊരുമിക്കണം. കനേഡിയൻ സ്‌കൂളിൽ നടന്ന ആനന്ദോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ ശ്രീ രവിശങ്കർ വ്യക്തമാക്കി.' ചക്ക തിന്നുകൊണ്ട് വെറുതെ വീട്ടിലിരുന്നാൽ വണ്ണം വയ്ക്കും. അപ്പോ മനസ്സും എവിടെയോ പോകും. താമസിയാതെ സമാധാനവും നഷ്ടമാവും'. വ്യായാമം ചെയ്യേണ്ട ആവശ്യകതയെ ചൂണ്ടിക്കാട്ടിയുള്ള ശ്രീ ശ്രീയുടെ വാക്കുകൾ ചിന്തക്കപ്പുറം ചിരിക്കും വകനൽകുന്നതായി.

വടക്കേ ഇന്ത്യയിൽ താൻ ആയുർവ്വേദത്തിന്റെ പ്രചാരകനായിമാറിയതും അദ്ദേഹം ഇവിടെ അനുസ്മരിച്ചു. 1979 -80 കാലഘട്ടത്തിൽ താൻ കേരളത്തിലെത്തി ഇവിടെയുണ്ടായിരുന്ന പഞ്ചകർമ്മ വിദഗ്ധരായ വൈദ്യന്മാരെ ഡൽഹിക്ക് കൊണ്ടുപോയെന്നും തുടർന്ന് വസന്ത് വിഹാറിൽ എം ബി ബി എസ് ഡോക്ടർമാരെയും പങ്കെടുപ്പിച്ച് സംവാദം സംഘടിപ്പിച്ചെന്നും ഇതിനുശേഷമാണ് ഇവിടെ ആയുർവ്വേദം അറിയപ്പെട്ടുതുടങ്ങിയതെന്നുമായിരുന്നു ഇതു സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.