അടൂർ: വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച സ്വകാര്യ ബസ് ഡ്രൈവർ പൊലീസ് പിടിയിലായി. കരുനാഗപ്പള്ളി തഴവാ കുറ്റിപ്പുറം സ്വദേശി ചീരൻ കുളത്ത് പുത്തൻവീട്ടിൽ നൗഷാദി (30)നെയാണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്. വനിതാ ഡോക്ടർ ഇയാളുടെ ലൈംഗിക ചേഷ്ടകൾ സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട ബസ് സ്റ്റാന്റിൽ വച്ച് ആളുകൾ വളഞ്ഞപ്പോൾ താനല്ലന്നും സംഭവം അറിഞ്ഞ് പുതിയ ഡ്രൈവറായി എത്തിയ ആളാണെന്നും പറഞ്ഞ് തടി തപ്പുകയായിരുന്നു. അതേ സമയം ശ്രീദേവി ബസിന്റെ മറ്റൊരു ഡ്രൈവർക്ക് ആളുമാറി നാട്ടുകാരുടെ തല്ല് കിട്ടിയിരുന്നു. നൗഷാദ് ഓടിച്ചിരുന്ന ബസായ കെ.എൽ.23. ഇ.9131 എന്ന നമ്പരിന്റെ അതേ സാമ്യമുള്ള കെ.എൽ.23.ബി. 9131 എന്ന ബസിലെ ഡ്രൈവർക്കാണ് മർദ്ധനമേറ്റത്.

കഴിഞ്ഞ ദിവസമാണ് വനിതാ ഡോക്ടറുടെ നേരെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി പൊലീസിന് ലഭിച്ചത്. കരുനാഗപ്പള്ളി - പത്തനംതിട്ട സർവ്വീസ് നടത്തുന്ന ശ്രീദേവി മോട്ടോർസിന്റെ കെ.എൽ.23.ഇ-9131 എന്ന ബസിലെ ഡ്രൈവർക്കെതിരെയാണ് അപമാനിക്കപ്പെട്ട വനിതാ ഡോക്ടർ പരാതിപ്പെട്ടത്.

കൊല്ലം സ്വദേശിനിയായ ഡോക്ടർ പത്തനംതിട്ടയിലെ ഗവ:ആയുർവേദ ഹോസ്പിറ്റലിലാണ് ജോലി. സ്ഥിരമായി ഈ ബസിലാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം അടൂരിൽ നിന്നും കയറിയ ഡോക്ടർ ഡ്രൈവർ സീറ്റിന് തൊട്ടുപിറകുവശത്തുള്ള സീറ്റിലാണ് ഇരുന്നത്. കയറിയപ്പോൾ മുതൽ ഡ്രൈവർ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു വെന്നും ഇടയ്ക്ക് ഒരു കുപ്പിയിൽ വിരൽ കയറ്റി കാണിക്കുകയും ചെയ്തു. അപ്പോൾ യാതൊരസ്വാഭാവികതയും തോന്നിയിരുന്നില്ലെന്ന് വനിതാ ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ ഡ്രൈവർ സീറ്റിന്റെ വശത്ത് പിടിച്ചു കൊണ്ട് പിറകിലേക്ക് വിരൽ ചലിപ്പിച്ച് അശ്ലീലത കാണിക്കുകയായിരുന്നു. ഇത് പല തവണ തുടർന്നതോടെയാണ് മൊബൈലിൽ പകർത്തിയതെന്ന് അവർ പറഞ്ഞു.

ബസിൽ നിന്നും ഇറങ്ങിയ ഇവർ വാഹനത്തിന്റെ നമ്പർ കുറിച്ചെടുക്കുകയും സുഹൃത്തായ ഡോക്ടറോട് താൻ നേരിട്ട അപമാനം വെളിപ്പെടുത്തുകയും ചെയ്തു. പൊലീസിൽ പരാതിപ്പെടാൻ നിർദ്ധേശിച്ച സുഹൃത്തായ ഡോക്ടർ ദൃശ്യങ്ങളടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് വനിതാ ഡോക്ടർ പത്തനംതിട്ട പൊലീസ് മേധാവിക്കും ആർ.ടി.ഓ യ്ക്കും പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് പത്തനംതിട്ട മേധാവി എബി ജോൺ നൗഷാദിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്‌പ്പെന്റ് ചെയ്തു.

ജില്ലാ പൊലീസ് മേധാവി അടൂർ ഡി.വൈ.എസ്‌പിക്ക് പരാതി കൈമാറുകയും കൊടുമൺ പൊലീസ് കേസെടുക്കുകയുമായിരുന്നു. അടൂർ ഡി.വൈ.എസ്‌പി ജോൺ, കൊടുമൺ അഡീഷണൽ എസ്.ഐ രാജീവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഡോക്ടർ നൽകിയ പരാതി ഇങ്ങനെ:

നമസ്‌കാരം,

ഞാൻ ഡോ. xxx രാവിലെ ഒമ്പതരയോട് കൂടി അടൂർ നിന്ന് പത്തനംതിട്ട കൊടുമണിലേക്ക് സർവ്വീസ് നടത്തുന്നതായ കെ.എൽ.23.ഇ-9131 നമ്പർ ശ്രീദേവി ബസിലെ സ്ഥിരം യാത്രക്കാരി. ഇന്ന് ഡ്രൈവറുടെ തൊട്ട് പുറകിലുള്ള സീറ്റിൽ ആണ് ഇരുന്നിരുന്നത്. കയറിയപ്പോൾ മുതൽ ഡ്രൈവർ ഇടയ്ക്കിടെ റിയർ വ്യൂ മിററിലൂടെ ഇടയ്ക്കിടെ നിരീക്ഷിച്ചുകൊണ്ട് വലതുകൈ പിന്നിലേക്കാക്കി ചില ആംഗ്യങ്ങൾ കാണിക്കാൻ തുടങ്ങി.ആദ്യം ഡ്രൈവിങ് സീറ്റിനടിയിൽ അടപ്പില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കുപ്പിയിൽ ഇടയ്ക്കിടെ വിരലിട്ടു കാണിച്ചു.

ഇതിലെ അശ്ലീലച്ചുവ മനസ്സിലാകാതിരുന്ന എന്നെ പിന്നീടയാൾ കുപ്പിയിൽ നിന്ന് കൈ ഉയർത്തി നടുവിരൽ മടക്കി വ്യക്തമായ അശ്ലീല ആംഗ്യം കാണിച്ചു. യാത്രയിലുടനീളം ഇത് തുടർന്നപ്പോൾ മറ്റൊന്നും ചെയ്യാൻ നിർവ്വാഹമില്ലാതെ ഭയന്ന് പോയ ഞാൻ ഇയാളുടെ ചെയ്തികൾ വീഡിയോയിൽ ചിത്രീകരിക്കുകയും വണ്ടി നമ്പരടക്കം ഫോട്ടോയെടു ത്തു. ഇതേത്തുടർന്ന് ഞാനീ സംഭവം എന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ വീഡിയോ അടക്കം പങ്ക് വച്ചിരുന്നു. അത് ശ്രദ്ധയിൽപെട്ട് വിളിച്ച ഒരു മാധ്യമപ്രവർത്തകനാണ് ഈ വിലാസത്തിൽ പരാതി അയക്കാൻ പറഞ്ഞത്. ദിവസേന രാവിലെ ഒട്ടേറെ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളടക്കം യാത്ര ചെയ്യുന്ന ഈ ബസ്സിൽ ഇതിയാളുടെ സ്ഥിരം ചെയ്തിയാകാം എന്നതിനാൽ അടിയന്തിരമായി നടപടിയെടുക്കണമെന്ന് അപേക്ഷിക്കുന്നു. വീഡിയോയും ചിത്രവും ഹാജരാക്കാവുന്നതാണ്.

ഡോക്ടറുടെ സുഹൃത്ത് നൽകിയ പരാതി ഇങ്ങനെ

ഈ അവഹേളനം നേരിട്ടത് പത്തനംതിട്ട ജില്ലാ ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്യുന്ന എന്റെ സീനിയറായ വനിതാ ആയുർവേദ ഡോക്ടർക്കാണ്. നേരിട്ട് പ്രതികരിക്കാനോ പരാതി നൽകാനോ ഭയമായതിനാലാണ് അവരെന്നോട് സഹായം ആവശ്യപ്പെട്ടത്. രാവിലെ ഒമ്പതരയോട് കൂടി അടൂർ നിന്ന് പത്തനംതിട്ട കൊടുമണിലേക്ക് സർവ്വീസ് നടത്തുന്നതായ കെ.എൽ.23.ഇ-9131 നമ്പർ ശ്രീദേവി ബസിലെ സ്ഥിരം യാത്രക്കാരിയാണ് ഈ ഡോക്ടർ.

ഇന്ന് ഡ്രൈവറുടെ തൊട്ട് പുറകിലുള്ള സീറ്റിലാണവർ ഇരുന്നിരുന്നത്. കയറിയപ്പോൾ മുതൽ ഡ്രൈവർ ഇടയ്ക്കിടെ റിയർ വ്യൂ മിററിലൂടെ ഇടയ്ക്കിടെ നിരീക്ഷിച്ചുകൊണ്ട് വലതുകൈ പിന്നിലേക്കാക്കി ചില ആംഗ്യങ്ങൾ കാണിക്കാൻ തുടങ്ങിയതായി പരാതിക്കാരി പറയുന്നു. ആദ്യം ഡ്രൈവിങ് സീറ്റിനടിയിൽ അടപ്പില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കുപ്പിയിൽ ഇടയ്ക്കിടെ വിരലിട്ടു കാണിച്ചതായി പറയുന്നു. ഇതിലെ അശ്ലീലച്ചുവ മനസ്സിലാകാതിരുന്ന ഡോക്ടറെ പിന്നീടയാൾ കുപ്പിയിൽ നിന്ന് കൈ ഉയർത്തി നടുവിരൽ മടക്കി വ്യക്തമായ അശ്ലീല ആംഗ്യം കാണിച്ചു.

യാത്രയിലുടനീളം ഇത് തുടർന്നപ്പോൾ മറ്റൊന്നും ചെയ്യാൻ നിർവ്വാഹമില്ലാതെ ഭയന്ന് പോയ ഡോക്ടർ ഇയാളുടെ ചെയ്തികൾ വീഡിയോയിൽ ചിത്രീകരിക്കുകയും വണ്ടി നമ്പരടക്കം ഫോട്ടോയെടുത്ത് കൈമാറി എന്നോട് സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ഞാനീ സംഭവം എന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ വീഡിയോ അടക്കം പങ്ക് വച്ചിരുന്നു. അത് ശ്രദ്ധയിൽപെട്ട് വിളിച്ച ഒരു മാധ്യമപ്രവർത്തകനാണ് ഈ വിലാസത്തിൽ പരാതി അയക്കാൻ പറഞ്ഞത്.

ദിവസേന രാവിലെ ഒട്ടേറെ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളടക്കം യാത്ര ചെയ്യുന്ന ഈ ബസ്സിൽ ഇതിയാളുടെ സ്ഥിരം ചെയ്തിയാകാം എന്നതിനാൽ അടിയന്തിരമായി നടപടിയെടുക്കണമെന്ന് അപേക്ഷിക്കുന്നു. വീഡിയോയും ചിത്രവും ഹാജരാക്കാവുന്നതാണ്.