മുംബൈ: ദുബായിൽ ബാത്ത് ടബ്ബിൽ നടി ശ്രീദേവി മുങ്ങിമരിച്ച സംഭവത്തിൽ അഭ്യൂഹങ്ങൾ പകരുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി ഉറ്റ സുഹൃത്ത്. പുറത്തുവരുന്ന ദുരൂഹതകളെ തള്ളുന്ന വിധത്തിലാണ് അവരുടെ പ്രതികരണം. ദുബായിലേക്ക് പോകുമ്പോൾ തന്നെ ശ്രീദേവിക്ക് ശാരീരിക സുഖമില്ലായിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തൽ. മരണകാരണം സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടയിൽ ശ്രീദേവിയുടെ ബാല്യകാലം മുതലുള്ള സുഹൃത്ത് പിങ്കി റെഡ്ഡിയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ശാരീരിക സുഖമില്ലാതെയാണ് ശ്രീദേവി ബോണികപൂറിന്റെ ബന്ധു മോഹിത് മാർവയുടെയും അന്തരാ മോത്തിവാലയുടെയും വിവാഹ ചടങ്ങുകൾക്കായി പോയത്. ദുബായിലേക്ക് പോയ ദിവസം രണ്ടുപേരും തമ്മിൽ ഫോണിലൂടെ സംസാരിച്ചിരുന്നു. പനി കാരണമുള്ള അസ്വസ്ഥതകളിൽ താരം വിഷമിക്കുന്നുണ്ടായിരുന്നു. ആന്റി ബയോട്ടിക്കുകളും കൊണ്ടു പോയിരുന്നു. കടുത്ത ക്ഷീണത്തിലായിരുന്നു താരം വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തതെന്നും ഇവർ വ്യക്തമാക്കി.

ഫെബ്രുവരി 24 ന് സഞ്ജയ് കപൂറായിരുന്നു താരത്തിന്റെ മരണം സംബന്ധിച്ച ആദ്യ സ്ഥിരീകരണം നടത്തിയത്. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാൽ താരം മുങ്ങിമരിക്കുകയായിരുന്നെന്ന് തിങ്കളാഴ്ച ദുബായ് പൊലീസ് വ്യക്തമാക്കി. ഹോട്ടലിലെ ബാത്ത് ടബ്ബിൽ കുളിക്കാൻ കയറിയ താരം അബോധാവസ്ഥയിൽ മുങ്ങി മരിക്കുകയായിരുന്നെന്നായിരുന്നു വിവരം. മരണം സംബന്ധിച്ച സാഹചര്യ തെളിവുകൾ വെച്ചുള്ള അന്വേഷണത്തിന് ശേഷം ദുബായ് പൊലീസ് കഴിഞ്ഞ ദിവസം ശ്രീദേവിയുടെ ഭൗതീകശരീരം വിട്ടു നൽകുകയായിരുന്നു.

കുടുംബവുമായി ബന്ധപ്പെട്ട് ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളെ തള്ളുന്നതായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. ദുരൂഹതകൾ ഉണ്ടെങ്കിലും ദുബായ് പൊലീസ് അന്വേഷണം അവസാനിപ്പിച്ച കേസ് ഇനി ആരും പുനരന്വേഷിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ സ്വാഭാവിക മരണമായി ശ്രീദേവിയുടെ മരണം ചരിത്ര പുസ്തകങ്ങളിൽ ഇടം നേടും. പക്ഷേ വിവാദം ഒരിക്കലും തീരുകയുമില്ല.

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിൽ സംശയം വിട്ടൊഴിയാതെ പ്രമുഖർ. നടിയുടെ മരണം കൊലപാതകമാണെന്ന് ബിജെപി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. അധോലാകത്തിന്റെ ഇടപെടലിലും സ്വമാിക്ക് സംശയമുണ്ട്. നടി വീര്യം കൂടിയമദ്യം കഴിക്കാറില്ലെന്ന് രാജ്യസഭാംഗമായ അമർ സിങ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനു പിന്നാലെയായിരുന്നു അമർ സിങ്ങിന്റെ പ്രതികരണം. ശ്രീദേവിയുടെ കുടുംബസുഹൃത്ത് കൂടിയാണ് അദ്ദേഹം. ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയുമാണ് സംവിധായകൻ രാം ഗോപാൽ വർമ പ്രതികരിച്ചത്. ശ്രീദേവിയുടെ ആരാധകർക്ക് അവർ ഏറെ പ്രിയപ്പെട്ടയാളാണ്. ആരേയും വേദനിപ്പിക്കുകയല്ല തന്റെ ഉദ്ദേശ്യം. എന്നാൽ 'ലേഡി സൂപ്പർ സ്റ്റാറി' ന്റെ മരണത്തിന്റെ പിന്നാമ്പുറകഥകൾ അവർക്ക് അറിയേണ്ടതുണ്ട് - അദ്ദേഹം പറയുന്നു.

മാത്രമല്ല, ശ്രീദേവി നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ഫേസ്‌ബുക്കിൽ 'മൈ ലവ് ലെറ്റർ ടു ശ്രീദേവി ഫാൻസ്' എന്ന തലക്കെട്ടിൽ ഒരു കത്തും രാം ഗോപാൽ വർമ പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ സിനിമാക്കാരും രാഷ്ട്രീയക്കാരും ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത ആരോപിക്കുകയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നഷ്ടമായത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകുന്നുണ്ട്. ദാവൂദിന്റെ ഇടപെടലുകൾ ചർച്ചയാതോടെയാണ് അന്വേഷണം ദുബായ് പൊലീസ് അവസാനിപ്പിച്ചതെന്ന ആരോപണും ഉയരുന്നു.

മാധ്യമങ്ങളും ചർച്ച തുടരുകയാണ്. അബോധാവസ്ഥയിൽ ശ്രീദേവിയുടെ മുങ്ങിമരണം. എന്താണ് അബോധാവസ്ഥയ്ക്കു കാരണമെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. . ദുബായിലേക്ക് അടിയന്തര യാത്ര വേണമെന്നു ബോണി കപൂർ ഒരു സുഹൃത്തിനോടു പറഞ്ഞതായി സൂചനയുണ്ട്. 'സർപ്രൈസ് വിസിറ്റ്, ഡിന്നർ' എന്നിവ മറയാക്കി ബോണി എന്തെങ്കിലും ഒളിക്കുന്നുണ്ടോ എന്നതും ചർച്ചയാകുന്നു. എമിറേറ്റ്സ് ടവറിൽ ഒറ്റയ്ക്കായിരുന്ന ദിവസങ്ങളിൽ ശ്രീദേവി പുറത്തിറങ്ങിയില്ലേ? ഇല്ലെങ്കിൽ എന്തുകൊണ്ടെന്നതും നിർണ്ണായകമാണ്. ബാത് ടബ്ബിൽ നിന്നു ശ്രീദേവിയുടെ മൃതശരീരം പുറത്തെടുത്തത് ആര്? ബോണിയോ പൊലീസോ എന്ന ചോദ്യവും സംശയത്തിന് ഇടനൽകുന്നു. ശ്രീദേവിയുടെ മരണം അറിഞ്ഞ ശേഷവും. ബോണി കപൂർ പൊലീസിനെ വിളിക്കാൻ രണ്ടര മണിക്കൂറിലധികം വൈകിയത് എന്തുകൊണ്ടെന്നും ചർച്ചകളിൽ വിഷയമാകുന്നു.