തിരുവനന്തപുരം: സഹോദരന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് ഒരു വർഷത്തോളമായി സെക്രട്ടേറിയേറ്റ് പടിക്കൽ പകൽ നിരാഹാരമിരിക്കുകയാണ് ശ്രീജിത്ത്. നെയ്യാറ്റിൻകര വ്‌ളാത്താങ്കര സ്വദേശി ശ്രീജിവിന്റെ മരണം സ്വാഭാവികമല്ലെന്നും മറിച്ച് പൊലീസ് നടത്തിയ കൊലപാതകമാണെന്നാണ് കുടുംബം ആദ്യം മുതൽ തന്നെ ആരോപിക്കുന്നത്. 2014 മെയ്‌ 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്. 

2015 മെയ്‌ മുതലാണ് സഹോദരൻ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയൽവാസിയായ പെൺകുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് എറണാകുളത്തേക്ക് മൊബൈൽ റിപ്പയറിംങ്ങ് ഷോപ്പിൽ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല.

2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നൽകിയ വിശദീകരണം. ശ്രീജിവ് എത്തിയാൽ ഉടൻ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറിൽ വച്ച് പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ അന്വേഷച്ചെങ്കിലും അവർക്ക് അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

തുടർന്ന് തൊട്ടടുത്ത ദിവസം പാറശ്ശാല സ്റ്റേഷനിലെ രണ്ടു പൊലീസുകാർ വീട്ടിലെത്തി ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചുവെന്നും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അറിയിച്ചു. തുടർന്ന് ആശുപത്രയിലെത്തിയപ്പോൾ കണ്ടത് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കിടക്കുന്ന ശ്രീജിവിനെയാണ്. എന്തിനാണ് പാറശ്ശാല പൊലീസ് തങ്ങളുടെ അതിർത്തിയിൽ പെടാത്ത സ്ഥലത്തുനിന്നും പെറ്റിക്കേസെന്നു പറഞ്ഞ ശേഷം പൊലീസ് പിടികൂടിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പൊലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നും സഹോദരൻ ആരോപിക്കുന്നു.

ശ്രീജിവിന്റെ മരണമൊഴി പോലും പൊലീസ് തടഞ്ഞുവെന്നും പൊലീസ് കസ്റ്റഡിയിൽ പൊലീസ് നിഷ്‌കരുണം മർദ്ദിച്ചുവെന്നും സഹോദരൻ ആരോപിക്കുന്നു. ശ്രീജിവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ രാജീവ് തന്നെയാണ് വിളിച്ചുവരുത്തിയ ശേഷം ശ്രീജിവിനെ പൊലീസിനു ഒറ്റുകൊടുത്തതെന്നും കുടുംബം ആരോപിക്കുന്നു.തൊട്ടടുത്ത ദിവസം പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ ശേഷം മാത്രമാണ് ശ്രീജിവിന്റെ മൃതദേഹം പോലും കുടുംബത്തിനു വിട്ടുകിട്ടിയത്. പെൺകുട്ടിയുടെ ചില ബന്ധുക്കൾ പൊലീസിലാണെന്നും ഇവരുടെ ഇടപെടലോടെയാണ് കൊല നടന്നതെന്നും കുടുംബം ആരോപിക്കുന്നു.

പൊലീസിൽ നിന്നും ക്രൂര മർദ്ദനമേറ്റെങ്കിലും പോസ്റ്റ്മാർട്ടം റിപ്പോർട്ട് പോലും അവർക്കനുകൂലമായാണ് എഴുതിയതെന്നും ആരോപണമുണ്ട്. ഇപ്പോൾ ക്രൈം ബ്രാഞ്ചാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ നീതി കിട്ടില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് തന്റെ ആവശ്യമെന്നും സഹോദരൻ ശ്രീജിത്ത് പറയുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീജിത്ത് പറയുന്നു.