മൈസൂർ: കോവിഡ് മഹാമാരി പല പ്രമുഖരുടെയും ജീവനെടുത്തു താണ്ഡവം തുടരുകയാണ്. ഇക്കൂട്ടത്തിൽ ബിസിനസ് ലോകത്തിന്റെ നഷ്ടമായി പ്രമുഖ ട്രാവൽസ് ഉടമയും. എസ് ആർ എസ് ട്രാൻസ്പോർട്സ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ കെ ടി രാജശേഖറാ (78)ണ് കോവിഡിന്റെ പിടിയിൽ നിര്യാതനായത്. കോവിഡ് ബാധിച്ച ശേഷം ചികിത്സയിൽ കഴിയവേയായിരുന്നു അദ്ദേത്തിന്റെ അന്ത്യം. കേരളത്തിലേക്ക് അടക്കം നിരവധി സർവീസ് നടത്തുന്ന സ്വകാര്യ ട്രാൻസ്‌പോർട്ട് ബസുകൾ ഇദ്ദേഹത്തിന്റെ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്.

സാധാരണക്കാരിൽ സാധാരണക്കാരനായ രാജശേഖരൻ സ്വപ്രയത്ന്നം കൊണ്ടാണ് വൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. 1971 ൽ ആരംഭിച്ച കമ്പനിയുടെ സ്ഥാപകനും മാനജിങ് ഡയറക്ടറുമായിരുന്നു രാജശേഖർ. രാമനഗരം ജില്ലയിലെ മഗഡിയിൽ 1943 സെപ്റ്റംബർ 17 നാണ് അദ്ദേഹം ജനിച്ചത്. ഓടോമൊബൈൽ ഡിപ്ലോ കോഴ്സ് പൂർത്തിയാക്കി ടൂറിസ്റ്റ് ബുകിങ് ഏജന്റ്, ട്രാവൽ ഏജന്റ് തുടങ്ങിയ നിരവധി ജോലികൾ ചെയ്തിരുന്നു.

ട്രാൻസ്‌പോർട്ട് മേഖലയിൽ അനുഭവപരിചയം വന്നതോടെയാണ് ഇദ്ദേഹം സ്വന്തം നിലയിൽ പ്രവർത്തനം തുടങ്ങിയത്. എസ്എആർഎസ് ട്രാവൽസിന്റെ തുടക്കം ഒരു ബസിൽ നിന്നുമായിരുന്നു. അന്ന് അധികം പ്രതീക്ഷകളൊന്നും രാജശേഖറിന് ഉണ്ടായിരുന്നില്ല. എന്നാൽ, അതിവേഗം കമ്പനി വളർന്നു. ഒരു ബസിൽ നിന്നും രണ്ടും പത്തും നൂറുമായി കാലാകാലങ്ങളിൽ ബസുകൾ വർധിച്ചു. ഇപ്പോൾ എസ്ആർഎസിന് കീഴിൽ 3000-ലധികം ബസുകളുണ്ട്. ഈ ബസുകളിലായി നാലായിരത്തിൽ അധികം ജീവനക്കാർ ജോലി നോക്കുകയും ചെയ്യുന്നു.

400 കോടിയിലധികം രൂപയുടെ സമ്പാദ്യമാണ് അദ്ദേഹത്തിന് ഉള്ളത്. വിറ്റുവരവ് പ്രതിവർഷം 1200 കോടി രൂപയാണ്. ബസ് ഓപറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ കൂടിയാണ് കെ ടി രാജശേഖർ. ട്രാൻസ്‌പോർട്ട് രംഗത്ത് ലോറികളും വാനുകളും അടക്കം ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യമായിരുന്നു രാജശേഖരന്റേത്. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, കേരളം, മഹാരാഷ്ട്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം എസ്ആർഎസ് ട്രാവൽസ് വ്യാപിച്ചു കിടക്കുന്നു.

മകൾ മേഘയും ഭർത്താവ് ദീപക്കുമാണ് അടുത്തകാലത്തായി ബിസിനസ് നടത്തിവരുന്നത്.