- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നെ മണി ചെയിനിൽ ബന്ധപ്പെടുത്തിയ വ്യക്തികൾ ഇന്ന് ഹാപ്പിയായി നടക്കുന്നു; എന്തു കൊണ്ട് എനിക്കു മാത്രം.. ഒരിക്കലും കരഞ്ഞു കൊണ്ട് നിങ്ങളുടെ മുന്നിൽ വരില്ലെന്ന് കരുതിയതാണ്'; ദുബായ് ബുർജ് മാൾ കേന്ദ്രമാക്കി ക്യൂനെറ്റ് മണി ചെയിനിന്റെ ഭാഗമായ ശ്രുതി തമ്പി ഒടുവിൽ കണ്ണീരുമായി ടിക് ടോക്കിൽ; ടീം ഓഷ്യന്റെ തട്ടിപ്പിനെ കുറിച്ചു കുറ്റസമ്മതം; നിറയുന്നത് സെലബ്രിറ്റി ടിക് ടോക്കറെയും മണിചെയിൻ അമരക്കാർ കബളിപ്പിച്ചെന്ന സൂചന
തിരുവനന്തപുരം: പ്രവാസികൾ ഗൾഫ് നാടുകളിൽ മലയാളികള ലക്ഷ്യമാക്കി തടിച്ചു കൊഴുക്കുന്ന മണിചെയിൻ തട്ടിപ്പുകാരെ കുറിച്ചു മറുനാടൻ മലയാളി കുറച്ചു കാലം മുമ്പു ചെയ്ത വാർത്ത മാധ്യമങ്ങളെല്ലാം ഏറ്റെടുത്തിരുന്നു. പ്രവാസി ചെറുപ്പക്കാരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പിന്റെ വിശദാംശങ്ങൾ സഹിതമായിരുന്നു മറുനാടൻ വാർത്ത. ദുബായ് ബുർജ് മാൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്യൂനെറ്റ്് മണി ചെയിനിന്റെ ഭാഗമായി ഒരു സംഘം മലയാൡകൾ തന്നെ തട്ടിപ്പു നടത്തുകയായിരുന്നു. ഈ തട്ടിപ്പിന്റെ പിന്നിൽ പ്രവർത്തിച്ചവർ ഏറെയുണ്ടെങ്കിലും പുറമേ മുഖമായി നിന്നത് ശ്രുതി തമ്പി എന്ന ടിക്ക്ടോക്ക് സെലബ്രിറ്റിയായിരുന്നു.
ശ്രുതി തമ്പിയുടെ ഇടപെടലിനെ കുറിച്ചും എങ്ങനെയാണ് എന്ന് അന്ന് മറുനാടൻ വാർത്തയിൽ കൃത്യമായി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതെല്ലാം തുടക്കത്തിൽ നിഷേധിച്ചെങ്കിലും പിന്നീട് മറ്റു മാധ്യമങ്ങളിലും വാർത്തകൾ വന്നതോടെ ക്യൂനെറ്റ് മണി ചെയിൻ തട്ടിപ്പു തകർന്നു. ഇതോടെ നിരവധി യുവാക്കളാണ് പണം നഷ്ടമാകാതെ രക്ഷപെടുകയും ചെയ്തു. ഇതിനിടെ ശ്രുതി തമ്പി വിവാദങ്ങളെ തുടർന്ന് ക്യൂ നെറ്റ് വിടുന്നായി സൈബർലോകത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആരെയും കബളിപ്പിക്കാൻ ഇല്ലെന്ന് പറഞ്ഞു കൊണ്ടാണ് ശ്രുതി തമ്പി ക്യൂനെറ്റുമായുള്ള ബന്ധം വിച്ഛേദിച്ചത്. ടീം ഓഷ്യന്റെ പേരിലായിരുന്നു ക്യൂനെറ്റിന്റെ പേരിൽ ശ്രുതിയും കൂട്ടരും തട്ടിപ്പുനടത്തിയത്.
ഇപ്പോൾ ടിക്ക് ടോക്കിലൂടെ കണ്ണീരൊഴുക്കി രംഗത്തു വന്നിരിക്കയാണ് ശ്രുതി തമ്പി. ക്യൂനെറ്റിന്റെ ഭാഗമായതിന്റെ പേരിൽ താൻ സൈബർ ഇടത്തിൽ അടക്കം ആക്രമിക്കപ്പെടുകയും ട്രോളിംഗിന് ഇരയാകുകയും ചെയ്യുന്നു എന്നാണ് കണ്ണീരുമായി ശ്രുതി തമ്പി പറയുന്നത്. ക്യൂനെറ്റിന്റെ അണിയറക്കാരായി നിന്നവർക്കെതിരെയും ശ്രുതിയുടെ വാക്കുകളിലുണ്ട്. എന്നെ ഇന്ന് മണി ചെയിനിൽ ബന്ധിപ്പിട്ട വ്യക്തികൾ ഇന്ന് ഹാപ്പിയായി നടക്കുകയാണെന്നും എന്നിട്ടും എനിക്ക് മാത്രം ട്രോളുകളെന്നും പറഞ്ഞാണ് യുവതി കണ്ണീരൊഴുക്കുന്നത്.
ശ്രുതി തമ്പി ഇങ്ങനെ കണ്ണീരൊഴുക്കി രംഗത്തുവരണം എന്നു ഒരിക്കലും കരുതിയിരുന്നില്ലെന്നും അവർ വീഡിയോയിൽ പറയുന്നു. ഒരിക്കൽ തട്ടിപ്പു നടത്തുന്ന മണി ചെയിനിന്റെ ഭാഗമായതിന്റെ പേരിലാണ് ഇതെന്നും തന്നെ ഇതിലേക്ക് എത്തിച്ചവർക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും ശ്രുതി തമ്പി വീഡിയോയിൽ കൃത്യമായി സൂചിപ്പിക്കുന്നു. ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ടെങ്കിലും അതെക്കുറിച്ചു പോലും ആളുകൾ മോശം പറയുന്നു എന്നാണ് ശ്രുതിയുടെ പരാതി. രണ്ട് വർഷമായി ട്രോളുകളും വിമർശനങ്ങളും നേരിടുന്നു എന്നും ശ്രുതി തമ്പി കണ്ണീരുമായി പറയുന്നു. തന്റെ കരച്ചിൽ കണ്ട് സന്തോഷിക്കുന്ന ഒരുപാട് ആൾക്കാരുണ്ടാകുമെന്നും യുവതി പറയുന്നു. ക്യൂനെറ്റിന്റെ ഭാഗമായി നിന്നവർ തന്നെയും കബളിപ്പിച്ചു എന്ന സൂചനയാണ് ശ്രുതി തമ്പിയുടെ വാക്കുകളിലുള്ളത്.
തട്ടിപ്പു പുറത്തായപ്പോൾ ഏജന്റുമാരെ പുറത്താക്കിയ ക്യൂനെറ്റ്
ക്യൂ നെറ്റിന്റെ പേരിൽ തട്ടിപ്പ് നടത്തിയ നാനൂറു സ്വതന്ത്ര ഏജന്റുമാരെ തങ്ങൾ പുറത്താക്കിയെന്നാണ് ശ്രുതി തമ്പിയും വരുണും താഹിറും അടങ്ങുന്നവർ നടത്തിയ തട്ടിപ്പു പുറത്തുവന്നപ്പോൾ ക്യനെറ്റ് അറിയിച്ചത്. ദുബായിലെ വാർത്താ പത്രത്തിൽ ഒന്നാം പേജിൽ നൽകിയ പരസ്യം വഴിയാണ് സ്വന്തം ഏജന്റുമാർ തങ്ങളെ കരുവാക്കി നടത്തിയ തട്ടിപ്പ് പരസ്യം വഴി ക്യൂനെറ്റ് വെളിയിൽ വിട്ടത്. നിയമങ്ങൾ ലംഘിച്ച് ക്യൂനെറ്റ് പേരുപയോഗിച്ച് തട്ടിപ്പ് നടത്തിയതിനാലാണ് ഇരുപത്തിരണ്ടോളം രാജ്യങ്ങളിലെ തങ്ങളുടെ പ്രതിനിധികളെ പുറത്താക്കിയത് എന്നാണ് ക്യൂനെറ്റ് അറിയിച്ചതും.
ക്യൂനെറ്റ് പുറത്താക്കിയവരിൽ ഉൾപ്പെടുന്ന ഏജന്റുമാരാണ് നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി, വരുൺ, താഹിർ എന്നിവർ. ക്യൂനെറ്റിനെ കേന്ദ്രമാക്കി ടീം ഓഷ്യൻ രൂപീകരിച്ച് ദുബായ് ബുർജ്മാൾ കേന്ദ്രീകരിച്ച് മണി ചെയ്ൻ തട്ടിപ്പ് നടത്തി നസീബും ആബിദ് ഷായും ഉൾപ്പെടുന്ന ടീം ഓഷ്യൻ ദുബായ് മലയാളികൾ അടക്കമുള്ളവരിൽ നിന്ന് കോടികൾ തട്ടിയത് എക്സ്ക്ലുസീവായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ടീം ഓഷ്യൻ നടത്തിയ കോടികളുടെ മണി ചെയിൻ തടിപ്പ് മറുനാടൻ പുറത്തുകൊണ്ടുവരുന്നത്. മറുനാടൻ വാർത്ത ശരിവയ്ക്കുകയാണ് കഴിഞ്ഞ ദിവസം ദുബായ് പത്രത്തിൽ ക്യൂ നെറ്റ് നൽകിയ ഒന്നാം പേജ് പരസ്യം.
ഇവന്റ് മാനെജ്മെന്റ് നടത്താനുള്ള ലൈസൻസാണ് ടീം ഓഷ്യന് ഉള്ളത്. ഡയറക്റ്റ് മാർക്കറ്റിങ് നടത്താനുള്ള ലൈസൻസ് ടീം ഓഷ്യനു ലഭിച്ചിരുന്നില്ല. അതിനാൽ ക്യൂ നെറ്റിനെ മറയാക്കിയാണ് ഇവർ ടീം ഓഷ്യൻ രൂപീകരിച്ച് തട്ടിപ്പ് നടത്തിയത്. ഇതോടെയാണ് കോടികളുടെ മണി ചെയിൻ തട്ടിപ്പിന്റെ വാർത്ത എക്സ്ക്ലൂസീവായി മറുനാടൻ പുറത്ത് വിട്ടത്. ഈ വാർത്തയുടെ അലയൊലികൾ തന്നെയാവുകയാണ് ക്യൂ നെറ്റിന്റെ കുറ്റസമ്മതവും. പക്ഷെ സ്വയം കൈ കഴുകാൻ ഇങ്ങനെ ഒരു പരസ്യം നൽകുകയാണ് എന്ന ആരോപണവും ക്യൂ നെറ്റിന്റെ പരസ്യവുമായി ബന്ധപ്പെട്ടു ഗൾഫ് നാടുകളിൽ ഉയർന്നിട്ടുണ്ട്. ക്യൂ നെറ്റിന്റെ പേര് പറഞ്ഞു ആബിദ് ഷാ അടക്കമുള്ളവർ ടീം ഓഷ്യൻ രൂപീകരിച്ചത് ഇവർക്ക് അറിയാമായിരുന്നു എന്നാണ് തട്ടിപ്പിന്നിരയായവർ ചൂണ്ടിക്കാട്ടുന്നത്.
അതിനാൽ പത്രപ്പരസ്യം വഴി സ്വയം കൈകഴുകൽ ആണ് ക്യൂ നെറ്റ് നടത്തിയിരിക്കുന്നത് എന്നാണ് ഉയർന്നു വരുന്ന ആക്ഷേപം. ഇതോടെ ക്യൂ നെറ്റ് വഴി തട്ടിപ്പിന്നിരയായവർക്ക് പണം തിരികെ ലഭിക്കാനുള്ള അവസരവും നഷ്ടമായി. ക്യൂ നെറ്റിന്റെ പേര് പറഞ്ഞു ടീം ഓഷ്യൻ വഴി ആബിദും നസീബും ശ്രുതി തമ്പിയും അടക്കമുള്ളവർ കൊയ്തെടുത്ത തങ്ങളുടെ പണം എങ്ങനെ ഇനി തിരികെ ലഭിക്കും എന്നാണ് പത്രപ്പരസ്യത്തിനു ശേഷം തട്ടിപ്പിന്നിരയായവർ മറുനാടനോട് ചോദിച്ചത്. ദുബായിലെ സോഷ്യൽ സർവീസ് ഫോറം ഈ തട്ടിപ്പിന്നെതിരെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയിട്ടുണ്ട്.
ദുബായ് ബുർജ്മാൾ കേന്ദ്രീകരിച്ച് നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി, വരുൺ, താഹിർ എന്നിവർ ടീം ഓഷ്യന്റെ പേരിൽ നടത്തിയ കോടികളുടെ മണി ചെയ്ൻ തട്ടിപ്പ് ആദ്യമായി പുറത്തുകൊണ്ടുവന്നത് കഴിഞ്ഞ സെപ്റ്റംബറിൽ മറുനാടൻ മലയാളിയായിരുന്നു. ക്യൂ നെറ്റ് എന്ന മാതൃ കമ്പനി കേന്ദ്രമാക്കി തങ്ങളുടെതായ ടീം ഓഷ്യൻ എന്ന കമ്പനി രൂപീകരിച്ചാണ് സാധാരണക്കാരായ ദുബായി മലയാളികളിൽ നിന്നും ഇവർ കോടികൾ തട്ടിയത്. മറുനാടൻ നൽകിയ ഈ മണി ചെയിൻ തട്ടിപ്പ് വാർത്ത ദുബായ് അടക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ടീം ഓഷ്യനിലൂടെ പണം നഷ്ടമായവർ വാർത്ത വന്നതോടെ ടീം ഓഷ്യനു എതിരെ തിരിഞ്ഞു. പിടിച്ചു നിൽക്കാനുള്ള കള്ളക്കളുടെ ഭാഗമായി ഇവർ രക്ഷപ്പെടാൻ അന്ന് കൂട്ട് പിടിച്ചത് തങ്ങളുടെ മാതൃ കമ്പനിയായ ക്യൂനെറ്റിനെയായിരുന്നു. മറുനാടന്റെത് വ്യാജവാർത്ത എന്ന രീതിയിൽ ഇവർ സോഷ്യൽ മീഡിയ വഴി വ്യാപകമായ പ്രചാരണവും നടത്തി.
പക്ഷെ ദുബായിലെ മലയാളി സമൂഹം വിശ്വസിച്ചത് മറുനാടൻ വാർത്തയായിരുന്നു. ഈ വാർത്ത ശരിവെച്ച്കൊണ്ടാണ് ക്യൂനെറ്റ് കമ്പനി ദുബായിലെ വാർത്താ പത്രത്തിൽ ഒന്നാം പേജ് പരസ്യം നൽകിയത്. തട്ടിപ്പ് നടത്തിയതിനു തങ്ങളുടെ 400 സ്വതന്ത്ര പ്രതിനിധികളെ പുറത്താക്കി എന്നാണ് ക്യൂ നെറ്റ് ദുബായ് പത്രത്തിൽ പരസ്യം നൽകിയത്. ഇരുപത്തി രണ്ടു രാജ്യങ്ങളിലായുള്ള പ്രതിനിധികളെയാണ് പുറത്താക്കിയത് എന്നാണ് ക്യൂനെറ്റ് പരസ്യം നൽകിയത്. ക്യൂ നെറ്റിന്റെ പേര് ദുരുപയോഗപ്പെടുത്തിയാണ് ഇവർ ബിസിനസ് നടത്തിയത് എന്ന് ക്യൂ നെറ്റ് തന്നെ വ്യക്തമാക്കി.
അൻവർ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി ചെയ്ത ട്രാൻസ് സിനിമയെപ്പോലെ മോട്ടിവേഷൻ തട്ടിപ്പായിരുന്നു ടീം ഓഷ്യൻ നടത്തിയത്. . ആളുകളെ പ്രലോഭിപ്പിച്ച് വലയിൽ വീഴ്ത്തുക. ഒന്നും ചിന്തിക്കാൻ ഇരകൾക്ക് അവസരം നൽകാതിരിക്കുക. സ്റ്റേജ് അതിനുള്ള കരുവാക്കി മാറ്റുക. സ്റ്റേജ് ഷോ വഴിയുള്ള മോട്ടിവേഷനിലൂടെയാണ് ഗൾഫിലെ സാധാരണക്കാരായ ആളുകളെ കബളിപ്പിച്ച് ടീം ഓഷ്യൻ തട്ടിപ്പ് നടത്തിയത്. പ്രലോഭനമാണ് ഇവരുടെ പ്രധാന തുറുപ്പ് ചീട്ട്. ടീം ഓഷ്യന്റെ ഈ മോട്ടിവേഷൻ തട്ടിപ്പിൽ ഒരു പ്രധാന പങ്കു ശ്രുതി തമ്പിക്കുണ്ട്. മോട്ടിവേഷനിൽ ശ്രുതി തമ്പിയായിരുന്നു ഇവരുടെ പ്രധാന താരം. ഗൾഫിൽ ജോലി തേടി എത്തിയ സാധാരണക്കാരാണ് ഇവരുടെ കരുക്കൾ. സാധാരണക്കാരെ തന്നെ ഇവർ തിരഞ്ഞു പിടിച്ചത് പരാതി നൽകാൻ ഇവർക്കുള്ള പരിമിതികൾ മുതലെടുത്തായിരുന്നു. പ്രാരാബ്ധങ്ങളിൽ കുടുങ്ങിയവരെ മണി ചെയിനിൽ ചേർത്താൽ കാശ് തേടി ഇവർ ജോലി ചെയ്യും എന്ന നിർദ്ദേശമാണ് ആബിദ് ഷായും നസീബും അടങ്ങിയ ടീം ഓഷ്യൻ സ്വന്തം ഏജന്റുമാർക്ക് നൽകിയത്. ഇത് വിജയകരമായി ഇവർ നടപ്പിലാക്കിയപ്പോൾ ഗൾഫ് മലയാളികൾ അടങ്ങിയ ഒട്ടുവളരെ ആളുകൾക്ക് പണം നഷ്ടമായി. സ്ത്രീകളെ വരെ ഇവർ കരുവാക്കിയിട്ടുണ്ട്. പണം ഇല്ലാ എന്ന് പറഞ്ഞപ്പോൾ ആഭരണങ്ങൾ ഊരി നൽകാനാണ് ഇവർ ആവശ്യപ്പെട്ടത്. ഈ ഗോൾഡ് വിറ്റ് ഇവർ ടീം ഓഷ്യന്റെ പണം കൈക്കലാക്കുകയുംചെയ്തു.
വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയവരെ തിരഞ്ഞു പിടിച്ച് ടീം ഓഷ്യൻ നൽകിയ വാഗ്ദാനം ജോലി തേടേണ്ട എന്നാണ്. ഒന്നരലക്ഷത്തോളം രൂപയും ശമ്പള വാഗ്ദാനം നടത്തുകയും ചെയ്തു. രണ്ടു പേരെ ഏജന്റുമാരാക്കാനാണ് ഇവർ ആവശ്യപ്പെട്ടത്. ആ രണ്ടു പേർ വഴി വേറെ രണ്ടു പേർ. പണം ഒഴുകി വരുമെന്ന് ഇവർ ധരിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ആദ്യം സ്വന്തം കാശും പിന്നീട് സുഹൃത്തുക്കളുടെ കാശും ഇവർ നഷ്ടമാക്കി. പരാതി നൽകണമെങ്കിൽ തെളിവ് നൽകണം. പലരുടെ കയ്യിൽ നിന്നും നസീബും ആബിദ് ഷായും നേരിട്ടാണ് കാശ് വാങ്ങിയത്. ഇതിനു രേഖകളുമില്ല. പിന്നെങ്ങനെ പണം തിരികെ ചോദിക്കും? തട്ടിപ്പിന്നിരയായവർ ചോദിക്കുന്നു. കാശ് തിരികെ ചോദിച്ച നിരവധി പേരെ ടീം ഓഷ്യൻ ഭീഷണിപ്പെടുത്തിയിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ ഗൾഫ് നാട്ടിലെത്തിയ സഫ്വാൻ ഉൾപ്പെടെയുള്ളവർക്ക് നസിബ് ബി.ആർ, ആബിദ് ഷാ തുടങ്ങിയ ടീം ഓഷ്യൻ ടീമിൽ നിന്ന് മർദ്ദനമേൽക്കുകയും ചെയ്തു. സഫ്വാന്റെ ദയനീയ കഥ തുടർ റിപ്പോർട്ടുകൾ നൽകി മറുനാടൻ വെളിയിൽക്കൊണ്ട് വന്നിരുന്നു.
നിരവധി പേരാണ് ടീം ഓഷ്യന്റെ തട്ടിപ്പിൽ കുരുങ്ങി കാശ് നഷ്ടമായത്. ഗൾഫിൽ നിന്നും ആബിദ് ഷായും നസീബും അടങ്ങിയവർ വളരെ ശ്രദ്ധിച്ചാണ് തട്ടിപ്പ് നടത്തിയത്. അതുകൊണ്ട് തന്നെ ഗൾഫിൽ നിന്നും ടീം ഓഷ്യന് നിയമ നടപടി നേരിടാനുള്ള സാധ്യതകൾ കുറവാണ്. മുഖ്യമായും ഇന്ത്യ കേന്ദ്രീകരിച്ചാണ് ഗൾഫിൽ നിന്നും ഇവർ മണി ചെയിൻ തട്ടിപ്പ് നടത്തിയത്. ഗൾഫിൽ നിന്നും ഏജന്റുമാരെ ചേർത്ത് നാട്ടിൽ നിന്നും പണം വരുത്തും. ഇത് കുഴൽപ്പണ രീതിയിൽ ഗൾഫിൽ എത്തിക്കും. ഒരാളെ എജന്റാക്കി വിഡ്ഢിയാക്കും. ഇയാളെ കേന്ദ്രീകരിച്ച് ഇയാൾ വഴി ആറുപേരെക്കൂടി ഇവർ വിഡ്ഢിയാക്കും. ഈ ആറുപേർക്കും പണം നഷ്ടമാകും. ഇവർക്ക് ആരും പരാതി നൽകാനും കഴിയില്ല. കാരണം എല്ലാം സുഹൃത്തുക്കൾ. ഒരാൾക്ക് പരാതി നൽകണമെങ്കിൽ ആ പരാതി നൽകേണ്ടത് സ്വന്തം സുഹൃത്തിന് എതിരെയാകും. ഈ സുഹൃത്തും ഇതേ രീതിയിൽ വഞ്ചിക്കപ്പെട്ടതാണെന്ന് തട്ടിപ്പിന്നിരയായ ആളുകൾക്ക് അറിയുകയും ചെയ്യാം. പിന്നെ എങ്ങിനെ പരാതി നൽകും എന്നാണ് തട്ടിപ്പിന്നിരയായവർ ചോദിക്കുന്നത്. ഇത് തന്നെയാണ് ടീം ഓഷ്യനിലെ ആബിദ് ഷായും വരുണും നസീബും വരുണും താഹിറും അടങ്ങിയവരെ സുരക്ഷിതരാക്കുന്നതും.
ടീം ഓഷ്യൻ മണി ചെയിനിന്റെ തട്ടിപ്പുകൾ ഈ വിധം
ഇന്ത്യയിൽ നിരോധിച്ച ക്യു നെറ്റ് എന്ന മണി ചെയിൻ കമ്പനിക്ക് വേണ്ടിയാണ് ടീം ഓഷ്യൻ ദുബായിൽ പ്രവർത്തിക്കുന്നത് എന്നാണ് ആബിദും നസീബും എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാൽ ദുബായിൽ നിയമപരമായി ഇവർക്കു പണം വാങ്ങാൻ പറ്റാത്തതുകൊണ്ട് കേരളത്തിലെ ഹവാല വഴി കാഷ് ആയിട്ടാണ് എല്ലാവരുടെ കയ്യിൽ നിന്നും പണം വാങ്ങുന്നത് അതിന് വേണ്ടി ടിക് ടോക് താരം ശ്രുതി തമ്പിയെയും ഇവർ ഏർപ്പെടുത്തിയത്. , ദുബായിൽ ജോലി അനേഷിച്ചു വരുന്ന യുവാക്കളും തുച്ഛമായ ശമ്പളത്തിന് ജോലി ചെയുന്ന യുവാക്കളും ആണ് ഇവരുടെ ഇരകൾ. ഇവരെ എല്ലാം ബർദുബൈയിൽ ഉള്ള ബുർജ്മാൻ മാളിലെ കോഫി ഷോപ്പിൽ അല്ലെങ്കിൽ ടീ സോൺ കഫെ യിൽ വിളിച്ചു വരുത്തി സ്വപ്ന വാഗ്ദാനങ്ങൾ പറഞ്ഞ് മയക്കി 8500 ദിർഹംസ് അല്ലെങ്കിൽ ഒന്നര ലക്ഷം ഇന്ത്യൻ രൂപ വാങ്ങി, 100 ദിർഹംസ് അതായത് രണ്ടായിരം രൂപ പോലും വില വരാത്ത ഡ്യൂപ്ലിക്കേറ്റ് പ്രോഡക്റ്റ് കളും കോപ്പി വാച്ച്കളും ഉപയോഗ ശൂന്യമായ മൊബൈൽ ആപ്ലിക്കേഷൻസും പകരം നൽകിയാണ് ഡയറക്റ്റ് സെയിൽസ് എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നത്. പിന്നീട് ഇതിൽ ആളുകളെ ചേർത്താൻ ഇവരെ നിർബന്ധിക്കുകയും ആളുകളെ ചേർത്തിയാൽ ലക്ഷക്കണക്കിന് രൂപ കമ്മീഷൻ, റോൾസ് റോയ്സ്, ലബോർഗിനി പോലത്തെ ആഡംബര കാറുകൾ ക്യു നെറ്റ് ൽ നിന്നും ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ഇനി ആളുകളെ ചേർക്കുന്ന ചെറുപ്പക്കാർക്ക് അതിന്റ കമ്മീഷൻ പോലും കൊടുക്കാതെ ആബിദും ആസ്മയും എല്ലാ കാശും മുക്കുന്നു-ഇതാണ് ഇവർക്കെതിരെ യുവാക്കൾ പരാതിപ്പെട്ടത്.
തട്ടിപ്പുകൾ നടത്തുന്നത് ബുദ്ധിപൂർവ്വം
ടീം ഓഷ്യൻ മണി ചെയിനിന്റെ ശൃഖലയിൽ കുടുങ്ങിയാൽ പിന്നെ തിരികെ പോരുക വളരെ ബുദ്ധിമുട്ടാണ്. തിരികെ പോകാനോ അതോ ഇവർക്കെതിരെ തിരിയുകയോ ചെയ്താൽ കഞ്ചാവ് മയക്കു മരുന്ന് പെണ്ണ് കേസ് എന്നിങ്ങനെ കള്ള കേസുകളിൽ കുടുക്കും എന്ന് ഇവർ ഭീഷണി മുഴക്കും. നസീബും ആബിദും ആസ്മയും വരുണും താഹിറും ചേർന്നുള്ള ഭീഷണിയാണിത്. അല്ലെങ്കിൽ മറ്റു മണി ചെയിൻ, ബിറ്റ് കോയിൻ കമ്പനിയുടെ ആളായി അവരെ ചിത്രീകരിച്ചു കൊണ്ട് ബുദ്ധി പൂർവ്വം കരുക്കൾ നീക്കുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് വളരെ പെട്ടെന്ന് ആയിരുന്നു ആബിദ് ഷാ യുടെയും അസ്മയുടെയും വളർച്ച. ഇതിന്റെയെല്ലാം പിന്നിൽ ചതിയുടെയും വഞ്ചനയുടെയും കഥകൾ ഒളിഞ്ഞിരിക്കുന്നു. ഇവർക്കെതിരെ ഉന്നത തലത്തിൽ അനേഷണം വേണം എന്നാണ് മണിചെയിനിൽ കുടുങ്ങി വഞ്ചിതരായവർ ആവശ്യപ്പെടുന്നത്.
ഈ തട്ടിപ്പ് സംഘത്തിന് എതിരെ കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും പരാതി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയാണ് തട്ടിപ്പിനിരയായ യുവാക്കൾ, കേന്ദ്ര സർക്കാർ വഴി ഇവരുടെ തട്ടിപ്പിനെക്കുറിച്ച് യുഎഇ സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാനും ഇവർ ശ്രമം നടത്തിയിട്ടുണ്ട്. ഇവരുടെ തട്ടിപ്പിന് ഇരയായ ബേസിൽ, മനീഷ്, മിഥിലാജ്, സത്താർ, സഫ്വാൻ എന്നിവരുടെ ജീവൻ തന്നെ അപകടത്തിൽ ആണെന്ന് ഇവർ അറിയിച്ചിരുന്നു. തങ്ങളിൽ ആർകെങ്കിലും എന്തെകിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ആബിദ് ഷാ, നസീബ്, അസ്മ, ശ്രുതി തമ്പി, വരുൺ മുണ്ടയാടാൻ, താഹിർ എന്നിവർ ആയിരിക്കും എന്നാണ് ഈ യുവാക്കൾ പറഞ്ഞിരുന്നത്. കെഎംസിസി ഉൾപ്പടെ ദുബായിലെ പല സാമൂഹിക സംഘടനക്കും ഈ തട്ടിപ്പിനെ കുറിച്ച് ഇവർ വിവരം നൽകിയിരുന്നു. അപ്പോഴേക്കും കൂടുതൽ ആളുകൾ കെണിയിൽ വീണിരുന്നു.
മറുനാടന് മലയാളി ബ്യൂറോ