കണ്ണൂർ: പേരാവൂർ ചെങ്ങോം കുറിച്യ കോളനിയിലെ പതിനഞ്ചുകാരി വിശപ്പു സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദേശാഭിമാനി ലേഖകൻ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ശ്രുതിമോളുടെ ആത്മഹത്യാ കുറിപ്പിലെ ചില വാചകങ്ങൾ അടർത്തിയെടുത്താണ് വാർത്തയ്ക്ക് പട്ടിണി മരണമെന്ന വ്യാഖ്യാനം നൽകിയതെന്നാണ് വ്യക്തമാകുന്നത്.

പട്ടിണിയും വിശപ്പും കാരണമാണ് മരിച്ചതെന്നു ശ്രുതിയുടെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു എന്നായിരുന്നു ദേശാഭിമാനി നൽകിയ വാർത്ത. ഈ വാർത്ത വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായി മാറിയത്. ശ്രുതിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്:

'ഞാനീ നശിച്ച ലോകത്തുനിന്ന് പോകുവാ. എന്നെ ഇനി നോക്കണ്ട. ഞാൻ കണ്ടും കേട്ടും മടുത്തു. ഇപ്പോൾ എന്നെ ഉപദ്രവിക്കാനും തുടങ്ങി. ഞാൻ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ മടുത്തു തലകറങ്ങിയായിരിക്കും വരിക. ഞാൻ സഹിക്കാവുന്നതിലേറെ സഹിച്ചു. ഇനി എനിക്ക് സഹിക്കാൻ സാധിക്കില്ല. ഞാൻ ട്യൂഷൻ വിട്ട് വരുമ്പോൾ 12 മണി കഴിയും. എന്നാലോ ഒരു പിടി ചോറുവരെ അച്ഛമ്മ വച്ചിട്ടുണ്ടാവില്ല. എന്നിട്ട് എന്നെയാണ് വഴക്കു പറയുക. ഞാൻ രാവിലെ ഏഴു മണിക്കാണ് പോവുക. ഇനി എനിക്ക് ജീവിക്കണ്ട. അതുകൊണ്ട് ഞാൻ പോകുന്നു.അമ്മയും എന്റെ അനിയനും എന്നോട് പൊറുക്കണേ.. ഗുഡ്‌ബൈ..''

അവധിക്കാല ക്ലാസിന്റെ ഭാഗമായുള്ള ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ അച്ഛമ്മ കാര്യമായ ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ല എന്ന തോന്നലിനെ തുടർന്നാണ് ശ്രുതി പെട്ടന്നുള്ള തോന്നലിൽ ആത്മഹത്യ ചെയത്തെന്നാണ് വ്യക്തമാകുന്നത്. എന്നാൽ, കുറിപ്പിലെ ഈ വരികളെ വളച്ചൊടിച്ചാണ് ശ്രുതിയുടെ മരണം പട്ടിണിയെ തുടർന്നാണെന്ന പ്രചരണം നടന്നത്. സമൂഹിക മാദ്ധ്യമങ്ങളിൽ വൻതോതിൽ ഇത്തരത്തിൽ പ്രചാരണം നടന്നിരുന്നു. കഴിഞ്ഞദിവസം ശ്രുതിയുടെ പിതാവ് രവി തന്നെ ഇതു നിഷേധിച്ചു രംഗത്തെത്തിയിരുന്നു.

ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ശ്രുതി തൂങ്ങിമരിച്ച സംഭവത്തിൽ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ പിന്നോക്കവർഗ വികസന വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയുമുണ്ടായി. പട്ടിണി മൂലമുള്ള ആത്മഹത്യയല്ലെന്നാണ് ഉത്തരവിൽ പറയുന്നത്. കൂലിപ്പണിയെടുത്തും കൃഷിപ്പണി ചെയ്തും ജീവിക്കുന്ന ശ്രുതിയുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമോ പട്ടിണിമൂലം മരിക്കേണ്ട സാഹചര്യമോ ഇല്ലെന്നാണ് അന്വേഷണത്തിൽ മനസിലായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

മരണസമയത്ത് വീട്ടിൽ കുട്ടിയുടെ ഇളയച്ഛൻ വിജയൻ, അച്ഛന്റെ അമ്മ ഉപ്പാട്ടി (65) എന്നിവരും ഉണ്ടായിരുന്നു. അച്ഛനും അമ്മയും കൊട്ടിയൂർ പഞ്ചായത്തിലെ പന്ന്യാമലയിൽ കശുവണ്ടി ശേഖരിക്കുന്നതിനും, കൃഷിപ്പണി ചെയ്ുന്നതയിനും പോയതായിരുന്നു. പന്ന്യാംമലയിൽ അച്ഛൻ രവിക്ക് 10 സെന്റ് സ്ഥലവും വീടും ഉണ്ട്. കേളകം സെന്റ് തോമസ് ഹൈസ്‌ക്കൂളിൽ നിന്ന് 9ാം ക്ലാസ് പഠനംകഴിഞ്ഞ് ശ്രുതി വെക്കേഷൻ സമയത്ത് കേളകം ടാഗോർ ട്യൂഷൻ സെന്ററിൽ 10ാം ക്ലാസിന് ട്യൂഷന് പോകാറുണ്ടായിരുന്നു.

20 ന് ഉച്ചയ്ക്ക് ട്യൂഷൻ കഴിഞ്ഞ് വീടിന് സമീപത്തുള്ള ചെങ്ങോം അംഗൻവാടിയിൽ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നടന്ന കൗമാരക്കാർക്കുള്ള ബോധ വൽകരണ ക്ലാസിലും പങ്കെടുത്തിരുന്നു. വീട്ടിലെത്തിയപ്പോൾ ഉച്ചഭക്ഷണം കിട്ടാത്തതിനെത്തുടർന്ന് അച്ഛമ്മ ഉപ്പാട്ടിയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് തൂങ്ങിമരിക്കുകയുമാണുണ്ടായതെന്നാണ് ബന്ധുക്കൾ പറഞ്ഞത്. എന്നാൽ ഉച്ചഭക്ഷണം ഉണ്ടാക്കിയില്ല എന്നത് ശരിയായ വാർത്ത അല്ല എന്നും കഞ്ഞിയുണ്ടായിരുന്നത് കുട്ടിയോട് കഴിക്കാൻ പറഞ്ഞിരുന്നുവെന്നും അത് കഴിക്കാൻ കൂട്ടാക്കിയില്ല എന്നുമാണ് വീട്ടുകാരോട് അന്വേഷിച്ച പ്പോൾ അറിയാൻ സാധിച്ചത്. ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാത്തതിൽ മുത്തശ്ശിയോട് വഴക്കിട്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.

ശ്രുതിയുടെ അച്ഛന്റെ അമ്മ ഉപ്പാട്ടിക്ക് 2 ഏക്കർ സ്ഥലമുണ്ട്. ഉപ്പാട്ടിക്ക് 6 മക്കളാണുള്ളത്. ശ്രുതിയുടെ അച്ഛൻ രവിക്ക് പന്ന്യാംമലയിൽ സ്വന്തമായുള്ള 10 സെന്റ് സ്ഥലത്തിന് പുറമെ അമ്മയുടെ സ്വത്തിനും അർഹതയുണ്ട്. ശ്രുതിയുടെ സഹോദരൻ അക്ഷയ് കേളകം മഞ്ഞളാപുരം സ്‌ക്കൂളിൽ 7ാം ക്ലാസ് പഠനം പൂർത്തിയാക്കി. ചെങ്ങോം കോളനിയിലെ വീട് ഉപ്പാട്ടിയുടെ പേരിലുള്ളതാണ്. ഉപ്പാട്ടിയുടെ കൂടെയാണ് ശ്രുതിയും അച്ഛനും അമ്മയും സഹോദരനും താമസിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.

നേരത്തെ ശ്രുതിക്കും അനിയനും വേണ്ടി ഒരു സൈക്കിൾ വാങ്ങിക്കൊടുത്തിരുന്നു. എല്ലാ സാധനങ്ങളും അനിയനു മാത്രമേ വാങ്ങിക്കൊടുക്കുന്നുള്ളൂ എന്ന് അവൾ പരാതി പറയാറുണ്ടായിരുന്നെന്നും രവി പറഞ്ഞു. ആത്മഹത്യ ചെയ്ത ശ്രുതിയുടെ വീട് ആദിവാസി നേതാവ് സി.കെ.ജാനു സന്ദർശിച്ചു. ശ്രുതി പട്ടിണികാരണമാണ് ആത്മഹത്യ ചെയ്തതെന്ന വാർത്ത ശരിയല്ലെന്ന് ജാനു പറഞ്ഞു. ഇത്തരം വാർത്ത നല്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവരും അറിയിച്ചു.

കേളകം സെന്റ്‌തോമസ് ഹയർസെക്കന്ററി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രുതി. ബുധനാഴ്‌ച്ച വൈകുന്നേരമാണ് ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും ഇനിയും വിശപ്പ് സഹിക്കാൻ കഴിയില്ലെന്നും എഴുതിവച്ചശേഷമാണ് ശ്രുതിമോൾ ജീവനൊടുക്കിയതെന്നായിരുന്നു വാർത്ത. ഈ വാർത്ത തെറ്റാണെന്നാണ് വ്യക്തമാകുന്നത്.