കോഴിക്കോട്: ഓച്ചിറ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ചു എസ്എസ്എഫ് നേതാവ് മജീദ് അരിയല്ലൂർ. സർവ പ്രശ്നങ്ങളെയും ഇസ്ലാമോഫോബിയ കൊണ്ട് തടുക്കാമെന്നതാണ് മൗദൂദിസ്റ്റുകളുടെ ഫിലോസഫിയെന്ന് എസ്.എസ്.എഫ് നേതാവ് മജീദ് അരിയല്ലൂർ വിമർശിച്ചു. അങ്ങനെ ചെയ്യുമ്പോൾ അതുണ്ടാക്കുന്ന പരിക്ക് മുസ്ലിം സമുദായത്തിന് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

'ഇസ്ലാമോഫോബിയ. വ്യക്തിപരവും രാഷ്ട്രീയപരവുമായ സർവ പ്രശ്നങ്ങളെയും ഇസ്ലാമോഫോബിയ കൊണ്ട് തടുക്കാമെന്നതാണ് മൗദൂദിസ്റ്റുകളുടെ ഫിലോസഫി. അതുണ്ടാക്കി വെക്കുന്ന ദുരന്തം ആഘോഷിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയമാണ് മൗദൂദിസ്റ്റുകളുടെ
മതരാഷ്ട്ര വാദത്തിന്റെ കരുത്ത്. മൗദൂദി സാഹിബ് മുന്നോട്ടുവെച്ച രാഷ്ട്ര നിർമ്മാണത്തിനുള്ള പുതിയ മാർഗങ്ങൾ മത്സര ബുദ്ധിയോടെ വികസിപ്പിക്കുകയാണ് കേരളത്തിൽ രണ്ട് പാർട്ടികൾ. പരീക്ഷണങ്ങൾ കരുതിയിരിക്കുക. അതുണ്ടാക്കുന്ന വലിയ പരിക്ക് സമുദായത്തിന് തന്നെയായിരിക്കും,' മജീദ് അരിയല്ലൂർ പറഞ്ഞു.

ഞായറാഴ്ച രാവിലെ കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോകുന്നതിനിടെ തനിക്കും മാതാവിനും പൊലീസിൽ നിന്നുണ്ടായ മോശം അനുഭവം അഫ്‌സൽ എന്ന കോൺഗ്രസ് പ്രവർത്തകൻ പങ്കുവച്ചിരുന്നു. ഉമ്മ പർദ്ദ ഇട്ടിരുന്നതുകൊണ്ടാണ് വാഹനം കടത്തിവിടാതിരുന്നതെന്നായിരുന്നു ചാത്തന്നൂർ സ്വദേശി അഫ്‌സൽ മണിയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഈ സാഹചര്യത്തിൽ കൂടിയാണ് മജീദ് അരിയല്ലൂരിന്റെ വിമർശനം എന്നതും ശ്രദ്ധേയമാണ്.

കേരളത്തിന്റെ മതസൗഹാർദത്തെ തകർക്കാനായി ചില നിഗൂഢശക്തികൾ സംഘടിതമായ ശ്രമം നടത്തുന്നുണ്ടെന്നായിരുന്നു സംഭവത്തിൽ മുൻ മന്ത്രി കെ.ടി. ജലീൽ പറഞ്ഞിരുന്നത്.