കോഴിക്കോട്/തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം കൊയ്ത് സ്‌കൂളുകളുടെ പേരും പ്രശസ്തിയും കൂട്ടാനായി സ്‌കൂൾ അധികൃതരുടെ തട്ടിപ്പ്. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെയും അല്ലാത്തവരെയും വൈകല്യമുള്ളവരാക്കിമാറ്റി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൃത്രിമക്കണക്കുകൾ നൽകിയാണ് സംസ്ഥാനത്തെ നിരവധി സ്‌കൂളുകൾ തട്ടിപ്പ് നടത്തുന്നത്. അൺ എയ്ഡഡ്, മാനേജ്‌മെന്റ് സ്ഥാപനങ്ങളാണ് ഇത്തരത്തിലുള്ള കൃത്രിമക്കണക്കുകൾ സമർപ്പിക്കുന്നതിനു മത്സരിക്കാൻ മുൻപന്തിയിലുള്ളത്. സർക്കാർ സ്‌കൂളുകളും ഇത്തരം കണക്കുകളുടെ കാര്യത്തിൽ മത്്‌സരിക്കാനുണ്ട്. മാസങ്ങൾക്കു മുമ്പ് തന്നെ എസ്.എസ്.എൽ.സിയിൽ ശതമാനത്തിളക്കം കൂട്ടി സ്‌കൂളിന്റെ പ്രതിഛായ വർദ്ധിപ്പിക്കുന്ന തിരക്കിലായിരുന്നു സ്‌കൂൾ അധികൃതരെല്ലാം. ഇതിനായി വ്യത്യസ്തമാർഗങ്ങളാണ് അധികൃതർ സ്വീകരിച്ചുപോന്നത്. വിദ്യാർത്ഥികളുടെ പഠനനിലവാരം വർധിപ്പിക്കുന്നതോടൊപ്പം തന്നെ പരാജയം തടയിടാനായുള്ള പ്രതിരോധങ്ങളും സൃഷ്ടിച്ചു. ചില മാനേജ്‌മെന്റ് സ്ഥാപനങ്ങൾ പഠനനിലവാരം കുറഞ്ഞ വിദ്യാർത്ഥികളെ നേരത്തെ പറഞ്ഞുവിട്ടും പത്താം തരത്തിലേക്ക് വിജയസാധ്യത കുറഞ്ഞവർക്ക് പ്രവേശനം നിഷേധിച്ചും സ്‌കൂളിന്റെ നിലവാരം താണുപോകാതിരിക്കാൻ ശ്രദ്ധ പതിപ്പിച്ചു.

സ്‌കൂൾ അധികൃതർ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ ആദ്യംതന്നെ പറഞ്ഞുധരിപ്പിച്ച് അപേക്ഷാ ഫോറത്തിൽ ഒപ്പിട്ടുവാങ്ങും. പിന്നീട് അദ്ധ്യാപകന്റെയും പ്രധാനാധ്യാപകന്റെയും സാക്ഷ്യപത്രം ഗവൺമെന്റ് ഡോക്ടറുടെ സാക്ഷ്യപത്രത്തോടെ ഡി.ഇ.ഒക്ക് സമർപ്പിക്കും. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും കണ്ണടയ്ക്കുന്നതോടെ ഈ മേഖലയിലെ തട്ടിപ്പ് കൊഴുക്കുന്നു. വൈകല്യമില്ലാത്ത കുട്ടികളെ വൈകല്യമുള്ളവരുടെ ഗണത്തിൽ ഉൾപ്പെടുത്തുന്ന അദ്ധ്യാപകരുടെ നടപടിയിൽ വിസമ്മതം പ്രഖ്യാപിച്ച് രക്ഷിതാക്കൾ പിന്മാറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മാനസികവൈകല്യമുള്ളവർ, കാഴ്ചശക്തിയും കേൾവി ശക്തിയും കുറവുള്ളവർ, പഠന വൈകല്യമുള്ളവർ എന്നിങ്ങനെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി കേട്ടെഴുതാൻ സ്‌ക്രൈബ് പദ്ധതിയിലൂടെ പകരക്കാരനെ ചുമതലപ്പെടുത്താമെന്ന സർക്കാർ നിർദേശമാണ് ഇതോടെ സ്‌കൂളുകൾ മുതലെടുക്കുന്നത്.

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയെല്ലാം ഏതെങ്കിലും തരത്തിലുള്ള വൈകല്യമുള്ളവരാക്കി മാറ്റി പകരക്കാരെ നിർത്തി പരീക്ഷയെഴുതിപ്പിച്ച് വിജയിപ്പിക്കുകയാണ് സ്‌കൂൾ അധികൃതർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തവണ സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 5707 വിദ്യാർത്ഥികളാണ് സ്‌ക്രൈബിനെ ഉപയോഗിച്ച് പരീക്ഷ എഴുതുന്നത്. വൈകല്യമുള്ളവരുടെ മറപിടിച്ച് തട്ടിപ്പ് നടത്തുമ്പോൾ യഥാർത്ഥത്തിൽ വൈകല്യമുള്ള വിദ്യാർത്ഥികളോട് ചെയ്യുന്ന അനീതികൂടിയാണിത്. ഇത്തരത്തിൽ പരീക്ഷ എഴുതുന്നവർക്ക് 20 മാർക്ക് ഗ്രേസ് മാർക്ക് പൂർണമായും ലഭിക്കുന്നു. പരീക്ഷയെഴുതാൻ അധികസമയം, ഇവരെ ഗ്രാഫുകൾ വരക്കുന്നതിൽ നിന്നും ഒഴിവാക്കുന്നു. കൂടാതെ വിദ്യാർത്ഥിയെ സഹായിക്കാനായി കൂടെയെത്തുന്നയാൾക്ക് ദിവസം നൂറുരൂപ നിരക്കിൽ സർക്കാറിൽനിന്നും ലഭിക്കുകയും ചെയ്യും. ഇക്കാരണങ്ങളെല്ലാം കൊണ്ടു തന്നെ ഇവർക്ക് വിജയം എളുപ്പത്തിൽ സാധ്യമാകുന്നു.

പരീക്ഷയെഴുതാൻ പകരക്കാരായി നിയമിക്കപ്പെടുന്നവർ തൊട്ടുതാഴെ ക്ലാസിലെ വിദ്യാർത്ഥികളായിരിക്കും. മികച്ച പഠനനിലവാരം പുലർത്തുന്നവരായിരിക്കും പകരക്കാരായി എത്തുന്നവർ എന്നതിനാൽ മിക്ക വിഷയങ്ങളിലും എ പ്ലസ് വരെ ലഭിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം സംസ്ഥാനത്തെ പല സ്‌കൂളുകളിലും വലിയ വിജയങ്ങൾ നേടിയതായി കണക്കുകൾ തെളിയിക്കുന്നു. മലയാളം എഴുത്തും വായനയും അറിയാത്ത വിദ്യാർത്ഥിനിയും ഉപരിപഠനത്തിനുള്ള ലിസ്റ്റിൽ ഉയർന്ന റാങ്കിലെത്തിയ വിദ്യാർത്ഥികളും പകരക്കാരെ ചുമതലപ്പെടുത്തി വിജയിച്ചവരായിരുന്നു. പാരാജയപ്പെടുമെന്ന് കരുതുന്ന വിദ്യാർത്ഥികളെയെല്ലാം ഇങ്ങനെ വൈകല്യമുള്ളവരാക്കിമാറ്റി വിജയിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ തട്ടിപ്പുകൾക്ക് രക്ഷിതാക്കൾ മുതൽ വകുപ്പ് ഉദ്യോഗസ്ഥർ വരെ നീളുന്ന ശൃംഖല കൂട്ടുനൽക്കുന്നുണ്ട്.

സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിൽ തെക്കൻകേരളത്തിൽ നിന്നുള്ള ജില്ലകളിലാണ് ഏറ്റവും കൂടുതലായി കുട്ടികളെ വൈകല്യമുള്ളവരാക്കി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലബാറിൽ 100 നും 150 നും മധ്യേയുള്ള വിദ്യാർത്ഥികളാണെങ്കിൽ തെക്കൻ കേരളത്തിൽ 250നും 300നും ഇടയിലാണ് ഒരു റവന്യു വിദ്യാഭ്യാസ ജില്ലയിൽ നിന്ന് മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന സ്‌കൂളുകളുള്ള വടക്കൻ മലബാറിൽ താരതമ്യേന പകരക്കാർ എഴുതുന്നത് കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ എസ്.സി.എച്ച്.എസ് സ്‌കൂളിൽ നിന്നുമാത്രം 25 വിദ്യാർത്ഥികളാണ് സ്‌ക്രൈബിനെ ഉപയോഗിച്ച് പരീക്ഷ എഴുതുന്നത്. തൊട്ടടുത്തുള്ള സ്‌കൂളുകൾ തമ്മിൽ മത്സരിച്ചാണ് സ്‌ക്രൈബിനെ ഉപയോഗപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ 15 മുതൽ ഇരുപതു വരെയുള്ള വിദ്യാർത്ഥികളെ നിയമിച്ച അമ്പതിലധികം സ്‌കൂളുകളുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

പഠനത്തിൽ പിന്നാക്കുള്ള വിദ്യാർത്ഥികൾ പരാജയപ്പെട്ടാൽ സ്‌കൂളുകളുടെ നൂറുമേനിയെന്ന കീർത്തി നഷ്ടമാകുമെന്ന ഭീതിയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. മുൻവർഷങ്ങളിൽ നൂറു ശതമാനം നേട്ടം കൊയ്തവരും നൂറിനോട് അടുത്തെത്തിയ സ്‌കൂളുകളുമാണ് ഇത്തരത്തിൽ വ്യാപകമായി തട്ടിപ്പ് നടത്തുന്നത്.