- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർത്തൽ കേസിൽ വിചാരണ ഈമാസം 10ന് തുടങ്ങും; വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അടക്കം ആറ് പ്രതികൾ ഹാജരാകണമെന്ന് സിബിഐ കോടതി; പുനഃപരീക്ഷ നടത്തിയതിനാൽ സംസ്ഥാന സർക്കാരിന് 1.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിബിഐ കണ്ടെത്തൽ
തിരുവനന്തപുരം: സംസ്ഥാന എസ് എസ് എൽ സി ചോദ്യ പേപ്പർ പ്രസ്സിൽ നിന്നും ചോർത്തിയെന്ന സിബിഐ കേസിൽ വിചാരണ ഈമാസം 10 ന് (തിങ്കളാഴ്ച) തുടങ്ങും. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനിൽകുമാർ മുമ്പാകെയാണ് സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കേസിന്റെ വിചാരണ ആരംഭിക്കുന്നത്. ജനുവരി 10 മുതൽ 25 വരെയായി 23 സാക്ഷികളെ വിസ്തരിക്കാൻ കോടതി കേസ് വിചാരണ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറടക്കം ആറു പ്രതികൾ ജനുവരി 10 മുതൽ ഹാജരാകാൻ കോടതി ഉത്തരവിട്ടു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 230 പ്രകാരമാണ് സാക്ഷി വിസ്താര വിചാരണ തീയതികൾ ഷെഡ്യൂൾ ചെയ്തത്.
സംസ്ഥാന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കാക്കനാട് മൂലേപ്പാടം റോഡ് അതിരയിൽ താമസം വി. സാനു , കണിയാപുരം അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ കാര്യവട്ടം അമലീനയിൽ താമസം സി.പി. വിജയൻ നായർ , പൂജപ്പുര പരീക്ഷാഭവനിലെ മുൻ സെക്രട്ടറി വഴയില രാധാകൃഷ്ണ ലെയിൻ പുഷ്യരാഗം വീട്ടിൽ എസ്.രവീന്ദ്രൻ , പരീക്ഷാ ഭവനിലെ എൽ.ഡി. ക്ലാർക്ക് കെ. അജിത് കുമാർ , ചോദ്യ പേപ്പർ അച്ചടിച്ച വിശ്വനാഥൻ പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സ് ഉടമ ചെന്നൈ നുങമ്പാക്കം ഹൈ റോഡ് നാലാം തെരുവിൽ താമസം അന്നമ്മ ചാക്കോ , മാനേജിങ് ഡയറക്ടർ വി.സുബ്രഹ്മണ്യൻ എന്നിവരാണ് കേസിൽ നിലവിൽ വിചാരണ നേരിടുന്ന പ്രതികൾ. ഒന്നാം പ്രതിയായിരുന്ന വിശ്വനാഥൻ പ്രസ്സിന്റെ ജനറൽ മാനേജർ രാജൻ ചാക്കോ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടിരുന്നു.
വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തിയിരുന്നു. വിചാരണക്ക് മുന്നോടിയായി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തിയത്. കുറ്റ സ്ഥാപനത്തിൽ രണ്ടു വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണയായതിനാൽ സി ബി ഐ ഹാജരാക്കിയ രേഖാമൂലമുള്ള തെളിവുകളുടെയും വായ് മൊഴി തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തിയത്.
വിചാരണ കൂടാതെ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നേരത്തേ സമർപ്പിച്ച വിടുതൽ ഹർജികൾ തള്ളിക്കൊണ്ട് പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. പ്രതികൾ കൃത്യം ചെയ്തതായി അനുമാനിക്കാൻ അടിസ്ഥാാമുണ്ടെന്നും പ്രഥമദൃഷ്ട്യാ തെളിവുകൾ ഉള്ളതായും വിലയിരുത്തിയാണ് വിചാരണ നേരിടാൻ ഉത്തരവിട്ടത്.
ആദ്യ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന വഞ്ചിയൂർ ഖാദി ബോർഡിന് സമീപം ബിന്ദു വിജയൻ ( 49 ) , ചെന്നൈ ടി നഗറിൽ സിന്ധു സുരേന്ദ്രൻ ( 49 ) എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി 2 പേർക്കുമെതിരായ കേസ് റദ്ദാക്കിയിട്ടുണ്ട്. 2 പേർക്കും കൃത്യത്തിൽ നേരിട്ട് പങ്കാളിത്തമുള്ളതായ തെളിവുകൾ സിബിഐക്ക് ഹാജരാക്കാൻ കഴിയാത്തതിനാലാണ് ഹൈക്കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്. കേസിൽ പ്രതിയായിരുന്ന ചെന്നൈ വിശ്വനാഥൻ പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സിലെ താൽക്കാലിക ജീവനക്കാരനായിരുന്ന കെ. സുരേഷിനെ ( 43 ) കേസന്വേഷണ ഘട്ടത്തിൽ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.
സുരേഷ് താൻ ചെയ്ത കൃത്യവും മറ്റു പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങളും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുമ്പാകെ രഹസ്യ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് സി ബി ഐ കോടതി ഇയാൾക്ക് മാപ്പ് നൽകി പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷിയാക്കിയത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് കോടതി സുരേഷിനെ മാപ്പുസാക്ഷിയാക്കിയത്. വിചാരണ വേളയിൽ മാപ്പുസാക്ഷി രഹസ്യമൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 പ്രകാരം വ്യാജ തെളിവു നൽകിയെന്ന കുറ്റത്തിന് കോടതിക്ക് നേരിട്ട് കേസെടുക്കാവുന്നതാണ്.
2005 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫെബ്രുവരിയിൽ നടന്ന മോഡൽ പരീക്ഷയുടെയും മാർച്ചിലെ പ്രധാന പരീക്ഷയുടെ ചോദ്യപേപ്പറും മോഷ്ടിച്ച് ചോർത്തിയെന്നാണ് സി ബി ഐ കേസ്. ചോർത്തിയ ചോദ്യപേപ്പർ ഒരു പെൺകുട്ടിക്ക് ലഭിച്ചത് കൂട്ടുകാരിക്ക് കൈമാറിയതോടെയാണ് കള്ളി വെളിച്ചത്തായത്. സംഭവം പുറം ലോകമറിഞ്ഞതിനെ തുടർന്ന് സർക്കാർ പരീക്ഷ റദ്ദാക്കി പുനഃ പരീക്ഷ നടത്തുകയായിരുന്നു. ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായ മാർഗ്ഗത്തിലൂടെയാണ് വിശ്വനാഥൻ പ്രസ്സിന് അച്ചടിക്കരാർ നൽകിയതെന്നും സി ബി ഐ അന്വേഷണത്തിൽ കണ്ടെത്തി.
അച്ചടിക്കരാർ കാലാവധി ദീർഘിപ്പിച്ച് നൽകാൻ 2004 നവംബർ 16ന് ഡെപ്യൂട്ടി ഡയറക്ടർ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി നിയമവിരുദ്ധമായി പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. സർക്കാർ ഓഫീസിലെ നോട്ട് ഫയലുകളിൽ കൃത്രിമം കാട്ടി പരീക്ഷാ കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചാണ് ധൃതിയിൽ കരാർ നൽകിയതെന്നും സംസ്ഥാന സർക്കാരിനെ പ്രതികൾ വഞ്ചിച്ചതായും സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതികളുടെ വഞ്ചനാപരമായ പ്രവൃത്തികൾ കാരണം പരീക്ഷകൾ റദ്ദാക്കിയതിലും പുനഃ പരീക്ഷ നടത്തിയതിലും വച്ച് സംസ്ഥാന സർക്കാരിന് 1. 32 കോടി രൂപയുടെ നഷ്ടം പ്രതികൾ വരുത്തിയതായും സിബിഐ കണ്ടെത്തിയതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
2002 മുതൽ മണി പ്രിന്റേഴ്സിന്റെ പേരിൽ രാജൻ ചാക്കോ ചോദ്യ പേപ്പർ അച്ചടിക്കരാർ സമ്പാദിച്ചിരുന്നത് പരീക്ഷാ നടത്തിപ്പിലെ ഉദ്യോഗസ്ഥരുമായി ഗൂഢാലോചനയിൽ ഏർപ്പെട്ടാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. അന്നമ്മ ചാക്കോ അക്കൗണ്ട് തുടങ്ങി പണം കൈപ്പറ്റി. തന്റെ സ്ഥാപനവുമായി അച്ചടിക്കരാർ നിലവിലില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് വി. സുബ്രഹ്മണ്യൻ വിശ്വനാഥ് പ്രിന്റേഴ്സിൽ ചോദ്യപേപ്പർ അച്ചടിച്ചത്. എസ്.രവീന്ദ്രൻ , സി.പി.വിജയൻ നായർ , വി. സാനു എന്നിവർ ചേർന്നാണ് മണി പ്രിന്റേഴ്സിന്റെ പേരിൽ ചെക്കുകൾ നൽകിയത്.
സിബിഐ ഇൻസ്പെക്ടർ പി.അരിൻ ചന്ദ്ര ബോസ് 2007 ജൂൺ 11 നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. അഴിമതി നിരോധന നിയമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. കുറ്റപത്രത്തോടൊപ്പം 337 രേഖകളും 48 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും സിബിഐ ഹാജരാക്കിയിട്ടുണ്ട്. രണ്ടു ഘട്ടമായാണ് സി ബി ഐ കേസിൽ കുറ്റപത്രം സമർപ്പിച്ചത്.