തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെത്തുടർന്ന് ഓൺലൈൻ ക്ലാസുകളും സജീവമായത് ഏറ്റവും കൂടുതൽ ബാധിച്ചത് എസ് എസ് എൽ സി ഉൾപ്പടെയുള്ള പരീക്ഷഫലത്തെയായിരുന്നു. വിജയശതമാനത്തിനൊപ്പം തന്നെ എ പ്ലസ് കാരുടെ എണ്ണവും വർധിച്ചത് സർക്കാറിന് തലവേദനയാവുകയാണ്. മുഴുവൻ എ പ്ലസ് ഉണ്ടായിട്ടും പോലും വിദ്യാർത്ഥികൾക്ക് ആഗ്രഹിക്കുന്ന വിഷയത്തിലോ സ്‌കുളിലോ ഉപരിപഠനത്തിന് സീറ്റ് ലഭിക്കുന്നില്ലെന്നതാണ് ഏറ്റവും പുതിയ വിവാദം.ഇതുകൊണ്ട് തന്നെ അപേക്ഷകർ കുറയുമ്പോഴും സർക്കാറിന് സീറ്റ് വർധിപ്പിക്കേണ്ടിയും വരുന്നു.

ഇതോടെ മൂല്യ നിർണയരീതിയും ഗ്രേഡിങ് സമ്പ്രദായവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയരുന്നു. അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും പുതിയ സീറ്റുകളും ബാച്ചുകളും വേണ്ടിവരുന്നത് പ്രവേശന നടപടികളിലെ അശാസ്ത്രീയത തുറന്നുകാട്ടുന്നതായാണ് ആരോപണം.91 ശതമാനം മാർക്കുനേടിയവർക്കും നൂറുശതമാനം മാർക്ക് ലഭിച്ചവർക്കും ഒരേ ഗ്രേഡ് നൽകുന്നതിലൂടെ ഉയർന്ന മാർക്ക് വാങ്ങിയവർക്കു ലഭിക്കേണ്ട അർഹമായ സ്ഥാനം നഷ്ടമാകുന്നതായാണ് പരാതി.

91 ശതമാനം മാർക്കുലഭിച്ച വിദ്യാർത്ഥിക്ക് ബോണസ് പോയന്റുകൾ കൂടി ലഭിച്ചാൽ നൂറുശതമാനം മാർക്ക് നേടിയവരെക്കാൾ മുമ്പേ പ്ലസ് വൺ പ്രവേശനം ഉറപ്പാകും. ഇത് അശാസ്ത്രീയവും നീതിനിഷേധവുമാണെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം.കഴിഞ്ഞ വർഷത്തെക്കാൾ ഈ വർഷം പ്ലസ് വൺ അപേക്ഷകരുടെ എണ്ണത്തിൽ 12,028 വിദ്യാർത്ഥികളുടെ കുറവുണ്ട്. ഇത് ബാച്ചുകളായി പരിഗണിച്ചാൽ 240 പ്ലസ് വൺ ബാച്ചുകൾക്കു സമം.

കഴിഞ്ഞ വർഷം 4,76,040 അപേക്ഷകരുണ്ടായിരുന്നു. ഇക്കൊല്ലം ഇത് 4,64,012 ആയി കുറഞ്ഞു. എസ്.എസ്.എൽ.സി.ക്കാരുടെ എണ്ണത്തിൽ 899, സി.ബി.എസ്.ഇ.-8534, ഐ.സി.എസ്.ഇ.-576, മറ്റുള്ളവർ-2019 എന്നിങ്ങനെയാണ് കുറവുള്ളത്.അതേസമയം പ്ലസ് വൺ അപേക്ഷകരുടെ എണ്ണം കുറവാണെങ്കിലും സീറ്റ് വർധനയെന്ന ആവശ്യത്തിന് മാറ്റമില്ല. സീറ്റുകളും ബാച്ചുകളും അനുവദിച്ചാൽ സാമ്പത്തിക നഷ്ടത്തിലുള്ള ബാച്ചുകളുടെയും സ്‌കൂളുകളുടെയും വർധനയ്ക്കു മാത്രമേ കാരണമാകൂയെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു