തിരുവനന്തപുരം: അവിശ്വസനീയമായിരുന്നു ഇത്തവണത്തെ പത്താം ക്ലാസ് ഫലം. 94 വരെ വിജയശതമാനം എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ വിജയം 98 ശതമാനമാകുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനുള്ള ചര്ച്ചകൾ പുരോഗമിക്കുകയാണ്. എന്തുകൊണ്ട് പത്താം ക്ലാസ് ഫലം കൂടി. ഇതിൽ ഭരണപക്ഷത്തെ യുവ എംഎൽഎ ഹൈബി ഈഡൻ പോലും തൃപ്തനല്ല. ഏതായാലും പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയല്ല തീരുമാനമെന്നാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന. +2 കേസിൽ ജയമുറപ്പിക്കാൻ കുട്ടികൾ വേണം. അനുവദിച്ച എല്ലാ സ്‌കൂളിനും അംഗീകാരവും കൊടുക്കണം. ഇതിനൊപ്പം ഡിവിഷൻ ഫാൾ ഉണ്ടാകാനും പാടില്ല. അതിന് അനുവദിച്ച +2 സ്‌കൂളുകൾക്ക് ആനുപാതികമായി കുട്ടികളെ ജയിപ്പിച്ചു. ഇനിയും പുതിയ സ്‌കൂൾ അനുവദിക്കാനുള്ള സാധ്യയും തെളിഞ്ഞു. കൂടുതൽ ഡിവിഷൻ അനുവദിക്കും ഗ്രേഡുയർത്തിയുമെല്ലാം എയ്ഡഡ് ഹൈസ്‌കൂളുകളെ ഹയർസെക്കന്റി സ്‌കൂളുകളാക്കാം. ഇതിലൂടെ കോടികൾ കച്ചവടക്കാരുടെ കൈയിലെത്തുകയും ചെയ്യും.

എസ്.എസ്.എൽ.സി വിജയശതമാനം 98 ശതമാനമായി വർദ്ധിപ്പിച്ചതിനു പിന്നിലും കച്ചവടതാത്പര്യമാണെന്ന ആരോപണം ശക്തമാണ്. ഈ വർഷവും കഴിഞ്ഞവർഷവും എയ്ഡഡ് മേഖലയിൽ വാരിക്കോരി +2 അനുവദിച്ച സർക്കാർ ഉത്തരവും എസ്.എസ്.എൽ.സി വിജയശതമാനവുമായി ചേർത്തുവായിച്ചാൽ തട്ടിപ്പിന്റെ ആഴം മനസ്സിലാക്കാൻ കഴിയും. മാനദണ്ഡങ്ങൾ മറികടന്ന് ഈ വർഷം എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള 94 എയ്ഡഡ് സ്‌കൂളുകളിൽ +2 അനുവദിച്ചതിനു പിന്നിലുള്ള അഴിമതി മറുനാടൻ മലയാളി പുറത്തുകൊണ്ടു വന്നിരുന്നു. ഇക്കുറി വിജയശതമാനം ഉയർത്തിയതിലൂടെ ഒഴിവുള്ള സീറ്റുകളിലേക്കു കുട്ടികളാകും. അവരുടെ വിദ്യാഭ്യാസനിലവാരമൊന്നും മാനേജ്‌മെന്റുകൾക്കു പ്രശ്‌നമല്ല. കുട്ടികളുണ്ടെങ്കിൽ കോഴ വാങ്ങി അദ്ധ്യാപകരെ നിയമിക്കാമെന്നതാണു മാനേജ്‌മെന്റുകൾക്കു സന്തോഷം പകരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയർത്തിയതിന്റെ അടിസ്ഥാനത്തിലല്ല ഉയർന്ന വിജയശതമാനം ഉണ്ടായിട്ടുള്ളതെന്ന കാര്യം സ്പഷ്ടമാണ്. പരീക്ഷാപേപ്പറിൽ 'മഷി കുടയാനെങ്കിലും' അറിയുന്നവരെല്ലാം ഉപരിപഠനത്തിന് യോഗ്യത നേടി. മലയാള ഭാഷ കൂട്ടിയെഴുതാനും വായിക്കാനും അറിയാത്ത കുട്ടികളെ വരെ വിജയിപ്പിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

വാരിക്കോരി സ്‌കൂളുകൾ അനുവദിച്ചതിലൂടെ കുട്ടികളുടെ എണ്ണക്കുറവ് +2 മേഖലയിൽ പ്രശ്‌നമായിരുന്നു. തിരുവനന്തപുരം2488, കൊല്ലം1805, പത്തനംതിട്ട1435, ആലപ്പുഴ1074, കോട്ടയം1684, ഇടുക്കി1128, എറണാകുളം2227, തൃശൂർ2482, പാലക്കാട്2169, കോഴിക്കോട്2749, മലപ്പുറം5540, വയനാട്361, കണ്ണൂർ1601, കാസർഗോഡ്1469. ഇത്തവണ വീണ്ടും സ്‌കൂളുകൾ അനുവദിച്ചതോടെ എണ്ണക്കുറവ് ഇരട്ടിയാകുമെന്നും ഉറപ്പായി. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള ബാച്ച് അനുവദിക്കൽ പ്രതിസന്ധി ഇരിട്ടിക്കുമെന്നും വിലയിരുത്തലെത്തി. ഇതിന് പരിഹാരമാണ് പത്താം ക്ലാസിലെ ഉയർന്ന വിജയ ശതമാനം. കഴിഞ്ഞ തവണത്തേക്കാൾ പതിനയ്യായിരത്തിലധികം കുട്ടികൾ ഇത്തവണ പത്താം ക്ലാസ് ജയിച്ചു. പരീക്ഷയെഴുതിയ 4,68,273 വിദ്യാർത്ഥികളിൽ 4,58,841 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 97.99 ശതമാനമാണ് വിജയം. ഇതിൽ 2,30,432 പേർ ആൺകുട്ടികളും 2,28,409 പേർ പെൺകുട്ടികളുമാണ്. കഴിഞ്ഞവർഷം വിജയം 95.47 ശതമാനമായിരുന്നു. ഇത്തവണ 2.52 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. ഇതിലൂടെ +2 സ്‌കൂളുകൾക്ക് ആവശ്യത്തിന് കുട്ടികളെ കിട്ടും. ഡിവിഷൻ ഫാൾ ഒഴിവാക്കാം.

ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ കോടികളുടെ നഷ്ടം എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ഉണ്ടാകും. അദ്ധ്യാപക നിയമനത്തിന് ലക്ഷങ്ങൾ വാങ്ങാമെന്ന പ്രതീക്ഷയിൽ കോഴകൊടുത്താണ് ഭൂരിപക്ഷവും ബാച്ചുകൾ സ്വന്തമാക്കുന്നത്. കുട്ടികൾ ഇല്ലാതായാൽ ഈ ബാച്ചുകൾ നഷ്ടമാകും. ഇതോടെ വാങ്ങിയ പണം അദ്ധ്യാപകർക്ക് തിരികെ നൽകേണ്ടി വരും. എന്നാൽ കോഴയായി ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും നൽകുന്നത് തിരികെ കിട്ടുകയുമില്ല. ഈ സാഹചര്യത്തിൽ എങ്ങനേയും പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്ന് മാനേജ്‌മെന്റുകൾ സർക്കാരിനോട് പറഞ്ഞിരുന്നു. ഇല്ലാത്ത സാഹചര്യത്തിൽ ബാർകോഴയ്ക്ക് സമാനമായ രീതിയിൽ കോഴപ്പണത്തിന്റെ കണക്കുകൾ പുറത്തുവിടുമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പ്രതിസന്ധി ഒഴിവാക്കാൻ വിജയശതമാനം കൂട്ടുക മാത്രമേ സർക്കാരിന് മുന്നിലുണ്ടായിരുന്നുള്ളൂ.

എസ്എസ്എൽസി പരീക്ഷയിൽ ഉത്തരമെഴുതാതെ നമ്പർ ഇട്ട ചോദ്യങ്ങൾക്കുപോലും പാതി മാർക്ക് നൽകാനായിരുന്നു ഇത്തവണ നിർദ്ദേശമുണ്ടായത്. സേ പരീക്ഷ കഴിയുന്നതോടുകൂടി വിജയശതമാനം നൂറിനടുത്ത് ആകുമെന്ന് ഉറപ്പാണ്. ഫലപ്രഖ്യാപനം അതിവേഗം നടത്താൻ തീരുമാനിച്ചതോടെ മൂല്യനിർണയം അദ്ധ്യാപകരും ഉദാരമാക്കി. പരമാവധി കുട്ടികളെ ജയിപ്പിച്ചെടുക്കാനാണ് സർക്കാർ തലത്തിൽ നിന്നും മുല്യനിർണയത്തിനെത്തുന്ന അദ്ധ്യാപകർക്ക് കിട്ടിയ നിർദ്ദേശം വന്നു. നിരന്തര മൂല്യ നിർണയത്തിലെ അപാകതയും കുട്ടികളുടെ വിജയശതമാനം കുത്തനെ ഉയർത്തി. ഇരുപതു ശതമാനം മാർക്കാണ് നിരന്തര മൂല്യനിർണയത്തിൽ നൽകിവരുന്നത്. സ്‌കൂളുകൾ തന്നെയാണ് ഇതു നൽകുന്നതെന്നതിനാൽ സ്‌കൂളുകളുടെ വിജയശതമാനം ഉയർത്താൻ മുഴുവൻ മാർക്കും സ്‌കൂൾ അധികൃതർ നൽകി. നിരന്തര മൂല്യനിർണയത്തിലെ അപാകം പരിഹരിക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് അതിന് തയ്യാറായില്ല. ഫലത്തിൽ അറിഞ്ഞുകൊണ്ട് തന്നെ വിജയ ശതമാനം ഉയർത്താൻ വേണ്ട എല്ലാ സാഹചര്യവും സർക്കാർ ഒരുക്കുകയായിരുന്നു.

നിരന്തര മൂല്യനിർണ്ണയം നൽകുന്നത് സ്‌കൂളുകളാണ്. അതായത് ഹയർസെക്കന്ററിയായയും ആകാൻ കൊതിക്കുന്നതുമായ എയ്ഡഡ് സ്‌കൂളുകളും ഇതിൽപ്പെടും. ഹയർസെക്കന്റിക്ക് കുട്ടികൾ കുറഞ്ഞാലുണ്ടാകുന്ന ബാച്ച് നഷ്ടവും സാമ്പത്തിക ബാധ്യതയും തിരിച്ചറിഞ്ഞ് എയ്ഡഡ് സ്‌കൂളുകൾ വേണ്ടത് ചെയ്തു. അനാവശ്യം തിടുക്കം കാട്ടി എല്ലാം തങ്ങളുടെ കുറ്റമാണെന്ന് വരുത്തി പ്രശ്‌നങ്ങളുടെ ഗതി മറ്റൊരു തലത്തിലെത്തിക്കാൻ വിദ്യാഭ്യാസ വകുപ്പും വേണ്ടത് ചെയ്തു. ഇതോടെ സർക്കാരിന്റെ തലയിൽ കുറ്റം ചാരി എല്ലാം സാധിച്ചെടുക്കുന്നതിൽ മാനേജ്‌മെൻരുകളും വിജയിച്ചു. 201516 വർഷത്തിൽ സർക്കാർ അനുവദിച്ച ഹയർ സെക്കൻഡറി സ്‌കൂളുകളുടെയും അധികബാച്ചിന്റെയും പിന്നിൽ വലിയ അഴിമതി നടന്നിരുന്നു. യഥാർത്ഥത്തിൽ ആവശ്യകതയൊന്നുമില്ലാതെയാണ് സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്.

കഴിഞ്ഞവർഷം 5540 +2 സീറ്റുകൾ മലപ്പുറം ജില്ലയിൽ മാത്രം ഒഴിഞ്ഞു കിടന്നു. തെക്കൻ കേരളത്തിലും വൻ തോതിൽ ബാച്ചുകളും സ്‌കൂളുകളുമെത്തിയപ്പോൾ കുട്ടികളില്ലാത്ത അവസ്ഥയെത്തി. സ്‌കൂളിന് ആപേക്ഷിക്കാത്ത മാനേജ്‌മെന്റുകൾക്ക് പോലും സാമുദായിക സമവാക്യങ്ങൾ അനുകൂലമാക്കാൻ സർ്ക്കാർ വാരിക്കോരി ബാച്ചുകളും സ്‌കൂളുകളും നൽകി. വിഷയം കോടതിയിൽ എത്തിയപ്പോൾ ഇതിൽ ഭൂരിഭാഗവും റദ്ദായി. അതിന് ശേഷവും പുതിയ ബാ്ച്ചുകൾ വന്നു. സർക്കാർ ഖജനാവിന് 500 കോടി രൂപയോളം അധിക ബാധ്യത ഉണ്ടാക്കുന്നതും മാനേജ്‌മെന്റുകൾക്ക് കോടികൾ കൊയ്യാവുന്നതുമായി വിധത്തിൽ 584 എയ്ഡഡ് അധിക ഹയർസെക്കൻഡറി ബാച്ചുകളാണ് പൊതുവിദ്യാഭ്യാസവകുപ്പ് ആരെയും അറിയിക്കാതെ അനുവദിച്ചത്. നിലവിൽ അനുവദിച്ച ബാച്ചുകളിൽ പോലും കുട്ടികൾ പഠിക്കാൻ ഇല്ലാത്ത അവസ്ഥയിലായിരുന്നു ഇത്.

കഴിഞ്ഞവർഷം അനുവദിച്ച 415 ബാച്ചുകളിൽ 50 കുട്ടികളെങ്കിലുമില്ലാത്തവ ഇക്കൊല്ലം റദ്ദാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നിലനിൽക്കെയാണ് വാരിക്കോരി പുതിയ ബാച്ചുകൾ നൽകിയത്. ഒരു ക്ലാസ്മുറി പോലുമില്ലാത്ത പുതിയ സ്‌കൂളുകൾക്കും അധിക ബാച്ച് നൽകി. എയ്ഡഡ് സ്‌കൂളുകളിൽ മാത്രം പുതിയ 1600 തസ്തികകളുണ്ടാകുന്ന വിധത്തിലാണ് ബാച്ചുകളും കോമ്പിനേഷനുകളും അനുവദിച്ചിട്ടുള്ളത്. ക്രമവിരുദ്ധമായി സർക്കാർ നേരത്തേ അനുവദിച്ച 700ൽ 285 ബാച്ചുകൾ ഹൈക്കോടതി റദ്ദാക്കിയിരിക്കെയാണിത്. പഠിക്കാനാളില്ലാതെ ഇക്കൊല്ലം മുപ്പതിനായിരത്തിലേറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഈ സ്ഥിതി കോടതിയിലെത്തിയാൽ അനുവദിക്കുന്ന എല്ലാ സ്‌കൂളുകളും പൂട്ടുന്ന അവസ്ഥയുണ്ടാകും. ഇത് മുൻകൂട്ടി കണ്ടാണ് കൂടുതലായി കുട്ടികളെ ജയിപ്പിച്ചതെന്നാണ് സൂചന. വിസ്തൃതമായ ക്ലാസ്മുറികൾ, സ്റ്റാഫ് റൂം, ടോയ്‌ലെറ്റ്, കുടിവെള്ളം, കളിസ്ഥലം, ലൈബ്രറി എന്നിവ വേണമെന്നിരിക്കെ ഇതൊന്നും ഉറപ്പാക്കുന്ന പരിശോധന നടത്താതെയാണ് ബാച്ചുകൾ ഇത്തവണയും അനുവദിച്ചിരിക്കുന്നത്. നിലവിൽ ഉള്ള ഒരു സ്‌കൂളിലെ ഏതെങ്കിലും ഒഴിഞ്ഞ മൂല കാണിച്ചാണ് അധികബാച്ചുകൾ അനുവദിച്ചിരിക്കുന്നത്. കുട്ടികൾ താൽപ്പര്യപ്പെടുന്ന വിഷയങ്ങൾ പരിഗണിച്ചുകൊണ്ടാണ് അധികബാച്ചുകൾ അനുവദിച്ചിരിക്കുന്നത്.

കുട്ടികൾ ഏറ്റവുമധികം ആവശ്യപ്പെടുന്നത് സയൻസ് ബാച്ചാണ്. എന്നാൽ സയൻസ് ബാച്ചിന് ലാബ് സൗകര്യം കൂടി പ്രത്യേകം പരിഗണിക്കണം. ഇതൊന്നും പരിശോധിക്കാതെയാണ് പുതിയ ബാച്ചുകൾ അനുവദിച്ചിരിക്കുന്നതും. മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടതനുസരിച്ച് കൊടുത്തതുകൊമേഴ്‌സുകളും നൽകിയിട്ടുണ്ട്. കമ്പ്യൂട്ടർ ആപൽക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, ബിസിനസ് സ്റ്റഡീസ് തുടങ്ങിയ വ്യത്യസ്ത കോമ്പിനേഷനുകളിൽ ഏഴ് അദ്ധ്യാപക തസ്തിക ലഭിക്കും. അദ്ധ്യാപക തസ്തികകകൾ വഴി കോടികൾ മാനേജ്‌മെന്റുകളുടെ പോക്കറ്റിലാക്കാൻ ഇതോടെ അവസരം ഒരുങ്ങുകയും ചെയ്യും. ഒരു പോസ്റ്റിന് 25 ലക്ഷം മുതൽ 35 ലക്ഷം വരെയാണ് മാനേജ്‌മെന്റുകൾ കൈക്കൂലി വാങ്ങുന്നത്. ഇതോടെ കോടികൾ ഇവരുടെ പോക്കറ്റിലാകുമെന്ന കാര്യം ഉറപ്പാണ്. നിലവിലുള്ള ബാച്ചിന്റെ അതേ വിഷയ കോമ്പിനേഷനാണെങ്കിൽ ഇംഗ്ലീഷിന് ഒരു തസ്തികമാത്രം കിട്ടും. സയൻസിലും ഹ്യൂമാനിറ്റീസിലും കോമ്പിനേഷൻ മാറ്റിക്കിട്ടിയാലും മൂന്ന് ജൂനിയർ അദ്ധ്യാപക തസ്തിക ലഭിക്കും. മലയാളവും ഹിന്ദിയും സെക്കൻഡ് ലാംഗ്വേജുള്ള സ്‌കൂളുകളിൽ അറബിക്, ഉറുദു, കന്നഡ തുടങ്ങിയവ നൽകി. രണ്ട് സെക്കൻഡ് ലാംഗ്വേജുള്ളിടത്ത് മൂന്നാമതൊന്ന് നൽകരുതെന്ന് സർക്കാരിന്റെ കർശനനിർദ്ദേശമുണ്ട്. ഇതൊന്നും പരിഗണിച്ചിട്ടുമില്ല. വിദ്യാഭ്യാസ ആവശ്യകത എന്ന കേന്ദ്ര നയം ഉയർത്തിയായിരുന്നു ഇതൊക്കെ.

ഹയർ സെക്കൻഡറി സ്‌കൂളുകൾ നിലവിലില്ലാത്ത 122 പഞ്ചായത്തുകളിൽ സ്‌കൂളുകൾ അനുവദിച്ചതിൽ 30 എണ്ണം മാത്രമാണ് സർക്കാർ മേഖലയിലുള്ളത്. വിദ്യാഭ്യാസ ആവശ്യകത എന്നതിന്റെ അടിസ്ഥാനത്തിൽ എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള 90 സ്‌കൂളുകൾ ഹയർ സെക്കൻഡറി ആയി ഉയർത്തിയതിൽ സർക്കാർ സ്‌കൂളുകൾ വെറും രണ്ടെണ്ണം മാത്രമാണ്. 162 സകൂളുകൾക്ക് അധികബാച്ച് അനുവദിച്ചതിൽ സർക്കാർ സ്‌കൂളുകൾ ഏഴെണ്ണത്തിൽ ഒതുക്കി. ഈ 162 സ്‌കൂളുകളിൽ 74 സ്‌കൂളുകളും മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്നവയാണ്. ഇതിനെല്ലാം ഒപ്പം കൂടുതൽ സീറ്റുകൾ അനുവദിച്ചതോടെ പഴയ സ്‌കൂളുകളും പ്രതിസന്ധിയിലായി. കുട്ടികളെ സ്‌കൂളുകൾ ചാക്കിട്ട് പിടിക്കാൻ തുടങ്ങിയതോടെ പല സ്‌കൂളുകൾക്കും ഡിവിഷനുകൾ നഷ്ടമായി. ഇതിലൂടെ പല എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്കും ജോലി നഷ്ടത്തിന്റെ സാഹചര്യവും ഉണ്ടായി. പത്താം ക്ലാസ് റിസൾട്ട് ഉയരുമ്പോൾ +2വിന് കൂടുതൽ കുട്ടികളെ കിട്ടും. ഇതോടെ ഈ പ്രതിസന്ധിയും അകലും.

നൂറു ശതമാനം കുട്ടികളും ജയിക്കണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എങ്ങനെ ജയിക്കണമെന്നതാണ് പ്രശ്‌നം. നിശ്ചിത വിദ്യാഭ്യാസഗുണനിലവാരം ഉറപ്പുവരുത്താൻ കഴിയാതെ ജയിപ്പിച്ചു വിടുന്നത് വലിയ സാമൂഹ്യ പ്രത്യാഘാതം സൃഷ്ടിക്കും. ഭാവിയിൽ എസ്.എസ്.എൽ.സി പരീക്ഷതന്നെ നടത്തണമോ എന്ന സംശയം ബാക്കിയാകുന്നു. എല്ലാവരെയും ജയിപ്പിക്കാനാണെങ്കിൽ കോടികൾ ചെലവഴിച്ച് എസ്.എസ്.എൽ.സി പരീക്ഷ നടത്തേണ്ടതുണ്ടോ എന്ന പൊതുസമൂഹത്തിന്റെ ചോദ്യം പ്രസക്തമാണ്. ദശാബ്ദങ്ങളായി എസ്.എസ്.എൽ.സി പരീക്ഷാസമ്പ്രദായത്തിൽ കേരളം കൈവരിച്ച സുതാര്യതയും ഗുണനിലവാരവുമാണ് ഇങ്ങനെ മ്ലേച്ഛമായി കളഞ്ഞുകുളിക്കുന്നത്.