ന്യൂജേഴ്‌സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ((St. BasiliosGregorios Orthodox Church)  ദേവാലയത്തിൽ ഫാമിലി നൈറ്റ്, ക്രിസ്മസ് ആഘോഷം വർണാഭമായി. സി.സി. മാത്യൂസ് അച്ചന്റെ പ്രാർത്ഥനയോടെ ആരംഭം കുറിച്ച കലാപരിപാടികളിലേയ്ക്കു എല്ലാവരേയും ഔദ്യോഗികമായി സ്വാഗതം ചെയ്തുകൊണ്ട് ഫാ. വിജയ് തോമസ് സംസാരിച്ചു.

റൂത്തമ്മ കൊച്ചമ്മയുടെ പ്രാർത്ഥനാഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. ഭരിക്കുന്നവന് എളിമ വേണം എന്ന സന്ദേശവുമായി, രഞ്ജിത് മാത്യു, ഫിലിപ്പ് ജോഷ്വ, ബിജു തോമസ്, അജി തോമസ്, ജോർജ് മാത്യു (ബൈജു), ആൽബെർട്ട് കുഞ്ഞുമോൻ ടീം അവതരിപ്പിച്ച 'ഒരു പ്രത്യാശയുടെ പുലരി' സ്‌കിറ്റ് കണ്ടുനിന്നവരുടെ മനം കവർന്നു.

കേരളത്തിൽനിന്ന് അമേരിക്ക കാണാനെത്തിയ അമ്മച്ചിമാരെ പ്രവാസി ചാനൽ ലൈവ് ഇന്റർവ്യൂ ചെയ്യുന്നത് കാണികളിൽ പൊട്ടിച്ചിരിയുടെ അലകൾ ഉയർത്തി. അമ്മച്ചിമാരായി സുമാ കുഞ്ഞുമോൻ, അനു ഷാജൻ, ബിജി ജോർജ്, ജോളി സൂസൻ, ബിന്ദു ബിജു, അനെറ്റ് ജോർജ്, റോസ്‌ലിൻ ഫിലിപ്പ് കസറി.

കൊച്ചുകുട്ടികൾ അവതരിപ്പിച്ച പാട്ടും നൃത്തവും, വാദ്യോപകരണങ്ങളിലുള്ള അവരുടെ പ്രാവീണ്യവും വിസ്മയാവഹമായിരുന്നു. സൺഡേ സ്‌കൂൾ ഏരിയ തലത്തിൽ ശോഭിച്ച കുട്ടികൾക്ക് അവാർഡ് വിതരണവും ഇതോടൊപ്പം നടന്നു.

എംസി ആയി സന്തോഷ് തോമസും ശിൽപാ ഷാജിയും എല്ലാവരുടെയും മനം കവർന്നപ്പോൾ, ലൈറ്റ് &സൗണ്ട് ജിബു മാത്യു, ജേക്കബ് ഈശോ, മാത്യു ജോസഫ് (ബിനു), നിശ്ചല ചായാഗ്രഹണം മാത്യു ചെറിയാൻ, സിജു പോൾ തുടങ്ങിയവർ കൈകാര്യം ചെയ്തു.

ദേവാലയ സെക്രട്ടറി വർഗീസ് മാത്യു (എബി), ട്രഷറർ സിജു പോൾ, പള്ളി മാനേജിങ്ങ് കമ്മിറ്റി ആദ്യാവസാനം മാർഗ നിർദേശങ്ങൾ നൽകി ഫാമിലി നൈറ്റ് അവിസ്മരണീയമാക്കി. ന്യൂജേഴ്‌സിയിൽ നിന്നു ഷാജി കുളത്തിങ്കൽ അറിയിച്ചതാണിത്.