മെൽബൺ: ഓൺലൈൻ ബാങ്കിങ് സംവിധാനത്തിലുണ്ടായ തകരാർ ഉപയോക്താക്കളെ വെട്ടിലാക്കി. സെന്റ് ജോർജ് ബാങ്ക്, ബാങ്ക് ഓഫ് മെൽബൺ, ബാങ്ക് എസ് എ എന്നിവയുടെ ഓൺലൈൻ, മൊബൈൽ, ടെലിഫോൺ ബാങ്കിങ് സംവിധാനത്തിലാണ് തകരാർ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസവും ഇതേ രീതിയിൽ ചില ബാങ്കുകളുടെ ഓൺലൈൻ ബാങ്കിങ് സംവിധാനം തകരാറിലായിരുന്നു.

ഓൺലൈൻ, ടെലിഫോൺ ബാങ്കിങ് സംവിധാനങ്ങൾ തകരാറിലാണെന്ന് സെന്റ് ജോർജ് ബാങ്ക് അതിന്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിരുന്നെങ്കിലും മിക്കവർക്കും എടിഎമ്മുകളിലൂടെയും പണം ലഭിച്ചില്ല. അതേസമയം ആഴ്ചാവസാനം ബാങ്കിന്റെ കമ്പ്യൂട്ടർ സംവിധാനങ്ങൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനിടയിൽ സംഭവിച്ചതാണ് കുഴപ്പങ്ങൾ എന്നാണ് ബാങ്ക് ഫേസ് ബുക്ക് പേജിൽ അറിയിച്ചിരുന്നത്. ഒക്ടോബറിലും ഇതേ തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

വെസ്റ്റ് പാക്കിന്റെ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് മെൽബണിലും ബാങ്ക് എസ്എയിലും ഇതേ പ്രശ്‌നങ്ങൾ തന്നെ ഉണ്ടായിരിക്കുകയാണ്. പണം ലഭിക്കാതെ വലഞ്ഞ ഉപയോക്താക്കൾ ഇതിനെതിരെ ഫോസ് ബുക്കിൽ വിമർശനങ്ങൾ കുറിച്ചിട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ ആരംഭിച്ച പ്രശ്‌നങ്ങൾ ഇപ്പോഴും തുടരുകയാണ്. പതിനായിരക്കണക്കിന് ഉപയോക്താക്കളാണ് ഇതുമൂലം വലയുന്നത്.

പ്രശ്‌നങ്ങൾ പരിഹരിച്ച് സർവീസുകൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്നാണ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്.