മെൽബൺ: ഇലക്ട്രോണിക് ബാങ്കിങ് സംവിധാനത്തിലെ തകരാർ മൂലം സെന്റ് ജോർജ് ബാങ്കിന്റെ ഓൺലൈൻ സൗകര്യം അവതാളത്തിലായി. രാജ്യമെമ്പാടുമുള്ള സെന്റ് ജോർജ് ബാങ്ക് ഉപയോക്താക്കൾക്ക് ഓൺലൈൻ സൗകര്യം നിഷിദ്ധമായതിൽ ബാങ്ക് നിരുപാധികം ക്ഷമ ചോദിക്കുകയും ചെയ്തു.

പതിവുപോലെ സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിനിടയിൽ ഉണ്ടായ പിഴവ് ഓൺലൈൻ ബാങ്കിങ് സംവിധാനത്തെ അവതാളത്തിലാക്കുകയായിരുന്നു. കൂടാതെ മൊബൈൽ, ഫോൺ ബാങ്കിങ് സംവിധാനവും ഇന്നലെ മുതൽ അവതാളത്തിലായിരിക്കുകയാണ്. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് ബാങ്ക് അധികൃതർ പ്രയത്‌നിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഓൺലൈൻ സൗകര്യമാണ് അവതാളത്തിലായിരിക്കുന്നതെങ്കിലും എടിഎമ്മുകൾ,  EFTPOS എന്നിവ പതിവു പോലെ പ്രവർത്തിക്കുന്നുണ്ടെന്നും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് മുടക്കം കൂടാതെ ഉപയോഗിക്കാമെന്നും ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

സേവനത്തിലുണ്ടായ തടസത്തിൽ ഖേദിക്കുന്നുവെന്നും ഏതെങ്കിലും തരത്തിൽ ഉപയോക്താക്കളിൽ നിന്ന് ഈ സമയത്ത് ഫീസോ ചാർജോ ഈടാക്കിയിട്ടുണ്ടെങ്കിൽ അത് മടക്കി നൽകുമെന്നും ബാങ്ക് വെളിപ്പെടുത്തുന്നു. ഈ ദിവസങ്ങളിൽ ലേബർ ഡേ പബ്ലിക് ഹോളിഡേ പ്രമാണിച്ച് ചില സംസ്ഥാനങ്ങളിൽ ചില ബ്രാഞ്ചുകൾ അടഞ്ഞു കിടന്നതും സെന്റ് ജോർജ് ബാങ്ക് കസ്റ്റമേഴ്‌സിനെ കൂടുതൽ അവതാളത്തിലാക്കിയിരുന്നു. ഓൺലൈൻ സംവിധാനം തകരാറിലാകുകയും അതേസമയം തന്നെ ബ്രാഞ്ചുകൾ തുറന്നു പ്രവർത്തിക്കാതിരിക്കുകയും ചെയ്തത് കസ്റ്റമേഴ്‌സിന്റെ ഇടപാടുകൾക്ക് മുടക്കം വരുത്തിയിരുന്നു.