- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാളെടുത്ത വിശുദ്ധ പൗലോസും യൂദാസിന്റെ ചുംബനവും അവസാനത്തെ അത്താഴവും കുരിശേന്തിയ യേശുവും ആദവും ഹവ്വയും വിലക്കപ്പെട്ട കനി തിന്നുന്നതും അടക്കമുള്ള ചുവർ ചിത്രങ്ങളും വാസ്തു ശിൽപ്പങ്ങളും; ചരിത്രം ഉറങ്ങുന്ന ചേപ്പാട്ടെ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സംരക്ഷിക്കണമെന്ന് നാട്ടുകാർ
ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സംരക്ഷിക്കണമെന്ന് നാട്ടുകാർ. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് 800 വർഷത്തോളം പഴക്കമുള്ള പള്ളി പൊളിക്കാനുള്ള തീരുമാനം ദൗർഭാഗ്യകരമാണെന്ന് നാട്ടുകാർ പറയുന്നു. അതിപുരാതനവും നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ടതുമായ ഈ ദേവാലയം പൊളിക്കാനുള്ള ശ്രമം ഖേദകരമാണ്. അതിനാൽ പള്ളി പൊളിക്കാനുള്ള തീരുമാനം മാറ്റണമെന്നാണ് ജാതിമത ഭേദമന്യേ നാട്ടുകാരുടെ ആവശ്യം. വലിയ പ്രതിഷേധമാണ് ഇതിനെതിരെ പ്രദേശത്തു നിന്നുയരുന്നത്.
ഒട്ടേറെ ചരിത്രരേഖകളിലും പുസ്തകങ്ങളിലും സ്ഥാനം പിടിച്ചിട്ടുള്ള ദേവാലയവും അപൂർവങ്ങളായ ചുവർചിത്രങ്ങളും കമനീയമായ പുരാതന വാസ്തുശിൽപ്പശൈലിയും വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടത് ചരിത്രപരമായ ഉത്തരവാദിത്തമായാണ് ചേപ്പാട് നിവാസികൾ കാണുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പള്ളി നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്നാണ് കരുതപ്പെടുന്നത്. 1952ൽ പുതുക്കിപ്പണിതു. എന്നാൽ അതിന്റെ കിഴക്കേ അറ്റത്തുള്ള മദ്ഹബയും അതിലെ അമൂല്യമായ ചുവർചിത്രങ്ങൾക്ക് തരിമ്പുപോലും കേടോ പരിഷ്‌കാരമോ വരാത്തവിധം അതുപോലെ തന്നെ നിലനിർത്തിക്കൊണ്ടായിരുന്നു ഈ പുതുക്കി പണിയൽ.
മൂന്നു വരിയിലായി 47 ചുവർചിത്രങ്ങളാണ് ഇവിടെയുള്ളത്. വാളെടുത്ത വിശുദ്ധ പൗലോസ്, യൂദാസിന്റെ ചുംബനം, അവസാനത്തെ അത്താഴം,, കുരിശേന്തിയ യേശു, യേശു ലാസറിനെ ഉയിർത്തുന്നത്, മറ്റ് കുരിശാരോഹണ സന്ദർഭങ്ങൾ, ആദവും ഹവ്വയും വിലക്കപ്പെട്ട കനി തിന്നുന്നത്, നോഹയുടെ പെട്ടകം തുടങ്ങിയവ ചിത്രീകരിക്കുന്ന അതീവ സുന്ദരങ്ങളായ ചുവർചിത്രങ്ങളാണ് ഉള്ളത്. പെഴ്‌സ്യൻ-കേരള ചുവർച്ചിത്രരീതികൾ സമന്വയിക്കുന്നതുകൊണ്ടു തന്നെ ഇവ അത്യപൂർവവുമാണ്. വിദേശങ്ങളിൽ നിന്നുപോലും ഇവ കാണാൻ ആളുകൾ എത്തുന്നുമുണ്ട്.
ആർക്കിയോളജിക്കിൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഈ ചുവർച്ചിത്രങ്ങൾക്ക് 600 വർഷത്തിനടുത്ത് പഴക്കമുണ്ട്. ചരിത്രപ്രാധാന്യം കണക്കിലെടുത്താണ് 1956-ൽ ഈജിപ്തിലെ ചക്രവർത്തിയായിരുന്ന ഹെയ്‌ലി സെലാസി ചേപ്പാട് പള്ളി സന്ദർശിച്ചത്. പള്ളിക്ക് ഒരു എത്യോപ്യൻ കുരിശ്, മാതാവിന്റെ പ്രതിമ എന്നിവ സമ്മാനിക്കുകയും ചെയ്തു. ഇവയെല്ലാം ഇന്നും ഇവിടുത്തെ മ്യൂസിയത്തിലുണ്ട്. കേരളാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ രണ്ടാം സ്ഥാനത്തുള്ള പള്ളിയാണ് ചേപ്പാട് പള്ളി. യുനെസ്‌കോയുടെ കീഴിലുള്ള ഒരു ഹെറിറ്റേജ് സ്മാരകമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് നാഷണൽ ഹൈവേയുടെ വീതികുട്ടൽ ഭീഷണി.
എൻഎച്ച് 66 ന്റെ പുതിയ അലൈന്മെന്റ് അടയാളപ്പെടുത്തിക്കൊണ്ട് നാഷനൽ ഹൈവേ അഥോറിറ്റി കല്ലുകൾ നാട്ടിക്കഴിഞ്ഞു. അതനുസരിച്ച് പള്ളിയുടെ പകുതിയോളം തകർക്കപ്പെടും. അങ്ങനെ സംഭവിച്ചാൽ ബാക്കിയുള്ള ഭാഗം നിലനിർത്തുന്നത് അസാധ്യമാകും. ഇതിനെതിരെയാണ് ഇപ്പോൾ ജനരോഷമുയരുന്നത്. ഇതിനു മുൻപുണ്ടായിരുന്ന അലൈന്മെന്റ് അനുസരിച്ച് പള്ളിയുടെ എതിർവശത്തുള്ള സ്ഥലമാണ് ഏറ്റെടുക്കാനിട്ടിരുന്നത്. 75 വർഷത്തിൽ താഴെ പഴക്കമുള്ള കെട്ടിടങ്ങളാണ് ആ ഭാഗത്തുള്ളത്. അവിടുത്തെ ഭൂവുടമകളാണ് സ്വാധീനം ചെലുത്തി അലൈന്മെന്റ് മാറ്റി വരപ്പിച്ചതെന്നാണ് ഇടവക അംഗങ്ങളുടെ ആരോപണം. പഴയ അലൈന്മെന്റ് പ്രകാരമാണെങ്കിൽ 5 സ്‌ക്കൂളുകളും 3 പള്ളികളും ഒരു സെമിത്തേരിയും സംരക്ഷിക്കാനാവുമെന്നും നാട്ടുകാർ പറയുന്നു.
നാടിന്റെ പൊതുവികസന ആവശ്യങ്ങൾക്കായി സഭാവക സ്ഥലങ്ങൾ വിട്ടുനൽകാൻ സഭ ഒരിക്കലും വൈമുഖ്യം കാട്ടിയിട്ടില്ല. ചരിത്ര പ്രാധാന്യമുള്ളതും സമുദായ സൗഹാർദത്തിന്റെ പ്രതീകവും സംരക്ഷിത മന്ദിരവുമെന്ന നിലയിലും, മലങ്കര സഭാ തലവനായിരുന്ന ചേപ്പാട് മാർ ദീവന്നാസിയോസിന്റെ ഖബറിടം സ്ഥിതി ചെയ്യുന്നതുമായ പള്ളി കേരള ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമായിത്തന്നെ പരിഗണിക്കപ്പെടേണ്ടതാണ്.
മുൻ നിശ്ചയിച്ചിരുന്ന പാതയുടെ അലൈന്മെന്റ് മാറ്റി പകരം പള്ളിയെ ഇല്ലാതാക്കാൻ നടന്നുവരുന്ന നടപടി ദുരുദ്ദേശ്യപരമാണ്. ചേപ്പാട് ദേവാലയത്തിന് നാശനഷ്ടം ഉണ്ടാകാത്ത തരത്തിൽ തയാറാക്കിയിരുന്നതും അന്തിമമായി അംഗീകരിക്കപ്പെട്ടിരുന്നതുമായ അലൈന്മെന്റ് പ്ലാൻ അശാസ്ത്രീയമായും അകാരണമായും പെട്ടന്ന് മാറിയതിലെ സഭയുടെ ഉൽകണ്ഠ പരിശുദ്ധ ബാവാ തിരുമേനി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും പരിശുദ്ധ ബാവ പറഞ്ഞു.
അതേ സമയം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വസ്തു ഏറ്റെടുക്കാനുള്ള സ്‌കെച്ച് തയാറാക്കാൻ എത്തിയ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം വിശ്വാസികൾ തടഞ്ഞു. ഒടുവിൽ നടന്ന ചർച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥരെ പള്ളിക്കുള്ളിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് ദേശീയപാത അധികൃതർ വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പള്ളി പരിസരത്ത് എത്തിച്ചേർന്നത്. ഇവരെ പള്ളിയുടെ ഗേറ്റിന് അകത്തേക്ക് കടക്കാൻ സമ്മതിക്കാതെ വിശ്വാസികൾ തടഞ്ഞു. തുടർന്ന് സംഘർഷമായതോടെ കരീലക്കുളങ്ങര പൊലീസ് സ്ഥലത്തെത്തി. വസ്തു ഏറ്റെടുക്കുന്നതിന് എതിരെ കേസ് നിലവിൽ ഉള്ളതിനാൽ ഉദ്യോഗസ്ഥരെ ഗേറ്റിനുള്ളിൽ പ്രവേശിപ്പിക്കില്ല എന്നായിരുന്നു വിശ്വാസികളുടെ നിലപാട്.
നിലവിലെ അവസ്ഥയിൽ കേസ് നിലനിൽക്കില്ലെന്നും സഹകരിക്കണമെന്നുമായിരുന്നു അധികൃതരുടെ പക്ഷം. സംഘർഷം രൂക്ഷമായതോടെ കായംകുളം ഡിവൈഎസ്‌പി അലക്സ് ബേബി, ദേശീയപാത സ്പെഷൽ തഹസിൽദാർ രവീന്ദ്രനാഥ പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ വികാരി ഫാദർ അലക്സാണ്ടർ വട്ടക്കാട്ട്, മാവേലിക്കര ഭദ്രാസനം സെക്രട്ടറി ഫാ. ജോൺ സ്റ്റീഫൻ, ഇടവക ട്രസ്റ്റി ഉമ്മൻ വർഗീസ് എന്നിവരുമായി ചർച്ച നടത്തി. ഒടുവിൽ സമവായത്തിലൂടെ ഉദ്യോഗസ്ഥരെ ഗേറ്റിന് ഉള്ളിലേക്ക് പ്രവേശിപ്പിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പള്ളി പൊളിക്കുന്നതിന് എതിരെ വിശ്വാസികളുടെ നിരാഹാര സമരം നടന്നു വരുന്നതിന് ഇടയ്ക്കാണ് ഉദ്യോഗസ്ഥർ എത്തിയത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.