പെർത്ത്: പെർത്തിലെ ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിൽ സ്റ്റാഫുകളുടെ അപര്യാപ്ത ഓരോ ആഴ്ചയും ഡസൻ കണക്കിന് സർജറികൾ റദ്ദാക്കുന്നതിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. അനസ്തറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിലാണ് സ്റ്റാഫുകളുടെ കുറവ് ഇവിടെ രൂക്ഷമായിരിക്കുന്നത്.
സ്റ്റാഫുകളുടെ അപര്യാപ്ത ഓരോ ആഴ്ചയും 26 സർജറികൾ എങ്കിലും റദ്ദാക്കാൻ അധികൃതർ നിർബന്ധിതരാകുന്നുവെന്നാണ് റിപ്പോർട്ട്. ഒരു വർഷം മുമ്പ് ആരംഭിച്ച ആശുപത്രി ഏറെ ബാലാരിഷ്ടതകൾ നേരിടുന്നുണ്ടെങ്കിലും നിലവിൽ അനസ്തറ്റിക്‌സ് സ്റ്റാഫുകളുടെ കുറവാണ് ആശുപത്രിയെ ഏറെ അലട്ടുന്നത്.

സ്റ്റാഫുകളുടെ കുറവ് എമർജൻസി സർജറികളെ ബാധിക്കരുതെന്ന് പ്രത്യേകം നിഷ്‌ക്കർഷയുള്ളതിനാൽ അത്യാവശ്യമല്ലാത്ത സർജറികളും ഇലക്ടീവ് സർജറികളും മാറ്റിവയ്ക്കുകയാണിപ്പോൾ. നിലവിൽ ഏറെ പ്രതിസന്ധികളിലൂടെയാണ് ആശുപത്രി കടന്നുപോകുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. ആശുപത്രിയുടെ ഘടനയിലുള്ള പ്രശ്‌നങ്ങളും കഴിഞ്ഞ 12 മാസമായി ആശുപത്രി നേരിട്ടുവരികയാണ്. മരുന്നു മാറി നൽകിയതിനെ തുടർന്ന് രോഗി മരിച്ചതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളും ആശുപത്രിയുടെ സൽപ്പേരിനെ ബാധിച്ചിരുന്നു.

സർജറികൾക്ക് ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളുടെ പോരായ്മയും ആശുപത്രി നേരിടുന്ന പ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ടതാണ്.
ആശുപത്രിക്കു വേണ്ടതിലും അനസ്‌തെറ്റിക് ഡിപ്പാർട്ട്‌മെന്റിൽ സ്റ്റാഫുകളുടെ പോരായ്മ 28 ശതമാനമാണ് നേരിടുന്നത്. അതേസമയം സ്റ്റാഫുകളുടെ പോരായ്മ രോഗികളുടെ പരിചരണത്തെ ബാധിച്ചിട്ടില്ലെന്നും സ്റ്റാഫുകളുടെ കുറവ് നികത്താനുള്ള യത്‌നത്തിലാണ് അധികൃതരെന്നും ആശുപത്രി വക്താവ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരിന്റെ നയങ്ങൾ മൂലമാണ് ആശുപത്രിയിൽ സ്റ്റാഫുകളുടെ എണ്ണത്തിൽ കുറവ് നേരിടുന്നതെന്നും ഒരു വർഷമായി തുടരുന്ന പ്രതിസന്ധി നീക്കാൻ വേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടതെന്നും സീനിയർ സ്റ്റാഫുകൾ ചൂണ്ടിക്കാട്ടുന്നു.