കായംകുളം: ശ്രീകൃഷ്ണ ദർശന രംഗം അഭിനയിക്കുന്നതിനിടെ നാടക നടൻ കുഴഞ്ഞുവീണു മരിച്ചു. കായംകുളത്താണ് സംഭവം. വൈകുണ്ഠത്തിലെത്തി ശ്രീകൃഷ്ണദർശനം നടത്തുന്ന ഭക്തിനിർഭരമായ സീനിൽ ഗംഭീരമായി അഭിനയിച്ച ശേഷം ലൈറ്റ് അണഞ്ഞപ്പോഴാണ് കൃഷ്ണ ഭക്തന്റെ വേഷം ചെയ്ത രാമചന്ദ്രൻ പിള്ളയെന്ന നടനാണ് കുഴഞ്ഞുവീണ് മരിച്ചത്. കുഴഞ്ഞുവീണ ഉടൻ തൊട്ടടുത്തുള്ള മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണ സംഭവിക്കുകയായിരുന്നു.

കായംകുളത്തെ നൃത്തനാടക വേദിയിലെ സജീവ സാന്നിധ്യമായിരുന്ന വള്ളികുന്നം കളയ്ക്കാട്ട് കിഴക്കതിൽ രാമചന്ദ്രൻപിള്ള(48)യുടെ മരണം നാടക കൂട്ടായ്മക്കാരെ ദുഃഖത്തിലാക്കി. ഇന്നലെ രാത്രി ഒൻപതരയോടെ കായംകുളം കെ.പി.എ.സി ഓഡിറ്റോറിയത്തിൽ നാടക അഭിനയത്തിനിടെ കുഴഞ്ഞുവീണു മരിച്ചത്. ഭാഗവത സപ്താഹയജ്ഞം ആറാം ദിവസം എന്ന നാടകത്തിൽ ഗോവിന്ദൻ എന്ന കൃഷ്ണഭക്തന്റെ വേഷമാണ് ലഭിച്ചത്.

നാടകത്തിന്റെ ഉദ്ഘാടന ദിവസം ഉച്ചയോടെ സന്തോഷവാനായാണ് കെ.പി.എ.സിയിൽ എത്തിയത്. ഏഴേകാലോടെ തോപ്പിൽ ഭാസി ഓഡിറ്റോറിയത്തിൽ നാടകം ആരംഭിച്ചു. അവസാന രംഗത്തിൽ കൃഷ്ണൻ വൈകുണ്ഠത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചുവരുത്തി അനുഗ്രഹം ചൊരിയുന്നതാണ് രംഗം. ഗോവിന്ദൻ ഉൾപ്പെടെ എല്ലാ കഥാപാത്രങ്ങളും വൈകുണ്ഠ സന്നിധിയിലെത്തി കൃഷ്ണന് മുന്നിൽ കൈകൂപ്പി നിന്നു. വെളിച്ചംവീഴുമ്പോൾ മറ്റൊരു ആർട്ടിസ്റ്റിന്റെ മടിയിൽ കുഴഞ്ഞുവീണ് കിടക്കുന്ന രാമചന്ദ്രനെയാണ് എല്ലാവരും കണ്ടത്. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ഗിരിജ.

സ്‌കൂൾ കാലഘട്ടം മുതൽ നാടകങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു രാമചന്ദ്രൻപിള്ള. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മികച്ച നടനായിട്ടുണ്ട്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ അഭിനയം കനൽ പോലെ ഉള്ളിൽ സൂക്ഷിച്ചു. നൃത്തനാടക രംഗത്തെ പ്രസിദ്ധനായ എണ്ണയ്ക്കാട്ട് നാരായണൻ കുട്ടിയെ കണ്ടതോടെ മൂന്നുവർഷം മുമ്പ് നാടകരംഗത്തേക്ക് തിരികെ വരികയായിരുന്നു.