ചെന്നൈ: ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. സ്റ്റാലിന്റെ മകൾ സെന്താരമരയുടെ വീട്ടിലാണ് തെരച്ചിൽ. ഇവരുടെ ഭർത്താവ് ശബരീഷുമായി ബന്ധമുള്ള മറ്റ് പലയിടങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.

ചെന്നൈയിലെ വീട്ടിലും ഓഫീസിലുമാണ് നിലവിൽ പരിശോധന നടക്കുന്നത്. കഴിഞ്ഞ മാസം ഡിഎംകെ സ്ഥാനാർത്ഥി ഇ വി വേലുവിന്റെ തിരുവണ്ണാമലയിലെയും ചെന്നൈയിലെയും വീടുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. വേലു സ്ഥാപിച്ച അരുണൈ എഞ്ചിനീയറിങ് കോളേജിലും സ്റ്റാലിൻ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലും പരിശോധന നടന്നിരുന്നു.

അതേസമയം റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ സംഭവത്തിന് യാതൊരു രാഷ്ട്രീയ ബന്ധവുമില്ലെന്നും ഇത്തരം കാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ല. മോദി സർക്കാരിന്റെ കാലത്ത് നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. തെറ്റ് ചെയ്തവരെ ശിക്ഷിക്കാനാണ് രാജ്യത്ത് നിയമസംവിധാനങ്ങളെന്നും ബിജെപി വ്യക്തമാക്കി.