സേലം: മുഖ്യമന്ത്രി പദവിയിലെത്തിയ നാൾ മുതൽ ജനോപകാരപ്രദമായ ഇടപെടലുകളിലുടെ നിരന്തരം വാർത്തകളിൽ ഇടം നേടുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനത്തെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന നിരവധി മാറ്റങ്ങളാണ് അദ്ദേഹം ഇതിനോടകം നടപ്പാക്കിയത്. അടുത്തിടെ നരിക്കുറവർ സമുദായത്തിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയ ദിവ്യ എന്ന വിദ്യാർത്ഥിനിയുടെ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ജാതിയുടെ പേരിൽ അവർ നേരിടുന്ന ബുദ്ധിമുട്ടുകളാണ് ദിവ്യ അഭിമുഖത്തിലൂടെ ദിവ്യ പങ്കുവെച്ചത്.

വിഡിയോ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി സ്റ്റാലിൻ ദിവ്യയോട് വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ' അങ്കിളിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഞങ്ങളുടെ വീട്ടിലേക്ക് വന്നാൽ ഇനിയും ഒരുപാട് സന്തോഷമാകും എന്ന് പറഞ്ഞ് സ്റ്റാലിനെ ദിവ്യ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.'വീട്ടിലേക്ക് ഉറപ്പായും വരുമെന്നും വന്നാൽ ഭക്ഷണം തരുമോ എന്നും സ്റ്റാലിൻ മറുപടി നൽകി. തരാമെന്നും ദിവ്യയും വാക്ക് പറഞ്ഞു.

ഒടുവിൽ വാക്ക് പാലിച്ചുകൊണ്ട് ആവഡിക്കടുത്ത് പരുത്തിപ്പട്ട് എന്ന ഗ്രാമത്തിലുള്ള ദിവ്യയുടെ വീട്ടിലേക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ടെത്തി. ഗ്രാമത്തിലെ കുട്ടികൾ സ്റ്റാലിന് പാസി മണിയും റോസാപൂക്കളും നൽകി സ്വീകരിച്ചു. ദിവ്യയുടെ അമ്മ വിളമ്പിയ ഇഡലിയും ചമ്മന്തിയും സാമ്പാറും ചായയും അദ്ദേഹം ആസ്വദിച്ച് കഴിക്കുകയും ചെയ്തു. ഇത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

തുടർന്ന് നരിക്കുറവ വിഭാഗത്തിലുള്ള ജനങ്ങൾക്കുള്ള ക്ഷേമസഹായ വിതരണത്തിലും അദ്ദേഹം പങ്കെടുത്തു. ഏതാനും മാസങ്ങൾക്ക് മുമ്പ് മാമല്ലപുരത്തിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ നരിക്കുരവർ സ്ത്രീയായ അശ്വിനിക്ക് ഭക്ഷണം നിഷേധിച്ചതും അതേ ക്ഷേത്രത്തിൽ അവരോടൊപ്പം ഭക്ഷണം കഴിക്കാൻ ദേവസ്വം മന്ത്രിയോട് ആവശ്യപ്പെട്ടതും ചടങ്ങിൽ മുഖ്യമന്ത്രി ഓർമിച്ചു. നരിക്കുറവരുടെയും മറ്റ് ആദിവാസികളുടെയും ആവശ്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് അയക്കാൻ എല്ലാ ജില്ലാ കളക്ടർമാരോടും താൻ നിർദ്ദേശിച്ചതും സ്റ്റാലിൻ പറഞ്ഞു.

ചെന്നൈയിലേക്കുള്ള മടക്കയാത്രയിൽ സ്റ്റാലിൻ ടി1 അമ്പത്തൂർ പൊലീസ് സ്റ്റേഷനിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയും ജനങ്ങളുടെ പരാതികളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ആരായുകയും കേസുകളുടെ രജിസ്റ്റർ പരിശോധിക്കുകയും ചെയ്തു.