തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതികളും റജിസ്‌ട്രേഷൻ ഫീസ് നിരക്കും ഇന്നു നിലവിൽവരും. നിയമസഭയിൽ ഇന്നു ധനകാര്യ ബിൽ അവതരിപ്പിക്കും. ബിൽ മേശപ്പുറത്തു വയ്ക്കുന്നതോടെ പുതിയ നികുതികൾ പ്രാബല്യത്തിൽ വരും. സാധാരണ പുതിയ സാമ്പത്തികവർഷം തുടങ്ങുന്ന ഏപ്രിൽ മുതലാണു നികുതി ഭേദഗതികൾ നടപ്പാകാറുള്ളത്.

ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നിവയ്ക്ക് ഭൂമിയുടെ ന്യായവിലയുടെ മൂന്നു ശതമാനത്തിന് തുല്യമായ മുദ്രപ്പത്രം വേണമെന്ന ബജറ്റ് നിർദ്ദേശം തിങ്കളാഴ്ച പ്രാബല്യത്തിലാവും. രജിസ്‌ട്രേഷൻ ഫീസ് രണ്ടുശതമാനമാക്കിയിട്ടുമുണ്ട്. ഇതോടെ, നിലവിലുള്ള നിരക്കിന്റെ അഞ്ചു മടങ്ങെങ്കിലും ചെലവാക്കിയാലേ കുടുംബാംഗങ്ങൾ തമ്മിലുള്ള വസ്തുകൈമാറ്റം നടക്കൂ. ഇത് ഏറെ പ്രതിഷേധത്തിന് വകവച്ചിട്ടുണ്ട്. ഇത് ധനമന്ത്രി പിൻവലിക്കുമോ എന്നും ഇന്നറിയാം. ഇല്ലാത്ത സാഹചര്യത്തിൽ മാതാപിതാക്കൾ വസ്തു മക്കളുടെ പേരിൽ എഴുതി നൽകിയാലും വലിയ തുക രജിസ്‌ട്രേഷന് വേണ്ടിവരും.

സെന്റിന് ഒരു ലക്ഷം രൂപ ന്യായവിലയുള്ളിടത്തെ സ്ഥിതിനോക്കാം. 10 സെന്റ് ഭൂമിയുള്ളയാൾ മക്കൾക്ക് ഇഷ്ടദാനം നൽകുകയാണെങ്കിൽ ആധാരത്തിൽ കാണിക്കേണ്ട തുക 10 ലക്ഷം രൂപ. നിലവിൽ ഭാഗപത്രത്തിന് മുദ്രപ്പത്രവില 1000 രൂപയാണ്. രജിസ്‌ട്രേഷൻ ഫീസ് കുറഞ്ഞത് ന്യായവിലയുടെ ഒരു ശതമാനവും പരമാവധി 25,000 രൂപയുമാണ്. അതായത്, പത്തുലക്ഷം രൂപ ന്യായവിലയുള്ള വസ്തു, ഇപ്പോഴത്തെ രീതിയിൽ രജിസ്‌ട്രേഷൻ ചെയ്താൽ 11,000 രൂപ മാത്രമാണ് അടയ്‌ക്കേണ്ടിവരിക (മുദ്രപ്പത്രവില 1000 രൂപ+ന്യായവിലയുടെ ഒരു ശതമാനം രജി. ഫീസ് 10,000 രൂപ). പുതിയ ബജറ്റ് നിർദ്ദേശമനുസരിച്ച് മൂന്നുശതമാനമാണ് മുദ്രപ്പത്രവില (30,000 രൂപ). രണ്ടു ശതമാനം രജിസ്‌ട്രേഷൻ ഫീസ് (20,000 രൂപ). ഇങ്ങനെ സർക്കാറിലേക്ക് ആകെ അടയ്‌ക്കേണ്ട തുക 50,000 രൂപ. അതായത് 39,000 രൂപ കൂടും. മുദ്രപ്പത്രവില വർധിക്കുന്നതനുസരിച്ച് എഴുത്തുകൂലിയും വർധിക്കും. ഇത്തരം അനുബന്ധ ചെലവുകളുമായി കുറഞ്ഞത് 5000 രൂപയെങ്കിലും വേറെയും കണ്ടെത്തേണ്ടിവരും.

സെന്റിന് ഒരു ലക്ഷം രൂപ ന്യായവില നിശ്ചയിച്ചിട്ടുള്ള ഒരേക്കർ ഭൂമിയുള്ളയാൾ, നിലവിലുള്ള വ്യവസ്ഥയിൽ അത് കുടുംബാംഗത്തിന് കൈമാറിയാൽ 26,000 രൂപയേ ചെലവാക്കേണ്ടതുള്ളൂ. പരമാവധി രജിസ്‌ട്രേഷൻ ഫീസ് 25,000 രൂപയും മുദ്രപ്പത്രവിലയായ 1000 രൂപയും ചേർത്താണിത്. പുതിയ തീരുമാനം പിൻവലിച്ചില്ലെങ്കില്ഡ അത് അഞ്ചുലക്ഷം രൂപയാകും. മൂന്നു ലക്ഷം രൂപ മുദ്രവില (ന്യായവിലപ്രകാരമുള്ള ഒരു കോടി രൂപയുടെ മൂന്നുശതമാനം) + രണ്ടുലക്ഷം രൂപ രജിസ്‌ട്രേഷൻ ഫീസ് (ഒരു കോടി രൂപയുടെ രണ്ടുശതമാനം). ഇത് ഏറെ വിവാദങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്. ബജറ്റ് ചർച്ചയിൽ പ്രതിപക്ഷം ശക്തമായ വാദവും നിരത്തി. ഈ സാഹചര്യത്തിൽ തീരുമാനം പുനപരിശോധിക്കുമെന്നാണ് സൂചന.

ഇത്തവണ പുതിയ സർക്കാരിന്റെ ബജറ്റ് അവതരണം വന്നതോടെയാണ് ഇടക്കാലത്തു നികുതിവർധന നിലവിൽ വരുന്നത്. ഭൂമി റജിസ്‌ട്രേഷൻ, മുദ്രപ്പത്ര നിരക്കുകൾ എന്നിവ ഇന്നു മുതൽ വർധിക്കും. 10 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്കു ഹരിതനികുതി പിരിക്കാൻ ചട്ടഭേദഗതി വേണ്ടിവരുമെന്നതിനാൽ നടപ്പാകുന്നതു വൈകും. കൊഴുപ്പ് നികുതി ബ്രാൻഡഡ് റസ്റ്ററന്റുകളിലെ ബർഗർ, പീത്‌സ തുടങ്ങിയ വിഭവങ്ങൾക്കു മാത്രമാണോ, ബേക്കറികളിൽ വിൽക്കുന്നവയ്ക്കും ഏർപ്പെടുത്തുമോ എന്ന കാര്യത്തിലും ഇന്ന് വ്യക്തത വരും. ആട്ട, മൈദ, സൂജി, റവ, വെളിച്ചെണ്ണ, തുണിത്തരങ്ങൾ എന്നിവയ്ക്ക് ഇന്നു മുതൽ വില കൂടും. ചരക്കുവാഹന നികുതി, അന്തർസംസ്ഥാന വാഹന നികുതി നിരക്കുകളും ഇന്നു മുതൽ വർധിക്കും.