- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് ഒടുവിൽ സർക്കാർ തന്നെ സമ്മതിച്ചു; ആദിവാസികളുടെ സർവ ആവശ്യങ്ങൾക്കും മുന്നിൽ സർക്കാർ കീഴടങ്ങി; സമര ചരിത്രതാളുകളിൽ ഇടംപിടിച്ച് നിൽപ്പുസമരം
തിരുവനന്തപുരം: ബാറുകാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും അഴിമതി ആരോപണങ്ങളെ ചെറുക്കാനും സമയം കണ്ടെത്തിയ യുഡിഎഫ് സർക്കാർ ഒടുവിൽ മാസങ്ങളായുള്ള ആദിവാസികളുടെ നിൽപ്പ് സമരത്തിന് പരിഹാരം കണ്ടു. ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരത്തെ ഇതുവരെ കണ്ടില്ലെന്ന നടിച്ച സർക്കാർ ഒടുവിൽ സമരക്കാരുമായി ചർച്ച നടത്തി ആവശ്യങ്ങൾ അംഗീകരിക്
തിരുവനന്തപുരം: ബാറുകാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും അഴിമതി ആരോപണങ്ങളെ ചെറുക്കാനും സമയം കണ്ടെത്തിയ യുഡിഎഫ് സർക്കാർ ഒടുവിൽ മാസങ്ങളായുള്ള ആദിവാസികളുടെ നിൽപ്പ് സമരത്തിന് പരിഹാരം കണ്ടു. ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരത്തെ ഇതുവരെ കണ്ടില്ലെന്ന നടിച്ച സർക്കാർ ഒടുവിൽ സമരക്കാരുമായി ചർച്ച നടത്തി ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. ഇതോടെ ആദിവാസി സമരചരിത്രങ്ങളിൽ സുവർണ്ണ ലിപികളിൽ എഴുതിചേർത്ത സമരമായി സെക്രട്ടറിയേറ്റ് പടിക്കലെ നിൽപ്പു സമരം മാറി. നേരത്തെ ആദിവാസികളുടെ എല്ലാ ആവശ്യങ്ങളും സർക്കാർ സമ്മതിച്ചതാണെന്നും എന്നിട്ടും ആദിവാസികൾ നിൽപ്പു സമരം തുടരുകയാണെന്നുമായിരുന്നു സർക്കാർ വാദിച്ചിരുന്നത്. എന്നാൽ, ഇപ്പോഴാണ് സമരക്കാർ പറഞ്ഞ മുഴുവൻ കാര്യങ്ങളും അംഗീകരിക്കാൻ സർക്കാർ തയ്യാറായത്.
കേന്ദ്രസർക്കാരും സുപ്രിംകോടതിയും അനുമതി നൽകിയത് പ്രകാരമുള്ള 7693 ഹെക്ടർ നിക്ഷിപ്ത വനഭൂമി സംസ്ഥാനത്തെ ആദിവാസികൾക്ക് പതിച്ചുനൽകിക്കൊണ്ട് വിജ്ഞാപനമിറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതോടെയാണ് 162 ദിവസമായി തുടരുന്ന നിൽപ്പു സമരത്തിന് അറുതിയായത്. ആദിവാസി ഊരുകളിൽ അവരുടെ മാത്രമായ ഭരണസമിതികൾ അറിയാതെ ഭൂമിയുടെ ക്രയവിക്രയം അനുവദിക്കില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന പെസ്സ നിയമം നടപ്പാക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇക്കാര്യങ്ങൾ ഉൾപ്പെടയുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തിൽ 162 ദിവസമായി തുടരുന്ന നില്പ്‌സമരം അവസാനിപ്പിക്കാൻ ആദിവാസി ഗോത്രമഹാസഭ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിന്റെ മിനുട്‌സ് കൈയിൽ കിട്ടിയാലുടൻ വ്യാഴാവ്ച രാവിലെ സമരം പിൻവലിച്ചുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിക്കുമെന്ന് ഗോത്രമഹാസഭാ നേതാവ് സി കെ ജാനു അറിയിച്ചു. നേരത്തെ സമരക്കാരുമായി ചർച്ച നടത്തിയ സർക്കാർ സമാനമായ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നെങ്കിലും രേഖാമൂലമുള്ള അറിയിപ്പ് നൽകാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് സമരം സമരം വീണ്ടും നീണ്ടുപോയത്. ഇതിനിടെ കഴിഞ്ഞദിവസം പരിസ്ഥിതി പ്രവർത്തക മേധാ പട്കടർ തിരുവനന്തപുരത്തെത്തിയതോടെ സമരത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ഇതോടെയാണ് സമരം ഒത്തുതീർപ്പാക്കാൻ വഴിതെളിഞ്ഞത്.
വനാവകാശം നൽകിയതിന്റെ പേരിലും പട്ടികവർഗക്കാർ അല്ലാത്തവർ കൈയേറിയതിന്റെ പേരിലും ആദിവാസികൾക്ക് നഷ്ടമായ വനഭൂമി കൂട്ടിച്ചേർക്കുന്നതിന് കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കും. നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമിക്കായി കേന്ദ്രത്തോട് ആവശ്യപ്പെടും. 7693 ഹെക്ടറിന് പുറമേ നിലവിൽ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ 1500 ഹെക്ടർ ഭൂമിയിൽ ആദിവാസിപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ സംയുക്തപരിശോധന നടത്തും. പരിശോധനയിൽ വാസയോഗ്യമെന്ന് കണ്ടെത്തുന്ന ഭൂമി ആദിവാസികൾക്ക് നൽകും.
കേരളത്തിന്റെ ആദിവാസി ഊര് ഭൂമി പട്ടികവർഗ്ഗമേഖലയിൽ ഉൾപ്പെടുത്തിയുള്ള പെസ്സ നിയമം (പ്രിവൻഷൻ ഒഫ് പഞ്ചായത്ത്‌സ് എക്സ്റ്റൻഷൻ ഒഫ് ഷെഡ്യൂൾഡ് ഏരിയ ആക്ട്) ഝാർഖണ്ഡിൽ മാത്രമാണ് നിലവിൽ പരിമിതമായ തോതിൽ നടപ്പാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രിയും പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറും പറഞ്ഞു. ഇത് പൂർണ്ണതോതിൽ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. 40ശതമാനത്തിൽ കൂടുതൽ പട്ടികവർഗ്ഗവിഭാഗക്കാർ ഉൾപ്പെടുന്ന പഞ്ചായത്തുകൾ അവരുടെ മാത്രം അവകാശത്തിലുള്ളതാക്കുന്നതാണ് പെസ്സ നിയമം. എന്നാൽ 100 ശതമാനവും ആദിവാസികളുള്ള ഊരുകളെ ഇതിന്റെ പരിധിയിൽ കൊണ്ടുവരാനാണ് കേരളം ഉദ്ദേശിക്കുന്നത്.
മുത്തങ്ങയിൽ നിന്ന് കുടിയിറക്കപ്പെട്ട 447 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി നൽകും. ഇവർക്ക് വീട് വയ്ക്കുന്നതിന് രണ്ടര ലക്ഷം രൂപ വീതവും നൽകും. മുത്തങ്ങ പൊലീസ് വെടിവയ്പ് ഉണ്ടായവേളയിൽ ജയിലിൽ പോകേണ്ടി വന്ന ആദിവാസി കുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകും. സർക്കാർകണക്കനുസരിച്ച് 44 കുട്ടികളാണ് ഉള്ളത്. കൂടുതൽ പേരുണ്ടെങ്കിൽ അവർക്കും തുക നൽകും. കുട്ടികൾക്ക് നിയമസഹായം ഇപ്പോൾ നൽകിവരുന്നുണ്ട്. കേസുകൾ പിൻവലിച്ചിട്ടുണ്ട്.
ആറളം ഫാമിലെ ആദിവാസികളുടെ പ്രഎശ്‌നങ്ങൾ നേരിട്ട് പരിശോധിച്ച് തീരുമാനങ്ങൾ നടപ്പാക്കുന്നതിന് പട്ടികവർഗ്ഗ ഡയറക്ടറെ ചുമതലപ്പെടുത്തി. അവിടെ പൈനാപ്പിൾ കൃഷി നിരോധിക്കണമെന്ന ആവശ്യമാണ് ആദിവാസികളുയർത്തുന്നത്. കീടനാശിനിപ്രയോഗവും ആനശല്യവുമാണ് കാരണമായി അവർ പറയുന്നത്. ഇനി പുതുതായി പൈനാപ്പിൾ കൃഷി അനുവദിക്കില്ല. നിലവിലുള്ളത് അവസാനിപ്പിക്കാനാകുമോ എന്ന് പരിശോധിക്കും. ആദിവാസി പുനരധിവാസമിഷൻ കാര്യക്ഷമമാക്കും. അട്ടപ്പാടി ആദിവാസി ഊരുകളിൽ പരമ്പരാഗതകൃഷിക്ക് പ്രോത്സാഹനം നൽകും. ഐടിഡിപി പോലുള്ള ഏജൻസികളുടെ സഹായത്തോടെ ഇതിന് നടപടിയെടുക്കും.
സംസ്ഥാനത്ത് വേടർ സമുദായത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും. പ്രോജക്ട് ഫാമുകളിൽ താമസിക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് 2006ലെ വനാവകാശ നിയമപ്രകാരം കൈവശാവകാശ രേഖ നൽകും. മന്ത്രിസഭായോഗത്തിൽ നിർദ്ദേശങ്ങൾ അംഗീകരിച്ചതിനുശേഷം ആദിവാസി ഗോത്ര മഹാസഭാ നേതാക്കളായ സി.കെ. ജാനു, എം. ഗീതാനന്ദൻ എന്നിവരുമായി ചർച്ച നടത്തിയശേഷമാണു മുഖ്യമന്ത്രി തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, പി.കെ. ജയലക്ഷ്മി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
എന്തിന് വേണ്ടിയായിരുന്നു നിൽപ്പു സമരം?
2001ലെ കുടിൽകെട്ടി സമരത്തോടനുബന്ധിച്ചുണ്ടാക്കിയ കരാർ നടപ്പിലാക്കുക എന്നത് തന്നായായിരുന്നു ആദിവാസികളുടെ നിൽ്പു സമരത്തിലെ പ്രധാന ആവശ്യം. അന്നത്തെ കരാർ പ്രകാരം കേരളത്തിലെ ഭൂരഹിതരായ മുഴുവൻ ആദിവാസി കുടുംബത്തിനും കൃഷി ചെയ്യാൻ ആവശ്യമായ ഭൂമികൊടുക്കാം എന്നായിരുന്നു ധാരണ. ഭൂമിയുടെ ലഭ്യത അനുസരിച്ച് ഒരേക്കർ മുതൽ അഞ്ച് ഏക്കർ വരെ. ഭൂമി കൊടുത്ത് കഴിഞ്ഞാൽ ആ ഭൂമി കൃഷിയോഗ്യമാക്കുന്നതിന് വേണ്ടി ഒന്നോ രണ്ടോ വർഷത്തേക്കെങ്കിലും പുനരധിവാസ പാക്കേജ് നടപ്പിലാക്കും. പണി എടുക്കുന്ന ആളുകൾക്ക് ചെറിയ രീതിയിലുള്ള കൂലിയും ഭക്ഷണവും നൽകും, സ്ഥലം കൃഷിയോഗ്യമാക്കുന്നത് വരെയായിരുന്നു പാക്കേജ്. ഈ പാക്കേജ് വിശദമായി നടപ്പിലാക്കാനായിരുന്നു ഒരു ആവശ്യം.
കൂടാതെ കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ കൊടുക്കുന്ന ഭൂമി അന്യാധീനപ്പെട്ട് പോകാതിരിക്കാൻ ഇന്ത്യൻ ഭരണഘടനയുടെ 244ാം വകുപ്പ് അനുസരിച്ച് പട്ടികവർഗ്ഗ പ്രദേശമാക്കാൻ വ്യവസ്ഥയുണ്ട്. അതിലെ അഞ്ചാം ഷെഡ്യൂളിലും ആറാം ഷെഡ്യൂളിലും. കേരളത്തിൽ ആറാം ഷെഡ്യൂൾ നടപ്പാക്കാൻ പറ്റാത്തതിനാൽ അഞ്ചാം ഷെഡ്യൂൾ നടപ്പാക്കണം. കൊടുത്ത ഭൂമിയിൽ ആദിവാസികളുടെ ഊര് ഭൂമിയും ഉൾപ്പെടുത്തുക. ആദിവാസികൾക്ക് ഈ ഭൂമി വിൽക്കാനും പുറത്തുനിന്ന് ആർക്കും വാങ്ങാനും പറ്റില്ല. ഈ നിയമം കൊണ്ട് വന്ന് ആ ഭൂമി സംരക്ഷിക്കണം. അതിനുവേണ്ടി കേന്ദ്ര ഗവൺമെന്റിന് ഒരു അപേക്ഷ കൊടുത്തിരുന്നു. പക്ഷേ കേരള സർക്കാർ അതിന്റെ പരിഗണിച്ചിരുന്നില്ല. ഈആവശ്യവും സർക്കാർ അംഗീകരിച്ചു.
വിപ്ലവകരമായ തീരുമാനമെന്ന് ഗോത്ര മഹാസഭ
ആദിവാസി ഭൂമിവിതരണ പ്രശ്‌നത്തിൽ വിപ്ലവകരമായ തീരുമാനമാണ് യുഡിഎഫ് സർക്കാരിന്റേതെന്ന് ആദിവാസി ഗോത്ര മഹാസഭാ നേതാക്കളായ സി.കെ. ജാനുവും എം. ഗീതാനന്ദനും പ്രതികരിച്ചു. ആദിവാസികൾ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. അതിനുള്ള നന്ദിയും കടപ്പാടും സർക്കാരിനോട് എന്നുമുണ്ടാകും. ഇന്നു മന്ത്രിസഭാ തീരുമാനങ്ങളുടെ ഔദ്യോഗികരേഖ ലഭിച്ചാലുടൻ സമരം അവസാനിപ്പിക്കുമെന്നും അവർ പറഞ്ഞു.
സോഷ്യൽ മീഡിയയുടെ ഇടപെടലിന്റെ വിജയം
മുഖ്യധാര മാദ്ധ്യമങ്ങൾ കണ്ടില്ലെന്ന നടിച്ച് തീർത്തും അവഗണിച്ച ആദിവാസി സമരത്തെ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് സോഷ്യൽ മീഡിയയും നവമാദ്ധ്യമങ്ങളുമായിരുന്നു. നിൽപ്പു സമരത്തിന്റെ തുടക്കത്തിൽ മുഖ്യധാരക്കർ ഇവരെ തീർത്തും അവഗണിക്കുകയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ സമരം വ്യാപിക്കുകയും അനുഭാവം പ്രകടിപ്പിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയത്‌തോടെ മുഖ്യധാരയും വിഷയം ഏറ്റെടുത്തു. നഴ്‌സിങ് സമരത്തിലെ വിജയത്തിന് ശേഷം സോഷ്യൽ മീഡിയ ഇടപെട്ട് വിജയിപ്പിക്കുന്ന മറ്റൊരു സമരം കൂടിയായി ആദിവാസികളുടെ നിൽപ്പു സമരവും.