ന്യൂയോർക്ക്: പക്വമായ സമീപനങ്ങളും യുവത്വത്തിന്റെ പ്രസരിപ്പുമായാണ് സ്റ്റാൻലി കളത്തിൽ ഫോമ പ്രസിഡന്റുപദത്തിലേക്കു മത്സരത്തിനിറങ്ങുന്നത്. സംഘടന എന്തായിരിക്കണം, എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളാണു സ്റ്റാൻലിയെ ശ്രദ്ധേയനാക്കുന്നത്.

നാനാഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണ തന്നെ ഊർജസ്വലനാക്കുന്നതായി ഫോമയുടെ നിലവിലുള്ള ജോയിന്റ് സെക്രട്ടറികൂടിയായ സ്റ്റാൻലി പറഞ്ഞു. പ്രവർത്തിക്കുന്നവർക്ക് അവസരം കൊടുക്കണമെന്നാണു തന്റെ പക്ഷം.

പാനലിനോട് താത്പര്യമൊന്നുമില്ല. അമിതമായ മത്സസരബുദ്ധി നന്നല്ല. ട്രഷറർ സ്ഥാനത്തേക്കു പന്തളം ബിജുവിനെ പിന്തുണയ്ക്കുന്നുണ്ട്. പാനലായേലേ പറ്റൂ എന്ന സ്ഥിതി വന്നാൽ അപ്പോൾ നോക്കാമെന്നതാണു തന്റെ ചിന്താഗതി.

സംഘടനയിലെ നല്ലൊരു പങ്കുമായും മികച്ച ബന്ധം പുലർത്തുന്നതിനാൽ വിജയത്തെപ്പറ്റി സംശയമൊന്നുമില്ല. ഇതേവരെയുള്ള സൂചനകളും അതാണ്.

വിജയിച്ചാൽ നടപ്പാക്കേണ്ട ഒട്ടേറെ കാര്യങ്ങളുടെ രൂപരേഖ തയാറാക്കിയിട്ടുണ്ട്. അതു യഥാസമയം പുറത്തുവിടും. നിലവിലുള്ള കമ്മിറ്റി ഏറ്റെടുത്തു നടപ്പാക്കുന്ന കാൻസർ സെന്ററിനുള്ള സഹായ പരിപാടി പോലുള്ളവ എന്തുകൊണ്ടും പ്രധാന്യമർഹിക്കുന്നു.

പല രീതിയിലുള്ള പ്രശ്‌നങ്ങൾ നമ്മുടെ സമൂഹം നേരിടുന്നുണ്ട്. നാട്ടിൽനിന്നു വരുന്നവർ എന്തെങ്കിലുമൊക്കെ ജോലിയിൽ കയറിപ്പറ്റുന്നുണെ്ടങ്കിലും ഇവിടെ പഠിച്ചു വളരുന്ന തലമുറയ്ക്ക് അർഹമായ ജോലി കിട്ടാൻ ബുദ്ധിമുട്ട് ഉണെ്ടന്ന വസ്തുത പലർക്കും അറിയില്ല. അതിനാൽ അവർക്ക് സ്‌കൂൾ തലം മുതൽ ഗൈഡൻസ് നൽകാൻ പ്രഫഷണൽ രംഗത്തുള്ളവർക്കു കഴിയണം. അതിനു ഫോമ നേതൃത്വം നൽകണമെന്നതിൽ സംശയമില്ല.

വീസ, പാസ്‌പോർട്ട് പ്രശ്‌നങ്ങളിൽ ഫോമ എപ്പോഴും സജീവമായ നേതൃത്വം നൽകിയിട്ടുണ്ട്. പ്രവാസി വകുപ്പ് നിർത്തുകയും വീസ, പാസ്‌പോർട്ട് ഫീസൊക്കെ കൂട്ടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഫോമയുടെ ഇടപെടൽ അനിവാര്യമാണ്.

ന്യൂയോർക്ക് ലോംഗ്‌ഐലൻഡിൽ റേഡിയോളജി രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാൻലി ഡെമോക്രാറ്റിക് പാർട്ടി നേതാവുമാണ്. 1999ൽ അമേരിക്കയിലെത്തിയ നാൾ മുതൽ മലയാളി സംഘടനകളുമായും മുഖ്യധാരാ രാഷ്ട്രീയ രംഗത്തുള്ളവരുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അതിനു വഴികാട്ടിയായത് ഐഎൻഒസി നേതാവും ബന്ധുവും കൂടിയായ കളത്തിൽ വർഗീസാണ്.

തിരുവല്ല സ്വദേശിയായ സ്റ്റാൻലി ബാലജനസഖ്യത്തിൽകൂടിയാണ് നേതൃരംഗത്തുവന്നത്. മാർത്തോമ യുവജനസഖ്യത്തിന്റെ റീജണൽ സെക്രട്ടറിയായി മൂന്നുവർഷം തുടർച്ചയായി പ്രവർത്തിച്ചു. 17 പള്ളികളടങ്ങുന്നതാണ് റീജൺ. ഭദ്രാസന അസംബ്ലി മെംബറായത് ഇരുപത്തൊന്നാം വയസിൽ. നെടുമ്പ്രം ക്രിസോസ്റ്റം ഇടവകയുടെ സെക്രട്ടറിയായും ട്രസ്റ്റിയായും പ്രവർത്തിച്ചിട്ടുണ്ട്.

വൈഎംസിഎ, യൂണിവേ പ്രവർത്തനങ്ങളും സജീവമായിരുന്നു. പല തവണ ബ്ലഡ് ഡൊണേഷൻ ക്യമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ആർസിസി പ്രോജക്ടിനു വേണ്ടിതുടക്കം മുതലേ പ്രവർത്തിച്ചവരിൽ ഒരാളായിരുന്നു സ്റ്റാൻലി കളത്തിൽ

ഭാര്യ: ആർഎൻ ആയ ബിന്ദു. മക്കൾ: സ്‌നേഹ, സ്റ്റീവ്, സാറ.