- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേക്ക്, പുതപ്പ്, ക്രിസ്മസ് ട്രീ...ഗിന്നസിൽ ഇടം നേടാൻ ഇനി നക്ഷത്ര തടാകവും; മലയാറ്റൂരിലെ മനുഷ്യവിസ്മയത്തിന് എങ്ങും കൈയടി
കൊച്ചി : കേക്കും പുതപ്പും ക്രിസ്മസ് ട്രീയുമൊക്കെ ഗിന്നസിൽ ഇടം കണ്ടെത്തിയപ്പോൾ മലയാറ്റൂരിൽ ഒരു തടാകം തന്നെ ഗിന്നസിലേക്ക് ഒഴുകാൻ ഒരുങ്ങിനിൽക്കുന്നു. തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിലാണ് മനുഷ്യ നിർമ്മിതമായ തടാകം നക്ഷത്രങ്ങൾക്കൊണ്ട് അലങ്കരിക്കപ്പെട്ടിട്ടുള്ളത്. ഇക്കുറി ക്രിസ്മസുമായി ബന്ധപ്പെട്ട് നാലോളം വിസ്മയങ്ങളാണ് കേരളത്തി
കൊച്ചി : കേക്കും പുതപ്പും ക്രിസ്മസ് ട്രീയുമൊക്കെ ഗിന്നസിൽ ഇടം കണ്ടെത്തിയപ്പോൾ മലയാറ്റൂരിൽ ഒരു തടാകം തന്നെ ഗിന്നസിലേക്ക് ഒഴുകാൻ ഒരുങ്ങിനിൽക്കുന്നു. തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിലാണ് മനുഷ്യ നിർമ്മിതമായ തടാകം നക്ഷത്രങ്ങൾക്കൊണ്ട് അലങ്കരിക്കപ്പെട്ടിട്ടുള്ളത്.
ഇക്കുറി ക്രിസ്മസുമായി ബന്ധപ്പെട്ട് നാലോളം വിസ്മയങ്ങളാണ് കേരളത്തിൽനിന്നും ഗിന്നസിലേക്ക് ശുപാർശ ചെയ്യപ്പെട്ടത്. ചെങ്ങന്നൂരിൽ നിർമ്മിച്ച മനുഷ്യ ക്രിസ്മസ് ട്രീ, കൊച്ചിയിലെ ക്രയേഷ്യയുടെ നേതൃത്വത്തിൽ നിർമ്മിച്ച നീളംകൂടിയ പുതപ്പ്, മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ രൂപത്തിൽ നിർമ്മിച്ച കേക്ക് എന്നിവയാണ് ഇടംനേടാനായി ഒരുങ്ങുന്നത്. മലയാറ്റൂർ കാർണ്ണിവലിനോട് അനുബന്ധിച്ചാണ് നക്ഷത്ര തടാകം രൂപപ്പെടുത്തിയത്.
മലയാറ്റൂർ മണപ്പാട്ടുചിറക്കു ചുറ്റും താരകങ്ങൾ കൊണ്ടൊരുക്കിയ വിസ്മയം കാണാൻ ആയിരങ്ങളാണെത്തുന്നത്. സായന്തനത്തിൽ ചിറയ്ക്കുചുറ്റും തെളിയുന്ന നക്ഷത്ര പ്രഭ കാർണിവെലിന്റെ മുഖ്യ ആകർഷണമായി മാറുകയാണ്. കഴിഞ്ഞ ഒരുമാസത്തോളമായി മലയാറ്റൂർ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിലാണ് തടാക നിർമ്മാണം ആരംഭിച്ചത്. നൂറിലധികം യുവാക്കളാണ് നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നത്. ഏകദേശം പതിനാല് ലക്ഷം രൂപയോളം ചിലവഴിച്ചാണ് നക്ഷത്രത്തടാകം രൂപപ്പെടുത്തിയത്.
നൂറേക്കറിലധികം വരുന്ന മനുഷ്യ നിർമ്മിതമായ മലയാറ്റൂർ മണപ്പാട്ടുചിറക്ക് ചുറ്റും അയ്യായിരത്തി പതിനഞ്ച് നക്ഷത്രങ്ങൾ മാലയിലെ മുത്തുമണികൾ പോലെ കോർത്തുകൊണ്ടാണ് ഭംഗിയുള്ള നക്ഷത്ര തടാകം ഒരുക്കിയത്. കാണികൾക്ക് വിസ്മയം തീർത്തതോടെ തടാകം ഗിന്നസിലേക്ക് നീങ്ങാൻ തുടങ്ങി. ലോകത്തെ തന്നെ ആദ്യ സംഭവമായി അഭിപ്രായപ്പെട്ട തടാകത്തെ ഗിന്നസിൽ ഉൾപ്പെടുത്തുന്നതിനെകുറിച്ച് അധികൃതർ ചർച്ചയിലാണ്. ഏഴു ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ചുള്ള അറിയിപ്പ് സംഘാടകരെ അറിയിക്കുമെന്ന് ഗിന്നസ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ജോസ് തെറ്റയിൽ എംഎൽഎ യും ആലുവ അദ്വൈതാശ്രമ മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ സ്വാമികളും ചേർന്ന് തടാകത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സംസ്ഥാന സർക്കാർ കേരളത്തിലെ നാലു പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി മലയാറ്റൂർ, കാലടി പ്രദേശങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി മുപ്പത് കോടി രൂപ കാലടി മലയാറ്റൂർ പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കാലടി, കോടനാട്, മലയാറ്റൂർ, ഏഴാറ്റുമുഖം, അതിരപ്പിള്ളി പ്രദേശങ്ങളെ ബന്ധിപ്പിച്ചു ടൂറിസം ആസ്വദിക്കാനുള്ള പദ്ധതിയും ഉടൻ തുറക്കാനാണ് ആലോചന.