കൊച്ചി: രാഷ്ട്രീയ നേതാക്കളെ പോലെ സംസ്ഥാനത്തെ താരങ്ങളും അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. അതിരാവിലെ എത്തി ക്യൂനിന്ന് വോട്ട് ചെയ്തത് യുവനടൻ ദുൽഖർ സൽമാനാണ്. എറണാകുളത്താണ് ദുൽഖർ വോട്ട് ചെയ്തത്. പനമ്പള്ളി നഗറിലെ പോളിങ് ബൂത്തിലെക്കി ക്യൂ നിന്ന് ദുൽഖർ വോട്ടു ചെയ്തു. കേരളത്തിൽ ദുൽഖർ വോട്ടു ചെയ്യുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ചെന്നൈയിലാണ് വോട്ട് ചെയ്തതെന്ന് ദുൽഖർ പറഞ്ഞു.

രാഷ്ടീയക്കാരായ സിനിമാ താരതങ്ങളും രാവിലെ തന്നെ വോട്ടു ചെയ്തു. സുരേഷ് ഗോപി ശാസ്തമംഗലത്തെ പോളിങ് ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. അതുപോലെ ഇന്നസെന്റ് ഇരിങ്ങാലക്കുടയിലും മുകേഷ് കൊല്ലത്തു വോട്ടു ചെയ്തു. നടൃൻ മമ്മൂട്ടി പനമ്പള്ളി നഗറിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എല്ലാവർക്കും രാഷ്ട്രീയ അഭിപ്രായമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു രാഷ്ട്രീയം നമ്മുടെ അഭിപ്രായമാണ്. അത് പ്രകടിപ്പിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്. ആ അവസരം പാഴാക്കരുതെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മമ്മൂട്ടി. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ പോളും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

നടൻ ശ്രീനിവാസൻ ഭാര്യയ്ക്കൊപ്പമെത്തിയാണ് വോട്ടു ചെയതത്. അഴിമതിക്കെതിരായ ജനവിധിയാണ് ഉണ്ടാകേണ്ടതെന്ന് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. അഴിമതിക്കാരല്ലാത്തവരെ വിജയിപ്പിക്കാൻ കക്ഷി നോക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തെളിവില്ലാതെ എങ്ങനെ അഴിമതി നടത്താമെന്ന് നേതാക്കൾ കണ്ടുപിടിച്ചു കഴിഞ്ഞെന്നും ശ്രീനിവാസൻ പറഞ്ഞു. ഏത് ആരോപണം വന്നാലും തെളിവില്ലെന്നാണ് കേരളത്തിലെ നേതാക്കൾ പറയുന്നത്. ഹൈടെക് അഴിമതിയാണ് ഇവിടെ നടക്കുന്നത്. മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങൾ സുതാര്യമല്ല. ഒരു വൻകിട പദ്ധതി വന്നാൽ അത് ജനം അറിയും മുൻപ് നേതാക്കൾ അറിയും. ആ പദ്ധതി പ്രദേശത്തെ സ്ഥലം മുഴുവൻ രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ വാങ്ങിക്കൂട്ടുന്നതാണ് ഇവിടെ പതിവ്. ഇതിനെല്ലാം മാറ്റം വരണം. തൃപ്പൂണിത്തുറ മണ്ഡലത്തിൽ വോട്ട് ചെയ്ത ശേഷം ശ്രീനിവാസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഷൂട്ടിംഗിന് അവധി നൽകി കാവ്യാമാധവൻ വോട്ട് ചെയ്തു. എല്ലാ യുവാക്കളും സമ്മതിദാനം നിർവഹിക്കണമെന്ന് കാവ്യ പറഞ്ഞു. അഴിമതിക്കും അനീതിക്കുമെതിരായ ജനവിധിയുണ്ടാകുമെന്ന് കെ ബി ഗണേശ്‌കുമാർ അഭിപ്രായപ്പെട്ടു. കനത്ത പോളിംഗാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൽ യുവാക്കളുടെ സാന്നിധ്യം ശക്തമാണ്. തമിഴകത്തും താരങ്ങൾ രാവിലെ വോട്ടു ചെയ്തു. കമൽ ഹാസനും, രജനീകാന്തും വോട്ട് രേഖപ്പെടുത്തി. ഡിഎംഡികെ നേതാവ് വിജയ്കാന്തും വോട്ട് ചെയത്ു.