മസ്‌കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ ഫലമായി ഒമാനിൽ മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ന്യൂനമർദം ഒമാൻ തീരത്തേക്ക് അടുക്കുന്നതിനാൽ മഴ പ്രതീക്ഷിക്കാമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മസ്‌കത്തിലും ഉൾപ്രദേശങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളിലായി മഴയുണ്ടാകാനാണിട. കടലിൽ രൂപംകൊണ്ട കൊടുങ്കാറ്റ് ശക്തികുറഞ്ഞ് ന്യൂനമർദമായതായി കഴിഞ്ഞദിവസം കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. ഇത് ഒമാൻ തീരത്തേക്കാണ് നീങ്ങുന്നത്.

നിലവിൽ തീരത്തുനിന്ന് 1150 കിലോമീറ്റർ അകലെയാണ് ഇതിന്റെ സ്ഥാനമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 20 മുതൽ 25 നോട്ട് വരെയാണ് ന്യൂനമർദത്തിന്റെ ഭാഗമായ കാറ്റിന്റെ വേഗത.
ഒമാനുപുറമെ തെക്കൻ ഇറാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതരും പറയുന്നു. ഏറ്റവും പുതിയ കാലാവസ്ഥാ അറിയിപ്പുകൾ ജനങ്ങൾ ശ്രദ്ധിക്കണമെന്നും ദുരന്തങ്ങളെ കരുതിയിരിക്കണമെന്നും പബ്‌ളിക് അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു.