- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാർട്ടപ്പുകളിൽ കൂട്ടപിരിച്ചുവിടൽ; നിക്ഷേപകർ പിൻവാങ്ങുന്നു; അഞ്ച് മാസത്തിനിടയിൽ ആറായിരം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു; നിരാശാജനകമായ അന്തരീക്ഷമെന്ന് സാമ്പത്തിക വിദഗ്ദ്ധർ; രാജ്യം കടുത്ത പ്രതിസന്ധിയിലേക്കോ?
ന്യൂഡൽഹി: രാജ്യത്ത് മാസങ്ങളായി തുടരുന്ന സാമ്പത്തിക മാന്ദ്യം നിമിത്തം സ്റ്റാർട്ടപ്പുകളിൽ നിന്ന് വൻതോതിൽ പിരിച്ചുവിടൽ. കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ ആറായിരം പേരെയാണ് വിവിധ സ്ഥാപനങ്ങളിൽ നിന്ന് പറഞ്ഞുവിട്ടത്. പ്രധാനപ്പെട്ട സ്റ്റാർട്ടപ്പ് കമ്പനികളായ ഓല, അൺഅക്കാഡമി, വേദാന്തു എന്നീ മൂന്ന് കമ്പനികളിൽ മാത്രം 3600 പേരെയാണ് ഈ വർഷം പിരിച്ചുവിടുന്നത്. ഈ അവസ്ഥ അടുത്ത ഒന്ന് രണ്ട് വർഷത്തേക്ക് കൂടി തുടരാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് പ്രസംഗത്തിൽ വലിയ നേട്ടമായി സ്റ്റാർട്ടപ്പുകളുടെ മുന്നേറ്റം ഉയർത്തിക്കാട്ടിയെങ്കിലും പൊതുവേ സംരംഭങ്ങളുടെ സ്ഥിതി ആശാവഹമല്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. കോവിഡിന് പുറമെ ചൈനീസ് നിക്ഷേപങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്ര തീരുമാനവും സ്റ്റാർട്ടപ്പുകളിലേക്കുള്ള പണമൊഴുക്കിന് തടസമായി.
100 ദശലക്ഷം ഡോളർവരെ വരുമാനം നേടുന്ന സ്റ്റാർട്ടപ്പുകളുടെ ഈ വർഷം ജനുവരി-ഏപ്രിൽ മാസങ്ങളിലെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നേടിയതിന്റെ സമാനമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എഡ്യൂക്കേഷൻ രം?ഗത്ത് പ്രവർത്തിക്കുന്ന അൺഅക്കാദമി, കാർസ്24, വേദാന്തു തുടങ്ങിയവ ഈ വർഷം 5000ത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജനുവരി-മാർച്ച് കാലയളവിൽ ഒല 2,100 ജീവനക്കാരെ പിരിച്ചുവിട്ടു. അൺഅക്കാദമി പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം 600നു മുകളിലാണ്. കാർസ്24 600, വേദാന്തു-400 എന്നിങ്ങനെയാണ് പിരിച്ചുവിട്ടവരുടെ കണക്ക്.
ജീവനക്കാരെ പിരിച്ചുവിടുന്ന സ്റ്റാർട്ടപ്പുകളുടെ പട്ടികയിലേക്ക് ബംഗളുരു ആസ്ഥാനമായുള്ള ഫ്രണ്ട് റോയാണ് പുതുതായി എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച 30 ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. 145 പേർക്കാണ് നടപടിയിലൂടെ ജോലി നഷ്ടപ്പെട്ടത്. ഇകൊമേഴ്‌സ് സ്ഥാപനമായ മീഷോ 150ഉം ഫർണിച്ചറുകൾ വാടകയ്ക്കു നൽകുന്ന ഫർലെൻകോ 200 ജീവനക്കാരെയും പിരിച്ചുവിട്ടു. ട്രെൽ 300 ജീവനക്കാരെയും ഒകെ ക്രെഡിറ്റ് 40 പേരെയുമാണ് പിരിച്ചുവിട്ടത്.
സ്റ്റാർട്ടപ്പുകളിൽ വൻതോതിൽ നിക്ഷേപം നടത്താൻ സ്വദേശി-വിദേശി ധനകാര്യ സ്ഥാപനങ്ങളും കമ്പനികളും മടിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് ഉണ്ടാക്കിയ മാന്ദ്യത്തിൽ നിന്ന് ലോക സമ്പദ് വ്യവസ്ഥ കരകയറിയിട്ടില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മിക്ക സ്റ്റാർട്ടപ്പ് കമ്പനികളും അവരുടെ മുൻ?ഗണനാ ക്രമങ്ങളിൽ മാറ്റം വരുത്തുകയും പുതിയ ബിസിനസ്സ് സാധ്യതകൾ തേടുകയും ചെയ്യുന്നതും പിരിച്ചുവിടലിന് ഒരു പ്രധാന കാരണമാണ്. മിക്ക കമ്പനികൾക്കും മൂലധനം വർധിപ്പിക്കാൻ കഴിയുന്നില്ല. ഫണ്ടിന്റെ അപര്യാപ്ത മൂലം വികസന പ്രവർത്തനങ്ങളും പുതിയ മേഖലകളും കണ്ടെത്താനാവാതെ സ്റ്റാർട്ടപ്പുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.
ആരംഭഘട്ടത്തിൽ നിൽക്കുന്ന സ്റ്റാർട്ടപ്പുകളാണ് ഫണ്ടിങ്ങിൽ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്. യൂണികോൺ പദവിയുള്ള സ്റ്റാർട്ടപ്പുകളും ഞെരുക്കം നേരിടുന്നുണ്ട്. ഡാറ്റ അനാലിസിസ് സ്ഥാപനമായ വെൻച്വർ ഇന്റലിജൻസിന്റെ രേഖകൾ പ്രകാരം 2022 ജനുവരി-മാർച്ച് കാലയളവിൽ 7500 കോടി ഡോളറിന്റെ മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ 33 എണ്ണമാണ്. 2021ൽ ഇത് 11 ആയിരുന്നു. ഫണ്ടിങ് മന്ദഗതിയിലായതോടെ ലാഭം നിലനിർത്തുന്നതിനുവേണ്ടിയാണ് സ്റ്റാർട്ടപ്പുകൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.