- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ധനസഹായത്തിന് 25 കോടി രൂപ കൂടി; പാലക്കാട് ജില്ലാ കലക്ടർ ഡി ബാലമുരളിയെ ലേബർ കമ്മീഷണറായി മാറ്റി; പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായി മാറ്റി; സഹകരണ രജിസ്ട്രാർ നരസിംഹുഗാരി ടിഎൽ റെഡ്ഡി പുതിയ പത്തനംതിട്ട ജില്ലാ കലക്ടർ; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് 01-01-2020 നു ശേഷം കേരളത്തിലെത്തി വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികൾക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം നൽകുന്നതിന് 25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നോർക്ക റൂട്ടിന് അനുവദിക്കാൻ തീരുമാനിച്ചു. നേരത്തെ അനുവദിച്ച 58.5 കോടി രൂപയ്ക്കു പുറമെയാണിത്.
സെക്രട്ടറിയേറ്റിൽ പുതിയ പ്രവേശന നിയന്ത്രണ സംവിധാനം
സെക്രട്ടറിയേറ്റിലേക്കുള്ള ജീവനക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം ക്രമീകരിക്കുന്നതിന് പ്രവേശന നിയന്ത്രണ ഉപാധി (ആക്‌സസ് കൺട്രോൾ സിസ്റ്റം) കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ കെൽട്രോൺ മുഖേന നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അംഗപരിമിതർക്കു കൂടി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലായിരിക്കും നിയന്ത്രണ സംവിധാനം. കെ.എം.ആർ.എൽ സൗജന്യമായാണ് ഈ പദ്ധതിക്ക് സാങ്കേതിക സഹായം നൽകുക.
നാവിക അക്കാദമിക്ക് ഭൂമി
കാസർകോഡ് ഹോസ്ദുർഗ് താലൂക്കിൽ സൗത്ത് തൃക്കരിപ്പൂർ വില്ലജിൽ 33.7 ആർ ഭൂമി ഏഴിമല ഇന്ത്യൻ നാവിക അക്കാദമിക്ക് ബോട്ട് ഷെഡ് നിർമ്മാണത്തിന് സൗഹൃദസൂചകമായി പതിച്ചു നൽകും.
തസ്തികകൾ
ഇടയാറിൽ സ്ഥാപിച്ച മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെ ആധുനിക മാംസ സംസ്‌കരണ പ്ലാന്റിലേക്ക് 40 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
ധാരണാപത്രം
കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷനെ ചുമതലപ്പെടുത്തിയ 27 റെയിൽവെ ഓവർബ്രിഡ്ജുകളുടെ / അണ്ടർ ബ്രിഡ്ജുകളുടെ നിർമ്മാണത്തിന് ഭേദഗതി വരുത്തിയ ധാരണാപത്രം ഒപ്പിടാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരും റെയിൽവെയും തമ്മിലാണ് ധാരണാപത്രം.
സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആവശ്യമായ സാധനങ്ങളും സേവനങ്ങളും ഓൺലൈൻ വഴി സംഭരിക്കുന്നതിന് ഇന്ത്യ ഗവൺമെന്റിന്റെ 'ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേയ്‌സു'മായി (ജെം) ധാരണാപത്രം ഒപ്പിടാൻ തീരുമാനിച്ചു.
കോവളത്ത് 22 കാശ്മീരി കുടുംബങ്ങൾക്ക് സഹായം
കോവളത്ത് കരകൗശല സാധനങ്ങളുടെ കച്ചവടം നടത്തുന്ന 22 കാശ്മീരി കുടുംബങ്ങൾക്ക് കോവിഡ് മൂലം ഉപജീവനമാർഗം നഷ്ടപ്പെട്ട സാഹചര്യത്തിൽ 10,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. റേഷൻ കാർഡില്ലാത്തവർക്ക് കാർഡ് നൽകാനും തീരുമാനിച്ചു.
ശമ്പളം പരിഷ്‌കരിക്കും
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിലെ ഓഫീസർമാരുടെ ശമ്പളം 2017 ഏപ്രിൽ ഒന്നു മുതൽ അഞ്ചുവർഷത്തേക്ക് പരിഷ്‌കരിക്കാൻ തീരുമാനിച്ചു.
പരസ്യനിരക്ക് പരിഷ്‌കരിക്കും
ഓൺലൈൻ മാധ്യമങ്ങളുടെ പരസ്യനിരക്ക് പരിഷ്‌കരിക്കുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാർശകൾ അംഗീകരിക്കാൻ തീരുമാനിച്ചു.
സ്ഥലം മാറ്റം
പാലക്കാട് ജില്ലാ കലക്ടർ ഡി ബാലമുരളിയെ ലേബർ കമ്മീഷണറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.
സഹകരണ രജിസ്ട്രാർ നരസിംഹുഗാരി ടിഎൽ റെഡ്ഡിയെ പത്തനംതിട്ട ജില്ലാ കലക്ടറായും പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായും പരസ്പരം മാറ്റി നിയമിക്കും.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ ജോഷി മൃൺമയി ശശാങ്കിനെ പാലക്കാട് ജില്ലാ കലക്ടറായി മാറ്റി നിയമിക്കും.
വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഉമേഷ് എൻ.എസ്.കെയെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിക്കും. കെ.എസ്‌ഐ.ഡി.സി ഇൻവെസ്റ്റ്‌മെന്റ് സെൽ, ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്നീ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.
മറുനാടന് മലയാളി ബ്യൂറോ