- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യത്തൊഴിലാളി കടങ്ങളുടെ തിരിച്ചുപിടിക്കലിന് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടി; ആറുമാസത്തേക്ക് കൂടി ഇളവ്; റിപ്പബ്ലിക് ദിനാഘോഷത്തിൽ സംസ്ഥാനതല ചടങ്ങിൽ തിരുവനന്തപുരത്ത് ഗവർണ്ണർ പങ്കെടുക്കും; മന്ത്രിസഭായോഗ തീരുമാനങ്ങൾ
തിരുവനന്തപുരം: വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മത്സ്യത്തൊഴിലാളികൾ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കൽ നടപടികൾക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടി. 01.01.2022 മുതൽ 30.06.2022 വരെ ആറു മാസത്തേക്കാണ് ദീർഘിപ്പിച്ചത്. മന്ത്രിസഭായോഗക്കിലാണ് തീരുമാനം. മത്സ്യബന്ധനോപകരണങ്ങൾ വാങ്ങൽ, ഭവന നിർമ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെൺമക്കളുടെ വിവാഹം എന്നീ ആവശ്യങ്ങൾക്ക് 31.12.2008 വരെ മത്സ്യത്തൊഴിലാളികൾ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ദീർഘിപ്പിച്ചത്. തുടങ്ങിവച്ചതോ തുടർന്നുവരുന്നതോ ആയ ജപ്തി നടപടികൾ ഉൾപ്പെടെയുള്ളവയിൽ ആനുകൂല്യം ലഭിക്കും.
നിയമനം
വനംവകുപ്പിൽ ദിവസക്കൂലി വ്യവസ്ഥയിൽ പാമ്പു പിടുത്തകാരനായി സേവനത്തിലിരിക്കെ പാമ്പുകടിയേറ്റു മരണപ്പെട്ട റാന്നി സ്വദേശി എം. രാജേഷിന്റെ ഭാര്യ രേഖ രാജേഷിന് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നൽകും. വനം വകുപ്പിനു കീഴിൽ വാച്ചർ തസ്തികയിൽ വ്യവസ്ഥകൾക്ക് വിധേയമായാകും നിയമനം.
സേവന കാലാവധി ദീർഘിപ്പിച്ചു
ദേശീയ സമ്പാദ്യപദ്ധതി ഡയറക്ടർ മനു എസ് ന്റെ നിയമനം 17.01.2022 മുതൽ മൂന്നു വർഷത്തേക്ക് ദീർഘിപ്പിച്ചു.
തസ്തികകൾ
പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിൽ (പാലക്കാട് മെഡിക്കൽ കോളേജ്) പത്തോളജി വിഭാഗത്തിൽ പി.ജി. കോഴ്‌സ് ആരംഭിക്കുന്നതിന് മൂന്ന് തസ്തികകൾ സൃഷ്ടിച്ചു. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റസിഡന്റ് എന്നിവയുടെ ഓരോ തസ്തികകളാണ് സൃഷ്ടിച്ചത്.
സ്‌പോട്‌സ് സ്‌കൂളാക്കും
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്‌കൂൾ സ്പോർട്സ് സ്‌കൂളായി ഉയർത്തും. ഉടമസ്ഥാവകാശം പൊതുവിദ്യാഭ്യാസ വകുപ്പിൽ നിലനിർത്തും. കായിക വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബി ധനസഹായത്തോടെ കായിക അടിസ്ഥാന സൗകര്യം വികസനം നടപ്പാക്കിയാണ് സ്‌പോട്‌സ് സ്‌കൂളാക്കി ഉയർത്തുക.
പുനർനിക്ഷിപ്തമാക്കും
കെ.എസ്‌ഐ.ഡി.സിയുടെ കൈവശമുള്ള 155.89 ഏക്കർ (63.08 ഹെക്ടർ) ഭൂമി തിരുവനന്തപുരം വെയിലൂർ വില്ലേജിലെ തോന്നയ്ക്കലിൽ ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് സ്ഥാപിക്കുന്നതിന് രൂപീകരിച്ച സബ്‌സിഡിയറി കമ്പനിയായ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലേക്ക് പുനർനിക്ഷിപ്തമാക്കുന്നതിന് അനുമതി നൽകും.
റിപ്പബ്ലിക് ദിനാഘോഷം - തിരുവനന്തപുരത്ത് ഗവർണ്ണർ പങ്കെടുക്കും
2022 ലെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ ഗവർണ്ണറും ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരും പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്ത് ഗവർണ്ണറോടൊപ്പം പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി പങ്കെടുക്കും.
കൊല്ലം - ജെ. ചിഞ്ചുറാണി, പത്തനംതിട്ട - ആന്റണി രാജു, ആലപ്പുഴ -
പി. പ്രസാദ്, കോട്ടയം - വി.എൻ. വാസവൻ, ഇടുക്കി - റോഷി അഗസ്റ്റിൻ, എറണാകുളം - പി. രാജീവ്, തൃശ്ശൂർ - കെ രാധാകൃഷ്ണൻ, പാലക്കാട് -
കെ. കൃഷ്ണൻകുട്ടി, മലപ്പുറം - കെ. രാജൻ, കോഴിക്കോട് - അഡ്വ. പി.എ. മുഹമ്മദ് റിയാസ്, വയനാട് - എ.കെ. ശശീന്ദ്രൻ, കണ്ണൂർ - എം വി ഗോവിന്ദൻ മാസ്റ്റർ, കാസർഗോഡ് - അഹമ്മദ് ദേവർകോവിൽ.
വിദ്യാ വളന്റിയർമാർക്ക് നിയമനം
സംസ്ഥാനത്തെ ഏകാദ്ധ്യാപക വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന 344 വിദ്യാ വളന്റിയർമാരെ പൊതു വിദ്യാഭ്യാസ വകുപ്പിൽ പി.ടി.സി.എം/എഫ്.ടി.എം. ആയി നിയമിക്കാൻ തീരുമാനിച്ചു. ആദ്യനിയമനം നൽകിയ സീനിയോരിറ്റിയും സമ്മതവും പരിഗണിച്ചാവും നിയമനം.
പാട്ടം പുതുക്കി നൽകും
എറണാകുളം പറവൂർ താലൂക്കിൽ കൊട്ടുവള്ളി വില്ലേജിലെ എറണാകുളം ജില്ലാ ലേബർ കം ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന് മത്സ്യ കൃഷിക്ക് പാട്ടത്തിന് നൽകിയ 73 ഏക്കർ സ്ഥലം പാട്ടം പുതുക്കി നിശ്ചയിച്ചു നൽകാൻ തീരുമാനിച്ചു. പാട്ട വാടക സെന്റിന് 100 രൂപ നിരക്കിൽ നിശ്ചയിച്ച് 2012 മുതലുള്ള പാട്ടം പുതുക്കി നൽകും.
മറുനാടന് മലയാളി ബ്യൂറോ