തിരുവനന്തപുരം: തീരദേശ പരിപാലന പ്ലാൻ പരിശോധിച്ച് അപാകതകൾ പരിഹരിക്കുന്നതിന് രൂപീകരിച്ച വിദഗ്ധ സമിതി റിപ്പോർട്ട് മന്ത്രിസഭായഗോം തത്വത്തിൽ അംഗീകരിച്ചു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനം 2019 നെ തുടർന്ന് തയ്യാറാക്കിയ കരട് പ്ലാനിലെ അപാകതകൾ പരിശോധിച്ച റിപ്പോർട്ടാണിത്.

ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം

തിരുവനന്തപുരം കടംകംപള്ളി വില്ലേജിൽ കടൽ പുറംപോക്കിൽ താമസിച്ചു വരികെ 2018 ലെ പ്രളയത്തിൽ പൂർണ്ണമായും വീട് തകർന്ന ലൂർദ്ദിന് 2 സെന്റ് സ്ഥലവും വീടും വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 7,04,900 രൂപ അനുവദിച്ചു.

നിയമനം

സംസ്ഥാനത്തെ 1550 വില്ലേജുകളുടെ ഡിജിറ്റൽ റീ സർവ്വേയുടെ ഒന്നാം ഘട്ടം വേഗതയിൽ നടപ്പാക്കുന്നതിന് 1500 സർവ്വേയർമാരേയും 3200 ഹെൽപ്പർമാരേയും നിയമിക്കും. കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരമാവും നിയമനം.

മില്ലറ്റ് ഫാം തുടങ്ങുന്നതിന് ഭൂമി കൈമാറും

പാലക്കാട് ജില്ലയിലെ അഗളി വില്ലേജിൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള അഞ്ചേക്കർ സ്ഥലം മില്ലറ്റ് ഫാം തുടങ്ങാൻ കൃഷി വകുപ്പിന് കൈമാറും. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തി നിബന്ധനകൾക്ക് വിധേയമായാണ് കൈമാറുക.

കരട് ഓർഡിനൻസ്

തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് രൂപീകരിക്കുന്നതിന് കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയമങ്ങളും മറ്റു നിയമങ്ങളും (ഭേദഗതി) ഓർഡിനൻസിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. കരട് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

ഭരണാനുമതി നൽകും

കേരള യുണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസ്, ഇന്നോവേഷൻ ആൻഡ് ടെക്‌നോളജി കാമ്പസിൽ സ്റ്റേറ്റ് ഡാറ്റ സെന്റർ വിത്ത് ഹൈബ്രിഡ് ക്ലൗഡ് കോംപിറ്റബിൾ ആൻഡ് ഹൈപ്പർ കൺവേർജ്ഡ് ഇൻഫ്രാസ്‌ക്ടചർ സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകും. 25 കോടി രൂപ ചെലവിലാണ് സ്ഥാപിക്കുക. പ്രാഥമിക ആവശ്യത്തിനുള്ള 7 കോടി രൂപ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചറിന്റെ കീഴിലുള്ള സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോമിൽ നിന്നും ഐ ടി മിഷന് അനുവദിക്കും.

ശമ്പളപരിഷ്‌ക്കരണം

കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിലെ യുജിസി സ്‌കീമിൽപ്പെടുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്‌ക്കരിക്കും. കുടിശ്ശികയുടെ കാര്യം പിന്നീട് തീരുമാനിക്കും.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ശമ്പള പരിഷ്‌ക്കരണം. സർക്കാർ അംഗീകാരമുള്ള തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം,അലവൻസുകൾ മറ്റ് ആനുകൂല്യങ്ങൾ എന്നിവ 11-ാം ശമ്പള പരിഷ്‌കരണ ഉത്തരവിലെ നിബന്ധനകൾ പ്രകാരം പരിഷ്‌കരിക്കും.