- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡിക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേരളം; റിട്ട. ജസ്റ്റിസ് വി.കെ.മോഹനൻ കമ്മീഷൻ അദ്ധ്യക്ഷൻ; മന്ത്രിസഭായോഗ തീരുമാനം ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെ; ഉത്തരവിറക്കുക തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കൂടി കിട്ടിയ ശേഷം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത കേന്ദ്ര ഏജൻസികൾക്കെതിരെ യുദ്ധപ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരായ ആരോപണങ്ങൾ പരിശോധിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കാൻ സർക്കാർ തീരുമാനം. ജസ്റ്റിസ് വി.കെ. മോഹനൻ ആണ് കമ്മീഷൻ അധ്യക്ഷൻ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ നിലപാട് കടുപ്പിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉൾപ്പെടെ അഞ്ചു പ്രധാനപ്പെട്ട വിഷയങ്ങളാണ് കമ്മിഷന്റെ പരിഗണനയിൽ ഉൾപ്പെടുന്നത്.
ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തെത്തിയ സാഹചര്യമാണ്. ഒപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി. ഉദ്യോഗസ്ഥർ പ്രതികൾക്കു മേൽ സമ്മർദം ചെലുത്തി, അങ്ങനെ സമ്മർദം ചെലുത്തിയെങ്കിൽ അത് ആരൊക്കെ, ഇതിനു പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മിഷൻ പരിഗണിക്കും. ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചിരിക്കുന്നത്.
ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷനായി ജസ്റ്റിസ്. വി.കെ. മോഹനനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിന് ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കൂടി ആവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. അതിനാൽ തന്നെ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും സർക്കാർ ഉത്തരവ് പുറത്തിറങ്ങുക.
അതേസമയം, കള്ളക്കടത്ത് കേസിൽ സ്വർണം എവിടെനിന്ന് വന്നെന്നോ, ആർക്ക് വേണ്ടി വന്നെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.സംസ്ഥാനത്തെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമം നടത്തുകയാണ്. ഇതിന്റെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാനാണ് ജ്യൂഡിഷ്യൽ അന്വേഷണം നടത്തുന്നതെന്ന് ഐസക് അറയിച്ചു
മറുനാടന് മലയാളി ബ്യൂറോ