- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 ലക്ഷത്തിന് മുകളിലുള്ള ഒരുബില്ലും മാറില്ല; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ധനവകുപ്പിന്റെ രഹസ്യ നിർദ്ദേശം; അടുത്ത മാസം 10 വരെ കടുത്ത നിയന്ത്രണം തുടരും; സാമ്പത്തിക വർഷാദ്യം ട്രഷറി നിയന്ത്രണം സംസ്ഥാന ചരിത്രത്തിൽ ആദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വേയ്‌സ് ആൻഡ് മീൻസ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് ധനവകുപ്പ്. 25 ലക്ഷത്തിനു മുകളിലുള്ള ഒരു ബില്ലും മാറണ്ട എന്ന ധന സീക്രട്ട് വകുപ്പിൽ നിന്നിറക്കിയ രഹസ്യ നിർദ്ദേശത്തിലുള്ളത്.
ഇന്നലെ വരെ ഒരു കോടിയുടെ ബിൽ വരെ ധനവകുപ്പിന്റെ അനുമതിയില്ലാതെ ട്രഷറിയിൽ നിന്ന് മാറാമായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ ഇത് 25 ലക്ഷമാക്കി ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്‌മെന്റ് സിസ്റ്റം ( BIMS) എന്ന ഇ - പോർട്ടൽ വഴിയാണ് ട്രഷറിയിലേക്ക് ഇ-ബിൽ സമർപ്പിക്കുന്നത്. വിവിധ വകുപ്പുകളിലെ ഡ്രായിങ് ആൻഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസർ (DDO) തങ്ങളുടെ വകുപ്പുകളിലെ ബില്ലുകൾ ബിംസ് സോഫ്റ്റ് വെയറിൽ അപ് ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് തുക 25 ലക്ഷമാക്കി കുറച്ചത് ശ്രദ്ധയിൽ പെട്ടത്.
25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ പ്രത്യേകാനുമതി വേണം. അടുത്ത മാസം പത്താം തീയതി വരെ ഇത് തുടരുമെന്നാണ് ധനവകുപ്പിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉന്നത ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. ധനവകുപ്പ് സീക്രട്ട് സെക്ഷനിൽ നിന്ന് രഹസ്യമായി ഇറക്കിയ ധന നിയന്ത്രണ ഫയൽ വേയ്‌സ് ആൻഡ് മീൻസ് അഡീഷണൽ സെക്രട്ടറി, ഫിനാൻസ് അഡീഷണൽ ചീഫ് സെക്രട്ടറി, ധനമന്ത്രി എന്നിവർ മാത്രമാണ് കണ്ടത്. ധനമന്ത്രിയുടെ അംഗീകാരം വാങ്ങിച്ചതിനുശേഷമാണ് സോഫ്റ്റ് വെയറിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
മെയ് ആദ്യവാരം ശമ്പളവും പെൻഷനും നൽകുന്നതിനാൽ ട്രഷറി നിയന്ത്രണം നീണ്ടു പോകും. സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം ട്രഷറി നീയന്ത്രണം ഏർപ്പെടുത്തുന്നത് സംസ്ഥാന സർക്കാരിന്റെ ചരിത്രത്തിൽ ആദ്യമാണ്. ശമ്പളം മുടങ്ങിയേക്കും എന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവനയും സാമ്പത്തികവർഷത്തെ ആദ്യ മാസത്തെ വേയ്‌സ് ആൻഡ് മീൻസ് നിയന്ത്രണവുമായി കൂട്ടി വായിക്കേണ്ടതാണ്.