- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് സൈബർ യുദ്ധമാണ് നല്ലതെന്ന് ഉപദേശം; ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രതിച്ഛായാ നിർമ്മാണത്തിൽ മുഖ്യ പങ്ക് വഹിച്ചത് സോഷ്യൽ മീഡിയ; സാമ്പത്തികബുദ്ധിമുട്ട് മൂലം കോവിഡ് നഷ്ടപരിഹാരം മുടങ്ങിയിട്ടും പിആർ ക്യാമ്പയ്ന് മുട്ടില്ല; പ്രചാരണത്തിനായി 1.02 കോടി
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക മേഖലയെയാകെ തകർത്തെറിഞ്ഞ കോവിഡ് പ്രതിസന്ധിയിൽ ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ടുകൾ പോലും വെട്ടിക്കുറയ്ക്കുമ്പോൾ സോഷ്യൽ മീഡിയ പ്രചരണത്തിനായി പ്രത്യേക ഫണ്ട് അനുവദിച്ച് സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം 1.02 കോടി രൂപ സോഷ്യൽ മീഡിയ ശക്തിപ്പെടുത്താൻ ധനവകുപ്പ് അനുവദിച്ച് ഉത്തരവിറങ്ങി.
പിആർഡിയുടെ ഔട്ട് ഡോർ പബ്ളിസിറ്റി കാംപെയ്ന്റെ ഭാഗമായി അനുവദിച്ച തുകയിൽ നിന്ന് ധനപുനർവിനിയോഗം വഴിയാണ് 1.02 കോടി ധനവകുപ്പ് അനുവദിച്ചത്. പ്ലാനിങ് വകുപ്പാണ് തുക ആവശ്യപ്പെട്ടത്. കോവിഡ് കാലത്ത് സൈബർ യുദ്ധമാണ് നല്ലതെന്നാണ് പിണറായിക്ക് ലഭിച്ചിരിക്കുന്ന ഉപദേശം. അതിന്റെ ആദ്യ പടിയായ സോഷ്യൽ മീഡിയ ശക്തിപ്പെടുത്താനാണ് പിണറായിയുടെ തീരുമാനം. ഒന്നാം കോവിഡ് കാലത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന പ്രചരണങ്ങളാണ് ഭരണതുടർച്ച യാഥാർത്ഥ്യമാക്കിയതെന്ന ബോധ്യം പിണറായി വിജയനുണ്ട്.
ഒന്നാം പിണറായി സർക്കാരിൽ പ്രതിപക്ഷത്തെ നിരായുധരാക്കുന്നതിലും പിണറായി വിജയന്റെ പ്രതിച്ഛായാ നിർമ്മാണത്തിലും പ്രധാന പങ്ക് വഹിച്ചത് സാമൂഹ്യമാധ്യമങ്ങളായിരുന്നു. കഴിഞ്ഞ സർക്കാരിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളെ സാമൂഹ്യമാധ്യമങ്ങളിൽ തകർത്തടിക്കാൻ സിപിഎമ്മിന്റെ സോഷ്യൽ മീഡിയാ പോരാളികൾക്ക് സാധിച്ചു. ശരിക്കും സിപിഎമ്മിന്റെ കേഡർ പ്രവർത്തനം നടന്നത് സോഷ്യൽ മീഡിയയിലായിരുന്നു.
ആ പാത പിന്തുടർന്നുകൊണ്ടാണ് സോഷ്യൽ മീഡിയാ പ്രചരണങ്ങൾക്ക് കൂടുതൽ ഫണ്ട് ചെലവഴിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം. കഴിഞ്ഞ സർക്കാരിന്റെ കാലത്തേക്കാൾ സോഷ്യൽ മീഡിയയിൽ പ്രതിപക്ഷ സാന്നിദ്ധ്യവും ശക്തമായിട്ടുണ്ടെന്നത് ഭരണപക്ഷത്തെ ജാഗരൂകരാക്കുന്നു. നിലവിൽ സർക്കാരിന്റെ മുഖം മിനുക്കുന്നതിനും പാർട്ടി സംവിധാനവും സർക്കാർ സംവിധാനവും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. മുൻ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ശിവദാസനായിരുന്നു ഏകോപന ചുമതല. സർക്കാരിലാകട്ടെ, മുഖ്യമന്ത്രിയുടെ മാധ്യമസംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിപുലമായ പ്രത്യേക ടീമും മൊത്തത്തിൽ സർക്കാർ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന് പ്രത്യേക ടീമുമാണ് പ്രവർത്തിക്കുന്നത്.
സാമ്പത്തികബുദ്ധിമുട്ട് കാരണം കോവിഡ് നഷ്ടപരിഹാരം പോലും നൽകാനാകില്ലെന്ന് സംസ്ഥാനസർക്കാർ സുപ്രീം കോടതിയിൽ പറയുമ്പോഴാണ് മറുഭാഗത്ത് സാമൂഹ്യമാധ്യമങ്ങളുടെ മറവിൽ ലക്ഷങ്ങളുടെ ധൂർത്ത്. ആദ്യ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമ്മാണം പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ലെന്ന പരാതി വ്യാപകമായി ഉയരുന്നതിനിടെയാണ് സർക്കാർ 1.02 കോടി രൂപ അനാവശ്യമായി പൊടിക്കുന്നത്.
അടുത്തിടെ ആലുവയിലടക്കം പ്രതിപക്ഷം നടത്തിയ സമരങ്ങളും വഖഫ് വിഷയത്തിൽ മുസ്ലിം സമുദായത്തിനിടയിലുണ്ടായ അമർഷവും പ്രതിപക്ഷ പ്രചരണങ്ങളും സർക്കാരിന്റെ ജനപ്രീതിക്ക് ഇടിവുണ്ടാക്കിയെന്ന റിപ്പോർട്ടുകളെ തുടർന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങൾക്കായി കൂടുതൽ ഫണ്ട് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. മുമ്പും പ്രളയകാലത്തും കോവിഡ് കാലത്തും സോഷ്യൽമീഡിയ പ്രചരണങ്ങൾക്കായി ഫണ്ട് അനുവദിച്ച് പിണറായി സർക്കാരിനെ വിവാദത്തിലാക്കിയിരുന്നു.