- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാരോ കോടതിയോ അനങ്ങുന്നില്ല; മാധ്യമങ്ങളിലും വാർത്ത വരുന്നത് നിലച്ചു; മാറി മാറി ഇരുന്ന് സമയം കളഞ്ഞ് നേതാക്കൾ; നട അടക്കാൻ ഏതാനും ദിവസങ്ങൾ കൂടി മാത്രം ബാക്കി എന്നത് മാത്രം ആശ്വാസം; നിരോധനാജ്ഞ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം തുടങ്ങിയ ബിജെപി കുടുങ്ങിയത് ഇങ്ങനെ
തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ തുടങ്ങിയ നിരാഹാര സമരം ബിജെപിക്ക് തലവേദനയാകുന്നു. ആദ്യം എഎൻ രാധാകൃഷ്ണനാണ് നിരാഹാരം കിടന്നത്. കെ സുരേന്ദ്രന്റെ ജയിൽ മോചനത്തോടെ തന്നെ രാധാകൃഷ്ണന്റെ സമരത്തിന് ആവേശം കുറഞ്ഞു. പിന്നീട് സികെ പത്മനാഭൻ. അതിന് ശേഷം ശോഭാ സുരേന്ദ്രൻ. ഇതിനിടെ മനിതിക്കാർ ശബരിമലയിലെത്തി. ഇതോടെ വീണ്ടും സമരപന്തൽ ഉണർന്നു. ശോഭാ സുരേന്ദ്രന് ആരോഗ്യകാരണങ്ങളാൽ സത്യഗ്രഹം അവസാനിച്ചതോടെ പന്തലിലെ ആവേശവും കുറഞ്ഞു. ഇതോടെ സമരം ബിജെപിക്ക ്തന്നെ തലവേദനയാവുകയാണ്.
സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപി നടത്തുന്ന നിരാഹാര സത്യഗ്രഹം 30 ദിവസം പൂർത്തിയാക്കി. ഇന്നലത്തെ സത്യഗ്രഹം കലാമണ്ഡലം സത്യഭാമ ഉദ്ഘാടനം ചെയ്തു.വനിതകൾക്കു വേണ്ടി മതിൽ ഉയർത്താൻ സിപിഎമ്മിന് യാതൊരു യോഗ്യതയുമില്ലെന്നും കലാമണ്ഡലത്തിൽ ഒട്ടേറെ ദുരനുഭവങ്ങൾ നേരിട്ടെന്നും അവർ പറഞ്ഞു. ഇങ്ങനെ ചിലരെ സമരപന്തലിൽ ദിവസവും കൊണ്ടു വരാൻ കഴിയുന്നുവെന്നതാണ് ഏക ആശ്വാസം. ഓരോ ദിവസവും ഓരോ ജില്ലയെ നിശ്ചയിച്ച് നൽകിയാണ് സമരത്തിന് പദ്ധതി ഇട്ടത്. എന്നാൽ ഇപ്പോൾ തിരുവനന്തപുരത്തുകാർ മാത്രമാണുള്ളത്. ഇതോടെ തിരുവനന്തപുരത്തെ ബിജെപി നേതൃത്വത്തിനും മുഴുവൻ സമയം നിരാഹാരത്തെ ശ്രദ്ധിക്കേണ്ട അവസ്ഥയുമായി.
ഇപ്പോൾ നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ. ശിവരാജന് തിരുവനന്തപുരത്ത് കാര്യമായ സ്വാധീനമില്ല. പാലക്കാടുകാരനായ ശിവരാജന് അഭിവാദ്യമർപ്പിക്കാൻ എത്തുന്ന പ്രവർത്തകരുടെ എണ്ണവും കുറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി സമരം തുടങ്ങിയത്. ഇതിൽ കോടതിയും സർക്കാരും അനുകൂല തീരുമാനം എടുത്തില്ല. അയ്യപ്പഭക്തർക്കു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക,കള്ളക്കേസുകൾ പിൻവലിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. ഇതിനൊന്നും സർക്കാരും വഴങ്ങിയില്ല. ജാമ്യം എടുത്ത് കെ സുരേന്ദ്രൻ ജയിൽ മോചതിനായതും സമരത്തിന്റെ കരുത്തിൽ അല്ല. അങ്ങനെ എല്ലാ അർത്ഥത്തിലും ബിജെപിക്ക് തലവേദനയായി മാറുകയാണ് ഈ സമരം.
ശബരിമലയിൽ ജനുവരി 22ന് സുപ്രീംകോടതി പുനപരിശോധനാ ഹർജികൾ പരിഗണിക്കും. അതുവരെ സമരം നീട്ടിക്കൊണ്ട് പോകും. ശിവരാജന് ശേഷം ആര് നിരാഹാരം കിടക്കുമെന്നതും ബിജെപി നേതൃത്വത്തെ വലയ്ക്കുന്നുണ്ട്. മുരളീധര പക്ഷം സത്യഗ്രഹവുമായി സഹകരിക്കുന്നതുമില്ല. ഇതും ബിജെപിയുടെ സമരത്തിന്റെ ശോഭ കെടുത്തി. തുടക്കത്തിൽ നല്ല രീതിയിൽ വാർത്തകൾ വന്നിരുന്നു. ബിജെപിയുടെ സെക്രട്ടിറിയേറ്റിന് മുന്നിലെ രാഷ്ട്രീയ സമരവുമായി ബന്ധപ്പെട്ട് സിപിഎമ്മും നിരന്തര കടന്നാക്രമണങ്ങൾ നടത്തി. പതിയെ അതെല്ലാം നിന്നു. ആരും വിമർശിക്കാതെയായി. ഇതോടെ വാർത്തയും നിന്നു. ഇങ്ങനെ സമരത്തിന്റെ പ്രസക്തി പോലും ന്ഷ്ടമായി. എങ്കിലും അനിശ്ചിതകാലത്തകേക് പ്രഖ്യാപിച്ച സമരം പിൻവലിക്കാൻ ബിജെപിക്ക് കഴിയാത്ത സ്ഥിതിയും വന്നു.
സമരത്തിന് പ്രസക്തി കുറഞ്ഞതോടെ സമരമിരിക്കാനും ആളെ കിട്ടാത്ത അവസ്ഥയുണ്ട്. അങ്ങനെയാണ് ശിവരാജനെ ശോഭാ സുരേന്ദ്രന് പകരം നിരാഹാരത്തിന് നിയോഗിക്കുന്നത്. ശിവരാജന്റെ ആരോഗ്യവും തളരുകയാണ്. ഈ സാഹചര്യത്തിൽ പുതിയ സമര നായകനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള.