- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടുയുവതികൾ ശബരിമല കയറിയപ്പോൾ ഹർത്താൽ നടത്തിയവർ മൂന്നാമതൊരാൾ കയറിയപ്പോൾ നടത്തുന്നില്ലേ? ഏതെങ്കിലും യുവതി കയറിയാൽ ആത്മാഹൂതി ചെയ്യുമെന്ന് പറഞ്ഞവർ എവിടെപ്പോയി? ശബരിമലയിലെത്തിയ യുവതികളെ നൂലിൽ കെട്ടി ഇറക്കിയതല്ല: ശബരിമല കർമസമിതിയെയും ബിജെപിയെയും പരിഹസിച്ച് മുഖ്യമന്ത്രി; ചെന്നിത്തല രാഹുലിന് വിധേയനാകണമെന്നും എൻഎസ്എസ് ഡെപ്യൂട്ടി ജന.സെക്രട്ടറിയെ പോലെ പെരുമാറരുതെന്നും കോടിയേരി
തിരുവനന്തപുരം: ശബരിമല കർമസമിതിയുടെ ഹർത്താലിൽ അക്രമം അഴിച്ചുവിട്ടതിനെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രി. ശബരിമലയിൽ ഏതെങ്കിലും യുവതി കയറിയാൽ ആത്മാഹൂതി ചെയ്യുമെന്ന് പറഞ്ഞവർ എവിടെപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു യുവതികൾ ശബരിമല കയറിയപ്പോൾ ഹർത്താൽ നടത്തിയവർ മൂന്നാമതൊരാൾ കയറിയപ്പോൾ നടത്തുന്നില്ലേ എന്ന് മുഖ്യമന്ത്രി പരിഹസിച്ചു. യുവതി കയറിയാൽ ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞ നേതാവ് ഇപ്പോഴും ഇവിടെയുണ്ടെന്നും കിളിമാനൂർ കൊടുവഴന്നൂരിൽ സി പി എം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെത്തിയ യുവതികളെ നൂലിൽക്കെട്ടി ഇറക്കിയതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭക്തരുടെ വഴിയിലൂടെയാണ് അവർ സന്നിധാനത്ത് എത്തിയത്. ശബരിമലയിലെത്തിയ യുവതികളെ ഭക്തർ തടഞ്ഞില്ല. മറ്റുഭക്തർക്കൊപ്പം മല കയറിയാണ് അവർ ദർശനം നടത്തിയതും പ്രാർത്ഥിച്ചതും. ഭക്തർ അവർക്ക് തടസമുണ്ടാക്കിയല്ല. സൗകര്യം ചെയ്തു തന്നു എന്നാണ് അവർ പറഞ്ഞത്. യുവതികളെത്തിയത് മഹാപരാധമായി ഭക്തർ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിക്കൂറുകളോളം പ്രതിഷേധമുണ്ടായില്ല. ഹർത്താലിലെ അക്രമം സംഘപരിവാർ ആസൂത്രണം ചെയ്തതാണ്. അവർക്ക് ബഹുജനപിന്തുണയില്ല. സഹികെട്ടപ്പോൾ നാട്ടുകാർ തന്നെ സംഘടിച്ച് അവരെ തിരിച്ചയച്ചത് നമ്മൾ കണ്ടു. അത്രയേയുള്ളൂ സംഘപരിവാറിന്റെ ശൂരവീരപരാക്രമം: മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയെ തകർക്കണമെന്ന് സംഘപരിവാർ പ്രചരിപ്പിക്കുന്നു. ശബരിമലയിൽ രണ്ടുസ്ത്രീകൾ കയറിയതിന് ഹർത്താൽ നടത്തിയവർ ഒരു സ്ത്രീ കയറിയിട്ട് ഹർത്താൽ നടത്താത്തതെന്തെന്നും പിണറായി ചോദിച്ചു. സർക്കാർ ഓഫീസുകളും പാർട്ടി ഓഫീസുകളും സംഘപരിവാറിലെ അക്രമികൾ തകർത്തു. ജനങ്ങളെയും ആക്രമിച്ചു. എന്താണ് ഇവരുടെ ഉദ്ദേശം? നാട്ടിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കണം. സംസ്ഥാനത്ത് പ്രശ്നമാണെന്ന് വരുത്തിത്തീർക്കണം. - മുഖ്യമന്ത്രി വിമർശിച്ചു.
വിശ്വാസമാണ് പ്രധാനമെന്ന് പറഞ്ഞ് കോൺഗ്രസും യു.ഡി.എഫും നിലപാടെടുക്കുന്നത് എത്ര പരിഹാസ്യമാണ്. ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കാൻ പ്രധാനമന്ത്രിയെ കാണാൻ പോകുമെന്ന് പറഞ്ഞവർ എന്തുകൊണ്ടാണ് അത് വേണ്ടെന്ന് വച്ചതെന്ന് വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തുല്യാവകാശവുമായി ബന്ധപ്പെട്ടതാണ്. ജാതീയമായ ധ്രുവീകരണം കേരളത്തിൽ നടക്കില്ല. - മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന പുതിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 8, 9 തീയതികളിൽ കടയടക്കണമെന്ന് ട്രേഡ് യൂണിയനുകൾ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടില്ല. കടയടക്കണോ വേണ്ടയോ എന്ന് വ്യാപാരികൾ തന്നെ തീരുമാനിക്കട്ടെ. നിർബന്ധിച്ച് അടയ്ക്കണമെന്ന് ഒരിക്കലും പറയില്ലെന്നും, സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ബഹുമുഖമായ വികസനമാണു പരമപ്രധാനമെന്നും അതിനുള്ള പ്രവർത്തനങ്ങൾ സാഹസികതയോടെ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തിപരമായ ഇമേജിനെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പ്രതിവാരസംവാദ പരിപാടിയായ നാം മുന്നോട്ടിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾക്കെതിരെയുള്ള എല്ലാ കുപ്രചാരണങ്ങളെയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എൻ.എസ്.എസ് ഡെപ്യുട്ടി ജനറൽ സെക്രട്ടറിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിക്കും സോണിയാഗാന്ധിക്കും വിധേയനായാണ് ചെന്നിത്തല പ്രവർത്തിക്കേണ്ടത്. കോൺഗ്രസിലെ സാധാരണക്കാർ കെപിസിസി നേതൃത്വത്തെ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1991ലെ കോ.ലീ.ബി സഖ്യത്തിന് സമാനമായ നീക്കത്തിനാണ് കേരളത്തിൽ ശ്രമം. കോൺഗ്രസുകാർ ഈ നിലപാടിനെ തള്ളിക്കളയണമെന്നും രാഹുൽ ഗാന്ധിയുടെ നിലപാട് ഉയർത്തിപ്പിടിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഹർത്താലിന്റെ മറവിൽ ആസൂത്രിതമായ കലാപശ്രമമാണ് സംസ്ഥാനത്തുണ്ടായത്. കേരളത്തിൽ കലാപമുണ്ടാക്കാൻ സിപിഎമ്മിനെ ആക്രമിക്കണമെന്ന് അവർക്കറിയാം. അതിനാലാണ് സിപിഎം പ്രവർത്തകരെയും സ്ഥാപനങ്ങളെയും ആക്രമിച്ചത്. ജനങ്ങളും പൊലീസും ആത്മസംയമനം പാലിച്ചതിനാലാണ് കലാപം ഉണ്ടാവാതിരുന്നത്. ഉത്തരേന്ത്യൻ മാതൃകയിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമം കേരളത്തിൽ വിജയിക്കാതിരുന്നതിനുള്ള കാരണം മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസിന്റെ പ്രമേയങ്ങൾ താത്കാലിക വികാരപ്രകടനങ്ങളാണ്. മുഖ്യമന്ത്രിയെ സമുദായം പറഞ്ഞുള്ള പ്രചരണങ്ങളെ കേരളം തള്ളും. 8, 9 തീയതികളിൽ നടക്കുന്നത് തൊഴിലാളി പണിമുടക്ക് മാത്രമാണെന്നും പണിമുടക്ക് നടത്താനുള്ള അവകാശം തൊഴിലാളികൾക്കുണ്ടെന്നും കോടിയേരി വ്യക്തമാക്കി.