- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചത് പാലക്കാട്ടെ മൂത്താൻ സമുദായം നേതാവ്; ഏതോ ഒരുത്തന്റെ നിരാഹാരം എന്ന് കോടിയേരി പറഞ്ഞപ്പോൾ കുതിച്ചുയർന്നത് എൻ.ശിവരാജന്റെ രാഷ്ട്രീയ ഗ്രാഫ്; ഒൻപതാം വയസിൽ കാക്കി നിക്കർ അണിഞ്ഞു ആർഎസ്എസിലേക്ക്; പിള്ള വിഭാഗത്തിന് പ്രിയങ്കരൻ; യൂക്കോ ബാങ്കിന്റെ കളക്ഷൻ ഏജന്റ് എന്ന ജോലി ഇപ്പോഴും തുടരുന്ന ശിവരാജൻ ചാക്ക് രാധാകൃഷ്ണനുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാദ പുരുഷനും
തിരുവനന്തപുരം: കഴിഞ്ഞ നാലുവർഷമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആണെങ്കിലും എൻ.ശിവരാജന് പ്രശസ്തനാകാൻ ഇപ്പോഴാണ് കഴിഞ്ഞത്. ശബരിമല പ്രശ്നത്തിൽ ശോഭാ സുരേന്ദ്രന് പകരമായി ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നുണ്ടെങ്കിലും ആരാലും അറിയപ്പെടാതെ പോവുകയായിരുന്നു ശിവരാജൻ. പക്ഷെ ആരും അറിയാത്ത ഏതോ ഒരുത്തൻ നിരാഹാരം കിടക്കുന്നു എന്ന് എൻ.ശിവരാജനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞപ്പോൾ കുതിച്ചുയരുന്നത് എൻ.ശിവരാജന്റെ ഗ്രാഫ് ആണ്. കോടിയേരി ഇത്തരം പരാമർശം നടത്തിയപ്പോൾ സ്വാഭാവികമായി അന്വേഷണങ്ങൾ ശിവരാജന് ചുറ്റുമായി. അറിയാത്തവർ പോലും ആരാണ് ഏതോ ഒരാൾ എന്ന അന്വേഷണത്തിലായി. പാലക്കാട് നഗരസഭയിൽ ഏഴു തവണയായി വിജയിച്ചു നിൽക്കുന്ന ഇപ്പോഴും കൗൺസിലർ ആയ ബിജെപി നേതാവിന് കോടിയേരി വഴി രാഷ്ട്രീയത്തിൽ ഒരു താരപദവി തന്നെയാണ് ലഭിച്ചിരിക്കുന്നത്. ആരാണ് ശിവരാജൻ. ഏതോ ഒരാൾ എന്ന് കോടിയേരി പറഞ്ഞ എൻ.ശിവരാജ്ന്റെ പശ്ചാത്തലം ഇങ്ങിനെ.
ഏഴാം തവണയും തുടർച്ചയായി പാലക്കാട് ജില്ലാ കൗൺസിലിലേക്ക് വിജയം
. ആരും അറിയാത്ത ഏതോ ഒരുത്തൻ ആണോ ശിവരാജൻ എന്ന് ചോദിച്ചാൽ നിഷേധാത്മക രീതിയിലാകും പാലക്കാട് ജനത മറുപടി പറയുന്നത്. പാലക്കാട് നഗരസഭയുടെ ചരിത്രത്തിൽ എൻ.ശിവരാജന് ഒപ്പം നിൽക്കുന്ന ഒരു ചരിത്രം വേറെ ഒരു കൗൺസിൽ നേതാവിനില്ല. തുടർച്ചയായി ഏഴാം തവണയാണ് അതായത് മുപ്പതിലേറെ വർഷക്കാലമാണ്, ശിവരാജൻ പാലക്കാട് നഗരസഭയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. ഇപ്പോൾ പാലക്കാട് 46 ആം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി പാലക്കാട് ബിജെപി നേതൃത്വത്തിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ് എൻ.ശിവരാജൻ.
ഒൻപതാം വയസിൽ കാക്കി നിക്കർ അണിഞ്ഞു ആർഎസ്എസ് സ്വയം സേവകൻ ആയി മാറിയതാണ്. ആർഎസ് എസ് ശാഖാ വഴിയുള്ള വളർച്ചയാണ് ശിവരാജന്റെ രാഷ്ട്രീയ ജീവിതത്തിൽ സംഭവിച്ചത്. അടിയന്തിരാവസ്ഥയിൽ ജയിൽ വാസവും അനുഭവിച്ചു. ആർഎസ്എസ്.മുൻ തലവന്മാരായ രാജേന്ദ്രസിങ്, സുദർശൻ, ബാലാ സാഹേബ് ദേവറസ്എൽ.കെ.അദ്വാനി, എന്നിവർ ശിവരാജന്റെ ഗൃഹത്തിലേക്ക് സന്ദർശനം നടത്തിയിട്ടുണ്ട്. യുവമോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ്, ബിജെപി മണ്ഡലം പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ വളർന്നു. ഒടുവിൽ നാല് വർഷം മുൻപ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും തേടിവന്നു.
കെ.എം.മാണിയും പാലായും തമ്മിലുള്ള ബന്ധം പോലെയാണ് എൻ.ശിവരാജനും പാലക്കാടുമായുള്ളത്. ഇതിന്റെ തെളിവാണ് തുടർച്ചയായി ഏഴാം തവണയും പാലക്കാട് നിന്ന് എൻ.ശിവരാജൻ തിരഞ്ഞെടുക്കപ്പെടുന്നത്. കെ.എം.മാണിയുടെ സഹായം മീനച്ചിലാറിനു ചുറ്റും മാത്രം തേനും പാലും ഒഴുകുമ്പോൾ ശിവരാജന്റെ സഹായവും തിരഞ്ഞെടുക്കപ്പെട്ട വാർഡുകളിലേക്കാണ്. ഈ സ്വാധീനം മുതലാക്കി പക്ഷെ നിയമസഭയിൽ മത്സരിക്കാൻ പോയപ്പോൾ സ്ഥിതി വ്യത്യസ്തമായിരുന്നു. 2011 ലും 2016ലും നെന്മാറയിലും തോൽവിയായിരുന്നു ഫലം. 2011ൽ ഒമ്പതിനായിരത്തിലേറെ വോട്ടുകൾ മാത്രമാണ് ശിവരാജന് ലഭിച്ചതെങ്കിൽ കഴിഞ്ഞ തവണ അത് 24000 ആക്കി ഉയർത്താൻ ശിവരാജന് സാധിച്ചു എന്ന് മാത്രം.
ശക്തമായ ഗ്രൂപ്പ് വഴക്കുകൾ കാരണം പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ പദവി ലഭിച്ചില്ല
നഗരസഭാ കൗൺസിലർ ആയി ഏഴുതവണ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ പദവിയിലിരിക്കാൻ ശിവരാജന് സാധിച്ചില്ല. നഗരസഭാ പ്രസിഡന്റ് പദവി വനിതാ സംവരണം ആയതിനാൽ വൈസ് ചെയർമാൻ പദവിയാണ് ശിവരാജന് ലഭിക്കേണ്ടിയിരുന്നത്. ബിജെപിയിലെ ശക്തമായ പാലക്കാട് ഗ്രൂപ്പുവഴക്കുകൾ ആണ് ഈ കാര്യത്തിൽ ശിവരാജന് തടസം നിന്നത്. പലതവണ സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ ആയെങ്കിലും ശിവരാജന് ഒരിക്കലൂം വൈസ് ചെയർമാൻ പദവി സ്വന്തമാക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ പാലക്കാട് നഗരസഭയിൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ വൈസ് ചെയർമാൻ പദവിയിലേക്ക് ശിവരാജന്റെയും എസ്.ആർ.ബാലസുബ്രഹ്മണ്യത്തിന്റെ പേരുമാണ് ഉയർന്നത്, പക്ഷെ രണ്ടുപേർക്കും ഈ പദവി ലഭിച്ചില്ല.
മുരളീധര വിരുദ്ധപക്ഷ നേതാവ്; ശ്രീധരൻ പിള്ളയുടെയും രാജഗോപാലിന്റെയും വിശ്വസ്തൻ
എപ്പോഴും ഗ്രൂപ്പ് നേതാവായി വിരാജിക്കാൻ ശിവരാജൻ ശ്രമിച്ചിരുന്നു. ഇപ്പോൾ മുരളീധര വിരുദ്ധപക്ഷ നേതാവാണ് എൻ.ശിവരാജൻ. ശ്രീധരൻപിള്ളയും ഒ.രാജഗോപാലുമുള്ള ഗ്രൂപ്പിനൊപ്പമാണ് നിലവിൽ ശിവരാജൻ. അതുകൊണ്ട് തന്നെയാണ് ശോഭാ സുരേന്ദ്രൻ സമരപ്പന്തലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റപ്പെട്ടപ്പോൾ പകരം നിരാഹാരത്തിനു ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള .എൻ.ശിവരാജനെ നിയോഗിക്കുന്നത്. ബിജെപിയിൽ ശ്രീധരൻ പിള്ളയുടെ വിശ്വസ്തനായതിലായാണ് ശോഭാ സുരേന്ദ്രന് പകരം നിരാഹാരം ആര് എന്ന ചോദ്യം ഉയർന്നപ്പോൾ ശിവരാജനെ ശ്രീധരൻപിള്ള നിയോഗിക്കുന്നത്. പാലക്കാട് നഗരസഭയിൽ ഇപ്പോഴും ബിജെപി ഭരണം തുടർന്നുകൊണ്ടിരിക്കെ ആ ബിജെപിക്ക് പാലക്കാട് സ്വാധീനം സൃഷ്ടിച്ച നേതാക്കളിൽ പ്രമുഖ സ്ഥാനം എൻ.ശിവരാജനാണ്.
ഒപ്പമുള്ളത് പാലക്കാട്ടെ പ്രബലമായ മൂത്താൻ സമുദായം; സമുദായത്തിൽ ഭിന്നിപ്പ് വന്നപ്പോഴും സമുദായം തുണച്ചു
പാലക്കാടെ പ്രബല സമുദായമായ മൂത്താൻ സമുദായത്തിൽ നിന്നുള്ള നേതാവാണ് എൻ.ശിവരാജൻ. തമിഴ്നാട്ടിൽ നിന്നും പാലക്കാട് വ്യാപാര ആവശ്യങ്ങളുമായി എത്തി പിന്നീട് പാലക്കാട് വേരുറപ്പിച്ച സമുദായമാണ് മൂത്താൻ സമുദായം. മൂത്താൻ സമുദായം കേരളത്തിൽ പാലക്കാട് മാത്രമേയുള്ളൂ. പക്ഷെ പാലക്കാട് മാത്രമേയുള്ളൂവെങ്കിലും പാലക്കാട്ടെ പ്രബല സമുദായമാണ് മൂത്താൻ സമുദായം. ഈ സമുദായം എല്ലാകാലവും ബിജെപിക്ക് ഒപ്പം ഉറച്ചു നിന്നവരാണ്. മൂത്താൻ സമുദായത്തിന്റെ വഴിയിലാണ് ബിജെപിയും ബിജെപിയുടെ വഴിയിലാണ് മൂത്താൻ സമുദായവും എപ്പോഴും ചരിച്ചിരുന്നത്.
പാലക്കാട് നഗരസഭയിലെ ബിജെപി നേതാവായ എസ്.ആർ.ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ശിവരാജനുമായി ഇടഞ്ഞപ്പോൾ മാത്രമാണ് മൂത്താൻ സമുദായത്തിൽ ഒരു ഭിന്നത വന്നത്. പാലക്കാടെ മൂത്താൻ സമുദായത്തിന്റെ പ്രബല നേതാവായ എസ്ആർ ബാലസുബ്രഹ്മണ്യം ശിവരാജനുമായി ഉടക്കിയപ്പോൾ മൂത്താൻ സമുദായത്തെ വരെ ഈ ഭിന്നിപ്പ് ബാധിച്ചു. കൂടുതൽ സ്വാധീനം ശിവരാജനാണെന്നു മനസിലാക്കിയപ്പോൾ എസ്.ആർ.ബാലസുബ്രഹ്മണ്യവും ഒരു വിഭാഗം ബിജെപി നേതാക്കളും കോൺഗ്രസിലേക്ക് ചേക്കേറുകയായിരുന്നു. ഇതു മൂത്താൻ സമുദായത്തിലും ഭിന്നിപ്പിന് വക വെച്ചു. പക്ഷെ മൂത്താൻ സമുദായത്തിന്റെ ചരിത്രം ശരിവെച്ച് എസ്ആർ.ബാലസുബ്രഹ്മണ്യവും അനുയായികളും വീണ്ടും ബിജെപിയിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. ആർഎസ്എസിന്റെ കേരളത്തിലെ ഏറ്റവും പ്രബല നേതാവായ എസ്.സേതുമാധവനും മൂത്താൻ സമുദായത്തിൽ നിന്നുള്ള നേതാവാണ്.
വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ വിശ്വസ്തൻ
വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായുള്ള ഉറ്റബന്ധമാണ് ശിവരാജനിൽ ആരോപണവുമായി ഉയർന്നത്. ചാക്കുമായുള്ള ബന്ധം എല്ലാ രാഷ്രട്രീയ നേതാക്കളും മറച്ചുവെയ്ക്കാൻ ശ്രമിച്ചപ്പോൾ അതിൽ നിന്നും ശിവരാജൻ വ്യത്യസ്തനായി നിലകൊണ്ടു. എല്ലാവരോടും ചാക്കുമായുള്ള ബന്ധം തുറന്നുപറയാൻ ശിവരാജൻ ഒരിക്കലും മടികാട്ടിയില്ല. ചാക്കുമായി ബന്ധമുള്ള പാലക്കാട്ടെ സ്വാധീന ശക്തിയുള്ള നേതാവായാണ് ഇപ്പോഴും ശിവരാജൻ അറിയപ്പെടുന്നത്. യൂക്കോ ബാങ്കിന്റെ കളക്ഷൻ ഏജന്റായുള്ള സ്വന്തം ജോലി ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ചാക്കുമായുള്ള ബന്ധം ശിവരാജനെ പലപ്പോഴും വിവാദത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.