ന്യൂയോർക്ക്: സ്വാദിഷ്ടമായ ബാർബിക്യൂ വിഭവങ്ങളും, വൈവിധ്യമാർന്ന മത്സര ഇനങ്ങളും ഉൾപ്പെടുത്തി ബഹുജന പങ്കാളിത്തത്തോടെ നടത്തപ്പെട്ട സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷന്റെ ഈവർഷത്തെ പിക്‌നിക്ക് വിജയകരമായി നടന്നു. സെന്റ് പോൾസ് ആൽബാ കോമ്പൗണ്ടിൽ നടന്ന പരിപാടികൾക്ക് പിക്‌നിക്ക് കോർഡിനേറ്റർ ആന്റോ ജോസഫ്, പ്രസിഡന്റ് എസ്.എസ് പ്രകാശ്, വൈസ് പ്രസിഡന്റ് റോഷിൻ മാമ്മൻ, സെക്രട്ടറി ജോസ് വർഗീസ്, ജോയിന്റ് സെക്രട്ടറി സാമുവേൽ കോശി, തുടങ്ങിയവരും ഇതര കമ്മിറ്റികളും നേതൃത്വം നൽകി.

രാവിലെ 9 മണിക്ക് പ്രസിഡന്റ് എസ്.എസ് പ്രകാശ് ഔപചാരികമായി ഉദ്ഘാടന കർമ്മം നിർവഹിച്ചതോടെ പിക്‌നിക്കിന് സമാരംഭമായി. മലയാളി അസോസിയേഷന്റെ എക്കാലത്തേയും അഭ്യുദയകാംക്ഷിയായ സെന്റ് ജോർജ് മലങ്കര ഓർത്തഡോക്‌സ് പള്ളി വികാരി റവ.ഫാ. അലക്‌സ് കെ. ജോയി വിശിഷ്ടാതിഥിയായി പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള കായിക മത്സരങ്ങളും റോബിൻ മാമ്മൻ മെമോറിയൽ എവർ റോളിങ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോൾ ടൂർണമെന്റും നടന്നു. വാശിയേറിയ വടംവലി മത്സരം, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങൾ ഏറെ ആകർഷങ്ങളായിരുന്നു. ഷാജി- ദേവസ്യ ടീം വോളിബോൾ ടൂർണമെന്റിൽ വിജയികളായി റോളിങ് ട്രോഫി കരസ്ഥമാക്കി. ജോസ് വർഗീസ് നയിച്ച ടീം വടംവലിയിൽ ഒന്നാംസ്ഥാനവും, ബിജിൻ സുനിൽ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ചീട്ടുകളിയിൽ വൻ പ്രാതിനിധ്യമാണുണ്ടായിരുന്നത്.

മലയാളി അസോസിയേഷന്റെ ആയുഷ്‌കാല മെമ്പർകൂടിയായ തോമസ് വർഗീസിന്റെ (എസ്.ഐ തോമസ്) എഴുപതാമത് ജഗ്ഗദിനവും പിക്‌നിക്കിനോടനുബന്ധിച്ച് ആഘോഷിച്ചു. പ്രസിഡന്റ് എസ്.എസ് പ്രകാശ് അദ്ദേഹത്തെ ചടങ്ങിൽ പരിചയപ്പെടുത്തുകയും അസോസിയേഷന്റെ പേരിൽ ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. സെക്രട്ടറി ജോസ് വർഗീസ് നന്ദി പ്രകാശിപ്പിച്ചു. ലെജി, റോഷിൻ മാമ്മൻ എന്നിവർ ഫോട്ടോഗ്രാഫി നിർവഹിച്ചു.


സാന്നിധ്യംകൊണ്ടും സഹകരണം കൊണ്ടും പിക്‌നിക്ക് അക്ഷരാർത്ഥത്തിൽ വൻ വിജയമാക്കിയ സ്റ്റാറ്റൻഐലന്റിലെ മുഴുവൻ മലയാളി സമൂഹത്തോടും നന്ദി അറിയിക്കുന്നതായി കോർഡിനേറ്റർ ആന്റോ ജോസഫ് പറഞ്ഞു. സ്വാദിഷ്ടമായ ബാർബിക്യൂ വിഭവങ്ങൾ തയാറാക്കാൻ പുരുഷന്മാരും സ്ത്രീകളും ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. ചിട്ടയായുള്ള പ്രവർത്തനങ്ങളും സമയനിഷ്ഠയും പാലിച്ചുകൊണ്ട് യുവജജനപങ്കാളിത്തത്തോടെ നടന്ന പിക്‌നിക്ക് വൈകുന്നേരത്തോടെ സമാപിച്ചു. ബിജു ചെറിയാൻ (പബ്ലിസിറ്റി) അറിയിച്ചതാണിത്.