ന്യൂഡൽഹി: ചരക്ക്-സേവന നികുതിയെ ഏറ്റവും കൂടുതൽ പ്രകീർത്തിച്ച് നടന്നവരിലൊരാളാണ് നമ്മുടെ ധനമന്ത്രി തോമസ് ഐസക, ജി.എസ്.ടി. നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന് കൈവരുന്ന നികുതി നേട്ടമായിരുന്നു ധനമന്ത്രിയുടെ കണ്ണിൽനിറയെ. എന്നാൽ, ജി.എസ്.ടിയുടെ കയ്പ് പതുക്കെ അറിഞ്ഞുതുടങ്ങിയതോടെ, തോമസ് ഐസക്കും അതിനെതിരായി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ജി.എസ്.ടിയാണെന്ന് തുറന്നുതമ്മതിക്കാൻ ധനമന്ത്രി തയ്യാറായി.

ഇപ്പോഴിതാ, ജി.എസ്.ടിയോട് കൂടുതൽ എതിർപ്പുയർത്തി, കേന്ദ്ര വിഹിതം മൂന്നുമാസത്തിലൊരിക്കൽ മാത്രമേ നൽകൂവെന്ന കേന്ദ്ര സർക്കാർ തീരുമാനവുമെത്തിയിരിക്കുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തികാടിത്തറ തകർക്കുന്ന തീരുമാനമാണിത്. നിലവിൽ, കേന്ദ്ര നികുതിയിൽനിന്ന് 42 ശതമാനം ഓരോ മാസവും ഒന്നാം തീയതി സംസ്ഥാനങ്ങളുടെ ഖജനാവിലെത്തും. ഇതുപയോഗിച്ചാണ് ശമ്പളവും പെൻഷനും മറ്റ് ചെലവുകളും സംസ്ഥാനങ്ങൾ കണ്ടെത്തുന്നത്.

ഈ തുക മൂന്നുമാസത്തിലൊരിക്കലേ നൽകൂ എന്ന കേന്ദ്ര തീരുമാനം സംസ്ഥാനങ്ങളുടെ നടുവൊടിക്കുന്നതിന് തുല്യമാണ്. എല്ലാമാസവും ഒന്നാം തീയതിയെന്നത് 15-ാം തീയതിയിലേക്ക് മാറ്റുകയാണെന്ന് ഓഗസ്റ്റിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. മാർച്ചുവരെ ഈ നില തുടരും. അതിനുശേഷം മൂന്നുമാസത്തിലൊരിക്കലാകും ഫെഡറൽ പൂളിൽനിന്നുള്ള നികുതി സംസ്ഥാനങ്ങൾക്ക് ലഭിക്കുകയെന്നും സർക്കാർ വ്യക്തമാക്കി.

സംസ്ഥാനങ്ങൾക്കുള്ള വിഹിതം നൽകുന്നതിന് കേന്ദ്രം കഷ്ടപ്പെടുന്ന സാഹചര്യമാണിപ്പോഴെന്ന് കേന്ദ്രസർക്കാർ പറയുന്നു. നികുതി വരവ് പലപ്പോഴും പതുക്കെയാണെന്നതുകൊണ്ട് പുറമേനിന്ന് പണം കണ്ടെത്തിയാമ് സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകുന്നത്. ഓരോ സാമ്പത്തികവർഷത്തെയും ആദ്യമാസങ്ങളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയും ചെയ്യും. ഇതതൊഴിവാക്കാനാമ് മൂന്ന് മാസം കൂടുമ്പോൾ മാത്രം കേന്ദ്രനികുതി നൽകിയാൽ മതിയെന്ന തീരുമാനമെന്ന് ധനമന്ത്രാലയം ഉദ്യോഗസ്ഥർ പറയുന്നു.

കേന്ദ്രവിഹിതം വൈകിപ്പിക്കുന്നതുകൊണ്ട് കേന്ദ്രത്തിന്റെ കടബാധ്യത കുറയ്ക്കാനാകുമെന്നതാണ് ഇതിന്റെ ഗുണം. നികുതിപിരിവിലൂടെ കിട്ടേണ്ട തുക കിട്ടിയശേഷം സംസ്ഥാനങ്ങൾക്ക് വീതിച്ചാൽ മതിയെന്ന സാവകാശം കേന്ദ്രത്തിന് ലഭിക്കും. എന്നാൽ, ഓരോ മാസത്തെയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് സംസ്ഥാനങ്ങൾ എന്തുചെയ്യുമെന്ന പ്രശ്‌നമാമ് ഇവിടെ ഉയർന്നുവരുന്നത്. കേരളം പോലെ നികുതി വരുമാനത്തെ വൻതോതിൽ ആശ്രയിക്കുന്ന സംസ്ഥാനങ്ങൾക്കാണ് തീരുമാനം ഏറ്റവും തിരിച്ചടിയാവുക.