ജിദ്ദ: സൗദിയിലെ ഇന്റർനാഷണൽ സ്‌കൂളുകളിലെ വിദേശ അദ്ധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും നിയമ പ്രശ്‌നത്തിന് പരിഹാരം കാണാൻ വിദ്യാഭ്യാസ മന്ത്രലായവും തൊഴിൽ മന്ത്രലായവും കൈകോർക്കുന്നു. ഇതിനായി തൊഴിൽ മന്ത്രാലയത്തിന് കീഴിൽ സ്‌കൂളുകൾക്കായി അജീർ ഓൺലൈൻ സർവീസ് ആരംഭിച്ചു.അജീർ സർവീസി'ൽ രജിസ്റ്റർ ചെയ്യുന്നതോടെ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വിദേശികൾ നടത്തുന്ന ഇന്റർനാഷണൽസ്‌കൂളുകളിലെ അദ്ധ്യാപകരുടെ തൊഴിൽ നിയമന പ്രശ്‌നങ്ങൾക്ക് ശ്വാശ്വതപരിഹാരമാവുമെന്നാണ് കരുതപ്പെടുന്നത്.

ഇതു സംബന്ധമായി രാജ്യത്തെ എല്ലാ ഇന്റർനാഷണൽ സ്‌കൂളുകൾക്കും നോട്ടീസ് അയച്ചതായി വിദ്യാഭ്യാസ പരിശീശലന വിഭാഗം മേധാവി മുഹമ്മദ് ബിൻ അബ്ദുല്ല അൽമുർശിദ് വ്യക്തമാക്കി. ഇന്റർനാഷണൽ സ്‌കൂളുകളിലെ അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയുമെല്ലാം പൂർണമായി നിയമ വിധേയമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. വിസക്കച്ചവടം അവസാനിപ്പിക്കാൻ ലക്ഷ്യം വച്ചാണ് അജീർ സർവീസ് ഏർപ്പെടുത്തിയത്.അതോടൊപ്പം സ്‌പോൺസർമാരിൽനിന്ന് ഒളിച്ചോടുന്ന വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കാനും സ്‌പോൺസർമാരുടെയുംതൊഴിലാളികളുടെയും അവകാശ സംരക്ഷണത്തിനും അജീർ സർവീസ് ഉപകാരപ്പെടും. ഇന്റർനാഷണൽ സ്‌കൂളുകളിലെ പുരുഷ, വനിതാ ജീവനക്കാർ സ്വയം അജീർ സർവീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ ലംഘനം തടയുന്നത്ഉറപ്പുവരുത്താനാണിത്.

ഭാര്യക്കും ഭർത്താവിനും ഒരേ സ്ഥാപനത്തിൽ ജോലിയെടുക്കാവുന്നതാണ്. എന്നാൽ രണ്ടുപേരും വെവ്വേറെ അജീർ സർവീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. അതുമൂലം ലഭിക്കുന്ന ഓതറൈസേഷൻ സർട്ടിഫിക്കറ്റ് സ്ഥാപനങ്ങളിൽ തൊഴിൽ പരിശോധന നടക്കുമ്പോൾഹാജരാക്കാവുന്നതാണ്.അജീർ സർവീസിൽ ജീവനക്കാരുടെ പേരുകൾ രജിസ്റ്റർ ചെയ്യാൻ വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സ്‌കൂളുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനകം ഇന്റർവ്യു മുഖേന വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് ജോലിചെയ്യാൻ അനുമതി ലഭിച്ചിട്ടുള്ള ജീവനക്കാരും ഇതിൽ ഉൾപ്പെടും. എന്നാൽ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ വീണ്ടും മന്ത്രാലയത്തിൽ ഇന്റർവ്യുവിന് ഹാജരായി രേഖകൾ കൈപ്പറ്റേണ്ടിവരും.
പുതിയ തീരുമാനത്തോടെ നിതാഖാത് നടപ്പാക്കി തുടങ്ങിയതുമുതൽ ഇന്റർനാഷണൽ സ്‌കൂളുകളിലെ ജീവനക്കാർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. വിവിധ സ്‌കൂളുകളിൽ നിയമപരമല്ലാതെ ജോലിചെയ്യുന്ന അനേകം വിദേശികളായ അദ്ധ്യാപകർക്ക് പുതിയ പദ്ധതി ഏറെഗുണം ചെയ്യും.