ളത്തിൽ ദിനേശൻ ഒരു പ്രതീകമാണ്. തന്നെപ്പറ്റിത്തന്നെയുള്ള ആശങ്കകളും ഉൽക്കണ്ഠകളും വ്യക്തിത്വവൈകല്യത്തോളം വളർന്ന ഒരു വിഭാഗത്തിന്റെ പ്രതീകം. ഏറിയോ കുറഞ്ഞോ ഈ തളത്തിൽ ദിനേശൻ എലമെന്റ് നമ്മിൽ ഭൂരിഭാഗം പേരിലുമുണ്ട്.

വ്യക്തിതലത്തിൽ നിന്ന് ബിസിനസ് രംഗത്തേക്കെത്തുമ്പോഴും തളത്തിൽ ദിനേശൻ ഫാക്ടർ വിട്ടൊഴിയുന്നില്ല എന്നു കാണാം. തന്റെ ബിസിനസിനെക്കുറിച്ചും അതിന്റെ ദൈനംദിന പ്രവർത്തനങ്ങൾ, വിപണിയിലെ മത്സരം, ബിസിനസിന്റെ ഭാവി എന്നിവയെക്കുറിച്ചുമെല്ലാം അളവിൽ കവിഞ്ഞ ഉൽക്കണ്ഠയുമായി സമീപിക്കുന്ന കൺസൾട്ടിങ് ക്ലയന്റ്‌സിനെ നിരന്തരം അഭിമുഖീകരിക്കേണ്ടിവരാറുണ്ട്

ബിസിനസ് സമ്മർദ്ദം

ജീവജാലങ്ങളുടെ പരിണാമഘട്ടത്തിൽ അതിജീവനത്തിന് സഹായിച്ച പ്രധാനഘടകങ്ങളിലൊന്ന് ഉത്കണ്ഠയും സമ്മർദ്ദവുമാണത്രേ ഇവ ബാഹ്യഭീഷണികളെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പുനടത്താനും അവയെ ഫലപ്രദമായി നേരിടാനുമുള്ള ശേഷി ജീവജാലങ്ങൾക്ക് നൽകി

ഗൗരവമായി ബിസിനസിനെ സമീപിക്കുന്നവരെ സംബന്ധിച്ചിടത്തോളം സമ്മർദ്ദം ബിസിനസിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ബിസിനസിന്റെ ഓരോ ഘട്ടത്തിലും ജാഗരൂകനായിരിക്കാൻ ഈ സമ്മർദം സംരംഭകനെ സഹായിക്കുന്നു. ബിസിനസ് വെല്ലുവിളികളെ ഫലപ്രദമായി നേരിടാനുള്ള തയ്യാറെടുപ്പുനടത്താനും ഊർജ്ജം സംഭരിക്കാനും സമ്മർദ്ദം ഉപകരിക്കുന്നു

അധികമായാൽ......

ബിസിനസ് സമ്മർദ്ദത്തിന്റെ തോത് വളർന്ന് അമിതമായ ഉൽക്കണ്ഠയിലേക്കെത്തുമ്പോഴാണ് കാര്യങ്ങൾ വഷളാകുന്നത്. ബിസിനസിന്റെ സമഗ്രമായ ചിത്രം മനസിൽ കാണാൻ കഴിയാത്തതോ വിപണിയുടെ സമ്മർദ്ദത്തിന് പരിധിയിൽ കവിഞ്ഞ് വശംവദരാകുന്നതോ ഒക്കെ അമിത ഉൽക്കണ്ഠയിലേക്ക് നയിക്കാം. വ്യക്തിതലത്തിൽ സംരംഭകന് ഉൽക്കണ്ഠയുണ്ടാക്കുന്ന ചില ഘടകങ്ങളാണിവിടെ പരാമർശിക്കുന്നത്.

പെർഫക്ഷനിസ്റ്റ്

രു നവീനാശയവുമായി സംരംഭകത്വത്തിലേക്കിറങ്ങുന്നവരിൽ മിക്കവരിലും കാണാറുള്ളതാണ് പെർഫെക്ഷനിസം തങ്ങളുടെ ഉൽപ്പന്നം 100% പെർഫക്റ്റ് ആകണമെന്ന വാശി തീർച്ചയായും നല്ലതാണ്. പക്ഷേ അതിനായുള്ള ശ്രമങ്ങൾ യാഥാർത്ഥ്യബോധത്തോടുകൂടിയുള്ളതായിരിക്കണം. പെർഫെക്ഷൻ ഏതെങ്കിലുമൊരു ഘട്ടം പിന്നിടുമ്പോൾ നേടാവുന്ന ഒന്നല്ലെന്നും അത് നിരന്തരമായ നവീകരണത്തിലൂടെയാണ് നേടേണ്ടതെന്നുമുള്ള ബോധ്യം സംരംഭകനുണ്ടായിരിക്കണം.

പെർഫെക്ഷനുവേണ്ടിയുള്ള ശ്രമത്തിൽ ഒരിക്കലും വിപണിയിലിറങ്ങാതെ പോയ മികച്ച ഉൽപ്പന്നങ്ങളുണ്ട്. ലഭ്യമായ വിഭവങ്ങളുടെ പരിമിതിക്കുള്ളിൽ സാധ്യമാകുന്ന മികച്ച ഉൽപ്പന്നം പുറത്തിറക്കുകയും ബിസിനസ് വളർച്ചയ്ക്കനുസരിച്ച് അത് നവീകരിക്കുകയും ചെയ്യുക എന്നതാണ് ഫലപ്രദമായ മാർഗം

ജനപ്രിയൻ

ഞ്ചായത്ത് ഇലക്ഷനിൽ മൽസരിക്കാൻ കുപ്പായം തയ്‌പ്പിക്കുന്നതും ബിസിനസ് തുടങ്ങുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് സംരംഭകർ മനസിലാക്കണം. എല്ലാവരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്ക് ചെവികൊടുക്കുകയും എല്ലാവരേയും സന്തോഷിപ്പിക്കുകയും ചെയ്യുക എന്നത് സംരംഭകന് അസാധ്യമാണ്. നിങ്ങളുടെ ബിസിനസ് ഐഡിയയിൽ നിങ്ങൾക്കുള്ള വിശ്വാസമാണ് പരമപ്രധാനം. ബിസിനസിന്റെ പ്രായോഗികവശങ്ങളെ സംബന്ധിച്ച് അതിനനുയോജ്യരായവരുടെ മാർഗനിർദ്ദേശങ്ങൾ തേടാം. അതിനപ്പുറത്ത് എല്ലാവരുടേയും പ്രീതി ലക്ഷ്യമാക്കി തീരുമാനങ്ങളെടുക്കുന്നത് ബിസിനസിനെ തകർക്കും

സർവാധികാരി

ന്റെ ബിസിനസ്, എന്റെ കമ്പനി, എന്റെ ജോലിക്കാർ… എന്നിങ്ങനെ 'എന്റെ'യ്ക്കു ചുട്ടും കറങ്ങിത്തിരിഞ്ഞ് ബിസിനസ് ചെയ്യാനാവില്ല. സംരംഭം ഒരു കൂട്ടായ്മയാണ്. ബിസിനസ് ചുമതലകൾ ഓരോരുത്തരിലേക്കുമായി വിഭജിച്ച് നൽകണം ഇവ കാര്യക്ഷമമായി നിർവഹിക്കപ്പെടണമെങ്കിൽ അതിനു തക്ക അധികാരവും വിഭജിച്ച് നൽകണം.

തന്റെ സ്ഥാപനത്തിലെ ഓരോ പർച്ചേസും തന്റെ അനുമതിയോടുകൂടിയേ നടക്കാവൂ എന്ന് നിഷ്‌കർഷിച്ച ഒരു ബിസിനസുകാരനെ നേരിട്ടറിയാം. സ്ഥാപനം ചെറുതായിരുന്നപ്പോൾ ഇത് നടക്കുമായിരുന്നു. എന്നാൽ ബിസിനസ് വളർന്നതിനൊപ്പം സംരംഭകന്റെ കാഴ്ചപ്പാട് വളർന്നില്ല. ഫലമോ, ഓഫീസിലേക്കുള്ള ഒരു ബൺഡിൽ പേപ്പർ ഉടമയുടെ ഒപ്പ് കാത്ത് ഒരാഴ്ച വൈകും. അധികാരം വിഭജിച്ചുനൽകാനും ഇത് ശരിയായി പ്രയോഗിക്കപ്പെടുന്നു എന്ന് മേൽനോട്ടം വഹിക്കാനും സാധിക്കുന്ന തലത്തിലേക്ക് സംരംഭകൻ ഉയരണം.
തന്റെ സംരംഭത്തിന്റെ ഓരോ ഇലയനക്കങ്ങളെയും പറ്റി ഉൽക്കണ്ഠപ്പെടുന്ന നിലയിൽ നിന്ന് സംരംഭത്തിന്റെ കുതിപ്പിന് നേതൃത്വം നൽകുന്ന റോളിലേക്ക് സംരംഭകൻ തിരിയേണ്ടതുണ്ട്.

സമ്മർദ്ദവും ഉൽക്കണ്ഠയുമെല്ലാം ബിസിനസിൽ സ്വാഭാവികമാണ് നിങ്ങൾക്ക് ബിസിനസ് എത്രമേൽ പ്രധാനമാണ് എന്നതിന്റെ പ്രതിഫലനം കൂടിയാണത്. എന്നാൽ ബിസിനസ് പെർഫോമൻസിനെ ബാധിക്കുന്ന നിലയിലേക്ക് അവയെ വളർത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടത് സംരംഭകന്റെ കടമയാണ്.