സിഡ്‌നി: രാജ്യത്തെ വീടുവിപണിയിൽ ഏറ്റവും ശക്തമായി നിന്നിരുന്ന സിഡ്‌നിയിൽ പ്രോപ്പർട്ടി മാർക്കറ്റ് ഇടിയുന്നതായി സൂചന. ആഴ്ചാവസാനം നടക്കുന്ന ഓക്ഷനിൽ വെറും 850 വീടുകൾ മാത്രമാണ് എന്നുള്ളത് സിഡ്‌നിയിലെ പ്രോപ്പർട്ടി മാർക്കറ്റിൽ വന്നിരുന്ന മാന്ദ്യം വെളിവാക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 1028 ഭവനങ്ങളാണ് ഓക്ഷനു വച്ചിരുന്നത്.

ഓക്ഷൻ ക്ലിയറൻസ് റേറ്റിലും ഇടിവു രേഖപ്പെടുത്തിയത് സിഡ്‌നിയിൽ പ്രോപ്പർട്ടി വില ഇടിയുന്നതിന് സാക്ഷ്യമായി. ശനിയാഴ്ചത്തെ ഓക്ഷൻ ക്ലിയറൻസ് റേറ്റ് 58.6 ശതമാനമായിരുന്നു. മുൻവർഷം ഇതേ കാലയളവിൽ 74.6 ശതമാനമായിരുന്ന ഓക്ഷൻ ക്ലിയറൻസ് റേറ്റാണ് 58.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്. 2012 നവംബറിനു ശേഷം ആദ്യമായാണ് സിഡ്‌നിയിൽ ഓക്ഷൻ ക്ലിയറൻസ് റേറ്റ് 60 ശതമാനത്തിലേക്ക് ഇടിയുന്നത്.

സിഡ്‌നിയിൽ മാത്രമല്ല മെൽബണിലും വീടുവിലയിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്.  പുതുതായി പുറത്തിറങ്ങിയ കോർലോജിക്ക് ആർപി ഡാറ്റയിലാണ് നവംബറിൽ വീടുകളുടെ മൂല്യത്തിൽ ഇടിവുണ്ടായതായി റിപ്പോർട്ടു ചെയ്യുന്നത്. മെൽബണിലാണ് ഏറ്റവും വലിയ ഭവന വിലയിടിവു രേഖപ്പെടുത്തിയത്. 3.5 ശതമാനം വിലയിടിവു മെൽബണിൽ ദൃശ്യമായപ്പോൾ സിഡ്‌നിയിൽ 1.4 ശതമാനമാണ് ഭവന വിലയിൽ ഇടിവുണ്ടായത്. ഹൊബാർട്ടിൽ ഭവനവിലയിൽ 2.4 ശതമാനമാണ് ഇടിവുണ്ടായത്. കാൻബറയിൽ 0.5 ശതമാനവും ഡാർവിനിൽ 1.3 ശതമാനവും വീടുവില ഇടിഞ്ഞു. ഡാർവിനിൽ ശരാശരി വീടുവില 550,000 ഡോളറും കാൻബറയിൽ 595,000 ഡോളറുമാണ്.

സിഡ്‌നി, മെൽബൺ ഉൾപ്പെടെ ഓസ്‌ട്രേലിയയിലെ അഞ്ച് ക്യാപിറ്റൽ സിറ്റികളിൽ നവംബറിൽ വീടുവില ഇടിഞ്ഞിട്ടുണ്ട്.  നവംബറിൽ സിഡ്‌നിയിൽ ശരാശരി വീടുവില 810,000 ഡോളറും മെൽബണിൽ 602,500 ഡോളറുമായിരുന്നു. തുടർച്ചയായി ഓക്ഷൻ ക്ലിയറൻസ് റേറ്റിലും ഇടിവു കണ്ടു തുടങ്ങിയതോടെ ഡിസംബർ മാസത്തിലും വീടുവിലയിൽ കുറവു വരുമെന്നു തന്നെയാണ് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. അങ്ങനെയായാൽ സ്വന്തമായി വീട് എന്ന സ്വപ്‌നം അപ്രാപ്യമായി കരുതിയവർക്ക് ഇനി അതു സാധ്യമാകും.