പത്തനംതിട്ട: സഹോദരിമാരിൽ മൂത്തയാളെ വർഷങ്ങളായി പീഡിപ്പിക്കുകയും ഇപ്പോൾ രണ്ടാമത്തെയാളെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. പെൺകുട്ടികളെ ഇയാളെ ഏൽപിച്ചിട്ട് മാതാവ് വിദേശത്താണ്. വാഴമുട്ടം സ്വദേശിയാണ് പെൺകുട്ടികളുടെ പരാതിയെ തുടർന്ന് പിടിയിലായത്.

പതിനാറും പതിമൂന്നും വയസുള്ള പെൺകുട്ടികളാണ് രണ്ടാനച്ഛനെതിരെ പീഡന ആരോപണം ഉന്നയിച്ചത്. പഠിക്കാൻ സമർഥയായ മൂത്ത കുട്ടി കഴിഞ്ഞ ദിവസങ്ങളിൽ ക്ലാസിൽ ക്ഷീണിതയായിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ക്ലാസ് ടീച്ചർ കൗൺസിലറുടെ അടുത്തേക്ക് അയച്ചു. അപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ആദ്യം ലൈംഗികപീഡനം നടന്ന വിവരം കുട്ടി കൗൺസിലറിൽ നിന്ന് മറച്ചുവച്ചു. തന്റെയും അനിയത്തിയുടെയും ശരീരഭാഗങ്ങളിൽ രണ്ടാനച്ഛൻ സ്പർശിക്കാറുണ്ടെന്നു മാത്രമാണ് പറഞ്ഞിരുന്നത്.

തുടർന്ന് കൗൺസിലർ വിശദമായി ചോദിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തപ്പോഴാണ് കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്ന് മനസിലായത്. തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. ഇന്നലെ രാവിലെ കുട്ടികളെ സ്‌കൂളിൽ കാറിൽ കൊണ്ടുവന്ന് വിട്ടുമടങ്ങുമ്പോഴാണ് ഡിവൈ.എസ്‌പി എ. സന്തോഷ്‌കുമാർ ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഏഴാം ക്ലാസ് മുതൽ തന്നെ രണ്ടാനച്ഛൻ ലൈംഗികമായി ഉപയോഗിച്ചു വരികയായിരുന്നുവെന്ന് മൂത്തകുട്ടി പൊലീസിനോട് പറഞ്ഞു.

കുട്ടികളുടെ നാലുവർഷമായി മാതാവ് വിദേശത്താണ്. രണ്ടാനച്ഛനും പെൺമക്കളും മാത്രമായിരുന്നു വീട്ടിൽ താമസം. നാലുമാസം മുൻപ് നാട്ടിലെത്തിയ മാതാവിനോട് പെൺകുട്ടികൾ രണ്ടുപേരും ഇയാൾ പീഡിപ്പിക്കുന്ന വിവരം അറിയിച്ചിരുന്നു. മൂത്തപെൺകുട്ടിയെ പീഡിപ്പിക്കുന്നത് താൻ കണ്ടുവെന്ന് ഇളയകുട്ടിയും മാതാവിനെ ധരിപ്പിച്ചു. മാതാവ് ഇതേപ്പറ്റി ചോദിച്ചപ്പോൾ കുട്ടികൾ വെറുതേ പറയുകയായിരുന്നുവെന്നാണ് രണ്ടാനച്ഛൻ പറഞ്ഞത്. ഇയാൾ പറഞ്ഞതാണ് മാതാവ് മുഖവിലയ്ക്ക് എടുത്തത്. പത്തു വർഷം മുമ്പാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതിയും രണ്ടു പെൺമക്കളുമായി ഇയാൾ പത്തനംതിട്ടയിലേക്ക് ഒളിച്ചോടിയത്. ഇയാൾക്ക് ആദ്യ വിവാഹത്തിൽ രണ്ടു മക്കളുണ്ട്. അതിൽ മകളുടെ വിവാഹം കഴിഞ്ഞ് അവർക്കും രണ്ടുകുട്ടികളുണ്ട്.

പൊതുവേ മാന്യനായ വ്യക്തിയായാണ് ഇയാൾ ഇവിടെ അറിയപ്പെടുന്നത്. രണ്ടാം ഭാര്യ അയച്ചു കൊടുത്ത പണം കൊണ്ട് ഇയാൾ കാറും വസ്തുവുമെല്ലാം വാങ്ങിക്കൂട്ടി. എല്ലാം ഇയാളുടെ പേരിലായിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിട്ടും കുറ്റം ഇയാൾ സമ്മതിച്ചില്ല. ഒടുവിൽ പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസുള്ളത്. ബലാൽസംഗം, ഹരിജനപീഡനം എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്. പെൺകുട്ടികളെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്ത വിവരം പറയാൻ പൊലീസ് ഗൾഫിലുള്ള മാതാവിനെ വിളിച്ചിരുന്നു. പിതാവ് പീഡിപ്പിച്ചെന്ന് വിശ്വസിക്കാൻ മാതാവും തയാറായിട്ടില്ല.

കുട്ടികളെ തന്റെ മാതാപിതാക്കൾക്കൊപ്പം അയയ്ക്കണമെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ, തങ്ങൾക്ക് അവർക്കൊപ്പം പോകണ്ട എന്നാണ് കുട്ടികൾ പറഞ്ഞത്. അമ്മയുടെ അമ്മയ്‌ക്കൊപ്പം വരുന്നത് അവരുടെ രണ്ടാം ഭർത്താവാണെന്നു കൂടി കുട്ടികൾ പറഞ്ഞതോടെ ഞെട്ടിയത് പൊലീസുകാരാണ്. മജിസ്‌ട്രേറ്റിന് മുന്നിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കോഴഞ്ചേരി മഹിളാമന്ദിരത്തിലേക്ക് കുട്ടികളെ മാറ്റി.