യുകെയിലെ ഓക്‌സ്ഫഡിൽ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായി 1942 ജനുവരി എട്ടിനു ജനനം. സ്റ്റീഫൻ വില്യം ഹോക്കിങ്ങിന് ഊർജതന്ത്രത്തിലും ഗണിതത്തിലുമായിരുന്നു കുട്ടിക്കാലത്ത് താൽപര്യം. ഓക്‌സ്ഫഡ് സർവകലാശാലയിൽ ബിരുദ പഠനത്തിനു ശേഷം കേംബ്രിജിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ ഹോക്കിങ് കുഴഞ്ഞുവീണു. വിശദമായ വൈദ്യപരിശോധനയിൽ മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന മാരക രോഗമാണെന്നു കണ്ടെത്തി. 1962ലായിരുന്നു അത്.

രോഗം മൂർച്ഛിച്ച്, ക്രമേണ ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടു. ജീവിതം വീൽചെയറിലായി. കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസർ വഴിയായി സംസാരം. രോഗം ശരീരത്തെ തളർത്തി. പക്ഷേ മനസ്സ് മാത്രം തളർന്നില്ല. ഈ കസേരയിൽ ഇരുന്ന് കേംബ്രിജിലെ ഗവേഷണകാലത്തു മഹാസ്‌ഫോടന സിദ്ധാന്തത്തെക്കുറിച്ചും തമോഗർത്തങ്ങളെക്കുറിച്ചും പഠിച്ചു. വീൽ ചെയറിൽ ഇരുന്നുകൊണ്ടു പ്രപഞ്ചരഹസ്യങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. അങ്ങനെ പുതിയ സിദ്ധാന്തങ്ങൾ മെനഞ്ഞു മനുഷ്യരെ പ്രലോഭിപ്പിച്ചു. അതിരില്ലാത്ത ആകാശങ്ങളിലേക്കും ജീവന്റെ വേരിലേക്കും ഒരുപോലെ സഞ്ചരിച്ചു. ശാസ്ത്രത്തിനും മനുഷ്യചിന്തകൾക്കും വിസ്മയമായിു സ്റ്റീഫൻ ഹോക്കിങ് മാറി.

ഐൻസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻ. യൗവനത്തിൽ ശരീരമാസകലം തളർന്ന അപൂർവ മാരകരോഗത്തിന് ഇരയായിട്ടും ശാരീരികാവശതകളെ അതിജീവിച്ച്, ഡോക്ടർമാരുടെ പ്രവചനങ്ങളെ നിഷ്പ്രഭമാക്കിയ അത്ഭുതം. സാധാരണക്കാരെ ശാസ്ത്രത്തോട് അടുപ്പിച്ച യുഗ പിറവിയായിരുന്നു. 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം)' എന്ന പുസ്തകമാണു ഹോക്കിങ്ങിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. ശാസ്ത്രരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഹോക്കിങ് മനുഷ്യർക്കു മുന്നറിയിപ്പു നൽകി- ഭൂമിയിൽ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു, അതിജീവനത്തിനു പുതിയ ഭൂമി കണ്ടെത്താതെ വഴിയില്ല. ഭാഗ്യമുണ്ടെങ്കിൽ 100 വർഷം കൂടി മനുഷ്യർക്കു ഭൂമിയിൽ കഴിയാനാകുമെന്നായിരുന്നു ഹോക്കിങ്ങിന്റെ കണക്കുകൂട്ടൽ. ചന്ദ്രനിലും ചൊവ്വയിലും വാസമുറപ്പിക്കുക എന്ന ദൗത്യം മുൻനിർത്തിയുള്ള ഗവേഷണങ്ങൾക്കു ലോകരാജ്യങ്ങൾ ഒരുമിക്കണമെന്നും ഹോക്കിങ് ആഹ്വാനം ചെയ്തു.

മോട്ടോർ ന്യൂറോൺ രോഗത്തിന്റെ വരവിനെക്കുറിച്ച് അറിഞ്ഞപ്പോൾ സ്റ്റീഫൻ ഹോക്കിങ്ങിനു നവോന്മേഷം കിട്ടിയേ്രത. ആയിടെ മൊട്ടിട്ട പ്രണയം കൂടിയായപ്പോൾ, ജീവിക്കാൻ നല്ലൊരു കാരണം കിട്ടിയല്ലോയെന്നു സ്വതസിദ്ധമായ ശൈലിയിൽ ഹോക്കിങ് ഫലിതം പറഞ്ഞു. 21ാം വയസ്സിലാണു മോട്ടോർ ന്യൂറോൺ രോഗം സ്ഥിരീകരിച്ചത്. രണ്ടു വർഷം കൂടി ജീവിച്ചാൽത്തന്നെ അദ്ഭുതമെന്നു ഡോക്ടർമാർ വിധിയെഴുതി. പക്ഷേ പ്രപഞ്ചവിസ്മയമായി പിന്നേയും ഈ മിടുക്കൻ മുന്നോട്ട് പോയി. പ്രപഞ്ച രഹസ്യങ്ങൾ തുറന്നുകാട്ടി വിസ്മയമായി. ഇപ്പോൾ മടക്കവും. പ്രപഞ്ചത്തിലെ എല്ലാറ്റിനെയും ഉൾക്കൊള്ളാനും വിശദീകരിക്കാനും സഹായിക്കുന്ന ഒരു സമഗ്ര സിദ്ധാന്തം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണു ഹോക്കിങ്ങിന്റെ വിയോഗം.

നമുക്കു ഭൂമിയിൽ ഇടമില്ലാതായി വരികയാണ്. പോകാനുള്ളതു മറ്റു ഗ്രഹങ്ങളിലെ സ്ഥലങ്ങൾ മാത്രമാണ്

'നമുക്കു ഭൂമിയിൽ ഇടമില്ലാതായി വരികയാണ്. പോകാനുള്ളതു മറ്റു ഗ്രഹങ്ങളിലെ സ്ഥലങ്ങൾ മാത്രമാണ്. അതുകൊണ്ടു സൗരയൂഥസഞ്ചാരം ആരംഭിക്കണം. മനുഷ്യർ ഭൂമി ഉപേക്ഷിക്കേണ്ടിവരുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല'- ഹോക്കിങ്‌സിന്റെ ശാസ്ത്ര ബുദ്ധി കാര്യങ്ങളെ നോക്കി കണ്ടത് പ്രകാശത്തെ തോൽപ്പിക്കുന്ന വേഗത്തിലുള്ള ചിന്തയുമായാണ്. 2020 നകം ചന്ദ്രനിലേക്കും 2025 നകം ചൊവ്വയിലേക്കും ഗവേഷകരെ അയയ്ക്കണം. 30 വർഷത്തിനകം ചന്ദ്രനിൽ താവളം നിർമ്മിക്കാനാകണം. പ്രകാശത്തിന്റെ അഞ്ചിലൊന്നു വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ബഹിരാകാശ പേടകം ഒരുക്കണം-ഇതായിരുന്നു മുന്നോട്ട് വച്ച ആധുനിക ആശയം.

കൃത്രിമബുദ്ധി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിനു ഭീഷണിയാണെന്നും വാദിച്ചു. ചിന്തിക്കുന്ന യന്ത്രങ്ങളോടു പിടിച്ചുനിൽക്കാൻ മനുഷ്യർക്കാവില്ലെന്നായിരുന്നു വിലയിരുത്തൽ. 2004 ജൂലൈയിൽ ഡബ്ലിനിൽ ചേർന്ന രാജ്യാന്തര ഗുരുത്വാകർഷണ-പ്രപഞ്ചശാസ്ത്ര സമ്മേളനത്തിൽ സ്റ്റീഫൻ ഹോക്കിങ് അവതരിപ്പിച്ച സിദ്ധാന്തം ഏറെ ചർച്ചയായി. തമോഗർത്തങ്ങളെക്കുറിച്ച് (ബ്ലാക് ഹോൾ) അന്നോളമുള്ള പല ധാരണകളെയും തിരുത്തിക്കുറിക്കുന്നതായിരുന്നു അത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി താൻ തന്നെ ശരിയെന്നു കരുതുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന സിദ്ധാന്തങ്ങളെ തിരുത്തിക്കുറിക്കുന്ന കണ്ടെത്തൽ.

ഒരു തമോഗർത്തത്തിലേക്കു വീഴുന്ന വസ്തുവിനെപ്പറ്റിയുള്ള എല്ലാ വിവരവും പുറത്തു നിൽക്കുന്ന നിരീക്ഷകനു നഷ്ടപ്പെടുന്നു എന്ന ധാരണ പൂർണമായും ശരിയല്ലെന്നാണ് അദ്ദേഹം സമർഥിച്ചത്. ബ്ലാക്ക് ഹോളുകളിൽനിന്നു പുറത്തുവരുന്ന വികിരണങ്ങളിൽ നഷ്ടപ്പെട്ടുവെന്നു കരുതുന്ന വിവരങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു. 'ഹോക്കിങ് വികിരണ'ത്തിൽ കോഡ് ചെയ്ത വിവരങ്ങൾ വായിച്ചെടുക്കാൻ ഇപ്പോൾ നമുക്ക് കഴിയുന്നില്ല എന്നേയുള്ളൂ എന്നും വാദിച്ചു വിജയിച്ചു.

ദൃശ്യ പ്രപഞ്ചത്തിൽനിന്നു ശാഖകളായി പിരിയുന്ന ശിശു പ്രപഞ്ചങ്ങൾ (baby universe) എന്ന ആശയവും ഹോക്കിങ് അവതരിപ്പിച്ചു. എന്നാൽ ഈയടുത്ത കാലത്ത് ബ്ലാക് ഹോളുകൾ ഇല്ലെന്നും പകരം ഗ്രേ ഹോളുകൾ ആണുള്ളതെന്നും ഉള്ള നിഗമനം അവതരിപ്പിച്ച സ്റ്റീഫൻ ഹോക്കിങ് വീണ്ടും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു.

പ്രേമവും രോഗാവസ്ഥയും തുടർന്നു ഭൗതികശാസ്ത്രജ്ഞൻ എന്ന നിലയിലുള്ള വളർച്ചയും

സിനിമയെ പോലും വിസ്മയിച്ചു സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതകഥ. ബ്രിട്ടിഷ് സംവിധായകൻ ജയിംസ് മാർഷ് ഒരുക്കിയ സിനിമ 'ദ് തിയറി ഓഫ് എവരിതിങ്' ലോകം ഏറ്റെടത്തു. ഹോക്കിങ്ങിന്റെ മുൻഭാര്യ ജെയ്ൻ രചിച്ച 'ട്രാവലിങ് ടു ഇൻഫിനിറ്റി: മൈ ലൈഫ് വിത് സ്റ്റീഫൻ' എന്ന ഓർമപ്പുസ്തകത്തെ ആധാരമാക്കിയാണു ചിത്രമെടുത്തത്. ഹോക്കിങ്ങിന്റെ വേഷമിട്ട ബ്രിട്ടിഷ് യുവനടൻ എഡ്ഡി റെഡ്മെയ്ൻ 2014ലെ മികച്ച നടനുള്ള ഓസ്‌കറും സ്വന്തമാക്കി.

മോട്ടോർ ന്യൂറോ ഡിസീസ് എന്ന അപൂർവരോഗമായിരുന്നു ഹോക്കിങ്ങിന്. ശരീരം തളർന്ന അദ്ദേഹം രണ്ടുവർഷത്തിലധികം ജീവിക്കില്ലെന്നായിരുന്നു ഡോക്ടർമാരുടെ പ്രവചനം. എന്നാൽ അദ്ദേഹം ജീവിതം മുന്നോട്ടു കൊണ്ടുപോയി, സ്റ്റീഫനും ജെയിനുമായുള്ള പ്രേമവും രോഗാവസ്ഥയും തുടർന്നു ഭൗതികശാസ്ത്രജ്ഞൻ എന്ന നിലയിലുള്ള വളർച്ചയുമാണ് സിനിമയുടെ ഇതിവൃത്തം. രോഗാവസ്ഥയിൽ ജെയിൻ നൽകിയ സ്നേഹവും പിന്തുണയുമാണു തുടർന്നുള്ള തന്റെ ജീവിതം സാധ്യമാക്കിയതെന്നു ഹോക്കിങ് പറഞ്ഞിട്ടുണ്ട്.

ഗവേഷണകാലത്തു പരിചയപ്പെട്ട ജെയിൻ വൈൽഡിനെ സ്റ്റീഫൻ ഹോക്കിങ് പ്രണയിച്ചു. മാരകമായ രോഗം കണ്ടെത്തിയതോടെ ജെയിൻ വൈൽഡിനെ ഒഴിവാക്കാൻ അദ്ദേഹം ശ്രമിച്ചു. വിവരമറിഞ്ഞതോടെ ജെയിൻ സ്റ്റീഫനെ വിവാഹം കഴിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു. ജെയിനുമായുള്ള വിവാഹനിശ്ചയമാണു കൂടുതൽ ജീവിക്കാൻ തനിക്കു പ്രചോദനമായതെന്നു ഹോക്കിങ് ഓർമിച്ചു. ഇവർക്കു മൂന്നു മക്കൾ പിറന്നു - ലൂസി, തിമോത്തി, റോബർട്ട്. ജെയിൻ വൈൽഡുമായുള്ള ബന്ധം പിരിഞ്ഞശേഷം എലെയ്ൻ മേസൺ എന്ന നഴ്‌സിനെയാണു അദ്ദേഹം വിവാഹം കഴിച്ചത്.

ഹോക്കിങ് ആയി മാറാൻ ആറുമാസത്തിലേറെ നീണ്ട പ്രയത്‌നമാണ് എഡ്ഡി റെഡ്മെയ്ൻ നടത്തിയത്. ജെയിൻ ആയി ഫെലിസിറ്റി ജോൺസ് വേഷമിട്ടു. ടൊറന്റോ ഫെസ്റ്റിവലിൽ പ്രദർശനം കാണാൻ ഹോക്കിങ്ങുമുണ്ടായിരുന്നു. സിനിമ തീർന്നപ്പോൾ അദ്ദേഹത്തിന്റെ കവിളിലൂടെ കണ്ണീരൊഴുകി; ഒരായുഷ്‌കാലത്തിന്റെ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഉപ്പുരസമുള്ളത്.

പ്രപഞ്ചവും തമോഗർത്തങ്ങളും

കേംബ്രിജിൽ ഗവേഷണം നടത്തുന്ന സമയത്തു മഹാസ്‌ഫോടന സിദ്ധാന്തമായിരുന്നു ഹോക്കിങ്ങിന്റെ ഇഷ്ടവിഷയം ഒപ്പം തമോഗർത്തങ്ങളെക്കുറിച്ചും ഏറെ പഠിച്ചു. 1960 കളിൽ ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ റോജർ പെന്റോസ് തമോഗർത്തങ്ങളെക്കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തങ്ങൾ അദ്ദേഹം ശ്രദ്ധിച്ചു. അതിശക്തമായ ഗുരുത്വാകർഷണം കാരണം പ്രകാശരശ്മിക്കുപോലും പുറത്തുകടക്കാൻ കഴിയാത്ത സ്ഥലകാലപ്രദേശമാണു തമോഗർത്തം എന്ന ആശയമാണ് അവതരിപ്പിക്കപ്പെട്ടത്.

സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഗവേഷണങ്ങൾ പോലെ തന്നെ അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയ ഗ്രന്ഥമാണ് A Brief History of Time- സമയത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം. ഈ മഹാപ്രപഞ്ചത്തിന്റെ ഉൽപ്പത്തി എങ്ങനെ, പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലായത് എങ്ങനെ, സമയം പുറകോട്ട് പായുമോ, സമയത്തിന് തുടക്കവും ഒടുക്കവും ഉണ്ടോ, പ്രപഞ്ചാരംഭ സമയത്തെ ക്രമമില്ലായ്മയിൽ നിന്ന് ക്രമം എങ്ങനെയുണ്ടായി, തമോഗർത്ത രഹസ്യങ്ങൾ, പ്രപഞ്ചത്തിന്റെ തുടക്കവും ഒടുക്കവും എങ്ങനെയായിരിക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങളും അതിനുള്ള വിശദീകരണങ്ങളും ഇതിലുണ്ട്.

അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്ത ഗ്രന്ഥമാണ് The Universe in a Nutshell. മകളായ ലൂസിയുമായി ചേർന്ന് കുട്ടികൾക്കായി അദ്ദേഹം രചിച്ച പുസ്തകമാണ് 'George's Secret Key to The Universe' ദ് ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്‌സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റിജേഴ്‌സ്, മൈ ബ്രീഫ് ഹിസ്റ്ററി എന്നിവയൊക്കെ ചർച്ചയായ പുസ്തകങ്ങളാണ്.

നീളൻ ചുവടുകളുമായി തെരുവിലൂടെ ഇറക്കം ഇറങ്ങിവരുന്ന 'അരവട്ടൻ'

ഹോക്കിങ്ങെന്ന ബിരുദവിദ്യാർത്ഥി ഓക്‌സ്ഫഡിൽ അദ്ധ്യാപകർക്കു തലവേദനയായിരുന്നു. ഒന്നാം ക്ലാസിന്റെയും രണ്ടാം ക്ലാസിന്റെയും അതിർത്തിയിൽ പരീക്ഷാഫലം വന്നുനിന്നപ്പോൾ വൈവ സമയത്ത് വിദ്യാർത്ഥി ഒരുപായം മുന്നോട്ടുവച്ചു: ഒന്നാം ക്ലാസ് തന്നാൽ ഞാൻ സ്ഥലം വിട്ടോളാം. കേംബ്രിജിൽ ചേരും. രണ്ടാം ക്ലാസ് ആണെങ്കിൽ ഇവിടെത്തന്നെ തുടർന്നു നിങ്ങൾക്കു വീണ്ടും ശല്യമാകും. ഓക്‌സ്ഫഡിലെ അദ്ധ്യാപകർ ഹോക്കിങ്ങിനു ഫസ്റ്റ് ക്ലാസ് തന്നെ കൊടുത്തു!

വേച്ചുവേച്ചുള്ള നീളൻ ചുവടുകളുമായി തെരുവിലൂടെ ഇറക്കം ഇറങ്ങിവരുന്ന 'അരവട്ടൻ'. സ്റ്റീഫൻ ഹോക്കിങ്ങിനെ ജെയ്ൻ വൈൽഡ് ആദ്യമായി കാണുന്നത് ഈ രൂപത്തിലാണ്. 1962ലായിരുന്നു അത്. പിന്നീട് അവർ പരിചയപ്പെട്ടു; പ്രണയമായി. ഹോക്കിങ്ങിനു രോഗം സ്ഥിരീകരിച്ചു രണ്ടു വർഷം കഴിഞ്ഞപ്പോൾ, ജെയ്ൻ അദ്ദേഹത്തെ വിവാഹം ചെയ്തു. ഹോക്കിങ് തന്റെ രോഗത്തെക്കുറിച്ചു പറഞ്ഞപ്പോൾ ജെയ്‌നിന്റെ സ്‌നേഹം പതിന്മടങ്ങായി. 1985ൽ, അണുബാധമൂലം ഹോക്കിങ് ആശുപത്രിയിലായ സമയം.

ജീവൻരക്ഷാസംവിധാനം ഘടിപ്പിക്കേണ്ടിവന്നു. ഇനി പ്രതീക്ഷയില്ലെന്നു തോന്നിയപ്പോൾ, അതു മാറ്റുന്നതിനെക്കുറിച്ചു ഡോക്ടർമാർ ജെയ്‌നിന്റെ അഭിപ്രായം ചോദിച്ചു. അവർ സമ്മതിച്ചില്ല. മറ്റൊരാശുപത്രിയിലേക്കു മാറ്റി അടിയന്തര ശസ്ത്രക്രിയ നടത്തി. തൊണ്ട കീറി തുളയിടുന്ന ട്രക്കിയോടമി ചെയ്തതിലൂടെ ഹോക്കിങ്ങിനു ജീവൻ തിരിച്ചുകിട്ടി, പക്ഷേ ശബ്ദം നഷ്ടപ്പെട്ടു. ഹോക്കിങ്ങിനെ ജീവനുതുല്യം സ്‌നേഹിച്ച്, മൂന്നു മക്കൾക്കു ജന്മം നൽകിയ ജെയ്ൻ, രോഗം വർധിക്കുംതോറുമുള്ള അദ്ദേഹത്തിന്റെ പിടിവാശികൾക്കും കടുത്തനിലപാടുകൾക്കും മുന്നിൽ പരമാവധി ക്ഷമയോടെ നിന്നു. ഒടുവിൽ, 1991ൽ വിവാഹ മോചനം. നാലു വർഷംകൂടി കഴിഞ്ഞപ്പോൾ നഴ്‌സും സ്പീച്ച് തെറപിസ്റ്റുമായ എലേൻ മേസണെ വിവാഹം ചെയ്തു. 11 വർഷം നീണ്ട ആ ദാമ്പത്യവും പൊരുത്തക്കേടിൽ അവസാനിച്ചു.

ജെയ്‌നുമായുള്ള ദാമ്പത്യകാലത്ത്, ഹോക്കിങ്ങിനു ജൊനാഥൻ ജോൺസ് എന്ന സംഗീതാധ്യാപകനെ സുഹൃത്തായി ലഭിച്ചു. ജെയ്‌നും ജൊനാഥനും തമ്മിൽ പ്രണയമാണെന്ന അടക്കംപറച്ചിലുകൾ കേട്ടുതുടങ്ങിയപ്പോൾ ജൊനാഥൻ പിന്നെ മടങ്ങിവന്നില്ല. പിന്നീട് അദ്ദേഹത്തെ തിരിച്ചുവിളിക്കാൻ പോയതു ഹോക്കിങ്ങാണ്. ഹോക്കിങ് എലേനെ വിവാഹം ചെയ്തപ്പോൾ ജൊനാഥൻ തന്നെ ജെയ്‌ന് ആശ്രയമായി. ഹോക്കിങ്ങിന്റെ രണ്ടാം ദാമ്പത്യം തകർന്നപ്പോൾ, വീട്ടിലേക്കു മടങ്ങിവന്ന് ജെയ്‌നും ജൊനാഥനും അദ്ദേഹത്തിന്റെ പരിചരണം ഏറ്റെടുക്കുകയായിരുന്നു.

എല്ലാം ഹൈടെക്

ശസ്ത്രക്രിയയുടെ ഭാഗമായി കഴുത്തിലുണ്ടാക്കിയ മുറിവാണു ഹോക്കിങ്ങിന്റെ ശബ്ദമെടുത്തത്. 43 വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂ ശരീരം ഏകദേശം തളർന്ന് മുഴുവൻ സമയവും വീൽചെയറിലാണെന്ന അവസ്ഥയിലായിരുന്നു ഹോക്കിങ്. അപ്പോഴും വിരലുകൾ അനക്കാൻ സാധിച്ചു. ആ വിരലുകളാൽ ഒരു 'ക്ലിക്കർ' ഉപയോഗപ്പെടുത്തി കംപ്യൂട്ടർ സ്‌ക്രീനിൽ സന്ദേശങ്ങളെഴുതാനും ആ സന്ദേശങ്ങളെ ശബ്ദങ്ങളാക്കി മാറ്റാനും ഹോക്കിങ്ങിനു സാധിച്ചിരുന്നു. 1997ലാണ് ഇന്റൽ കമ്പനിയുടെ സഹസ്ഥാപകനായ ഗോർഡൻ മൂർ ഹോക്കിങ്‌സുമായി ഒരു ചടങ്ങിനിടെ കൂടിക്കാഴ്ച നടത്തുന്നത്. അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്ന കംപ്യൂട്ടറിലെ പ്രൊസസ്സറിനേക്കാൾ ശക്തിയേറിയതും ഫലപ്രദവുമായ ഒന്ന് ഇന്റൽ വാഗ്ദാനം ചെയ്തു. പിന്നീടങ്ങോട്ട് ഓരോ രണ്ടുവർഷം കൂടുമ്പോഴും ഹോക്കിങ്ങിനു വേണ്ടി അപ്‌ഡേറ്റ് ചെയ്ത കംപ്യൂട്ടറുകൾ ഇന്റൽ നൽകിക്കൊണ്ടേയിരുന്നു.

2008 വരെ ക്ലിക്കറിലായിരുന്നു ഹോക്കിങ്‌സിന്റെ ആശയവിനിമയമെല്ലാം. പക്ഷേ ആ വർഷം രോഗം നാഡികളെയെല്ലാം പൂർണമായും തളർത്തുംവിധത്തിൽ ഗുരുതരമായി. വിരലുപോലും അനക്കാൻ പറ്റാത്ത അവസ്ഥ. എന്തു ചെയ്യാൻ പറ്റുമെന്നു ഹോക്കിങ് ആദ്യം ചോദിച്ചത് ഇന്റലിലെ വിദഗ്ധരോടായിരുന്നു. അങ്ങനെ കവിളിന്റെ ചലനമനുസരിച്ച് അക്ഷരങ്ങൾ കംപ്യൂട്ടറിൽ ടൈപ് ചെയ്യാനും അതിനെ ശബ്ദമാക്കി മാറ്റാനുമെല്ലാം സഹായിക്കുന്ന സാങ്കേതികവിദ്യ എത്തി. കൺപുരികങ്ങളുടെ ചലനംകൊണ്ടും ഇത്തരത്തിൽ ആശയവിനിമയം സാധ്യമാക്കാമായിരുന്നു. പക്ഷേ തനിക്കു കൂടുതൽ എളുപ്പം കവിളുകളുടെ ചലനമാണെന്നായിരുന്നു ഹോക്കിങ്ങിന്റെ മറുപടി.

കവിളുകൾ കൊണ്ടു കംപ്യൂട്ടറിന്റെ 'കർസർ' നീക്കുന്ന സാങ്കേതികതയ്ക്ക് ഇന്റൽ രൂപം നൽകി. വീൽചെയറിൽ ഘടിപ്പിച്ച ടാബ്ലറ്റിലായിരുന്നു ടൈപ്പിങ് ജോലികളെല്ലാം. ഹോക്കിങ്ങിന്റെ കണ്ണാടയിൽ ഒരു ചെറിയ ഇൻഫ്രാറെഡ് ഡിറ്റക്ടർ ഘടിപ്പിച്ചു. കവിളിനോടു ചേർന്നാണു സ്ഥാനം. ഈ ഡിറ്റക്ടറാണു കവിളുകളുടെ ചലനം തിരിച്ചറിഞ്ഞു ടാബ്ലറ്റിലേക്കം സിഗ്‌നലുകൾ അയയ്ക്കുന്നത്. ആദ്യ അക്ഷരം ടൈപ് ചെയ്യുമ്പോൾ തന്നെ ഒരു കൂട്ടം വാക്കുകൾ പ്രത്യക്ഷപ്പെടും. മിനിറ്റിൽ 20 വാക്കുകൾ വരെ ഇതുവഴി അദ്ദേഹത്തിനു ടൈപ് ചെയ്യാൻ സാധിച്ചു.

'സ്വിഫ്റ്റ് കീ' തയാറാക്കിയ പ്രത്യേക അൽഗോരിതമായിരുന്നു ഇത്തരത്തിൽ വാക്കുകളെ അനായാസം കണ്ടെത്താൻ സഹായിച്ചത്. അതിനുവേണ്ടി ഹോക്കിങ്ങിന്റെ മുഴുവൻ സൃഷ്ടികളും കമ്പനി അൽഗോരിതത്തിനു 'മനസ്സിലാക്കി'കൊടുത്തു. അക്ഷരങ്ങളെ ശബ്ദമാക്കി മാറ്റുന്ന സാങ്കേതികത 1997ൽത്തന്നെ ഇന്റൽ ഹോക്കിങ്ങിനു കൈമാറിയിരുന്നു. അസിസ്റ്റിവ് കൺടക്സ്റ്റ്-എവേർ ടൂൾകിറ്റ് അഥവാ എസിഎടി എന്നായിരുന്നു ഈ ഓപൺ സോഴ്‌സ് പ്രോഗ്രാമിന്റെ പേര്. കോഡ് ഓപൺ സോഴ്‌സ് ആയതിനാൽത്തന്നെ ആർക്കു വേണമെങ്കിലും ഈ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്ത് ആവശ്യത്തിനു മാറ്റം വരുത്തി ഉപയോഗിക്കാനാകും. ശരീരം തളർന്നു സംസാരിക്കാൻ സാധിക്കാത്ത ആയിരക്കണക്കിനു പേർക്കാണ് ഈ സാങ്കേതികവിദ്യ പിന്നീട് ഉപകാരപ്പെട്ടത്.

വീൽചെയറിന്റെ ബാറ്ററിയിലായിരുന്നു ടാബ്ലറ്റിന്റെ പ്രവർത്തനം. എന്നാൽ അത്യാവശ്യഘട്ടത്തിൽ പ്രവർത്തിക്കാൻ ടാബ്ലറ്റിലുമുണ്ടായിരുന്നു മികച്ച ബാറ്ററി സംവിധാനം. ടൈപ് ചെയ്യുന്ന സന്ദേശങ്ങളെല്ലാം 'ലെക്ചർ' മാനേജർ എന്ന സോഫ്റ്റ്‌വെയർ ഗംഭീര പ്രസംഗത്തിന്റെ രൂപത്തിലാക്കും. അങ്ങനെ തീർത്തും ഹൈടെക്. ഇമെയിലുകൾ പരിശോധിക്കാനും ഇന്റർനെറ്റ് സെർച്ചിങ്ങിനും എഴുതാനും പ്രസംഗിക്കാനുമെല്ലാം 'എസിഎടി'യായിരുന്നു ഹോക്കിങ്ങിനു കൂട്ട്. യൂഡോറ ഇമെയിൽ സംവിധാനമാണു ഹോക്കിങ്ങിനു വേണ്ട പ്രത്യേക മെയിൽ തയാറാക്കിയത്.