മേയ് 22ന് ബ്രിട്ടനിലെ കാന്റർബറിയിൽ അപടകത്തിൽ മരിച്ച 19 കാരനായ മലയാളി യുവാവിന് അന്ത്യയാത്രയേകുവാൻ ഒരു ഗ്രാമം മുഴുവൻ ഒഴുകിയെത്തി. ഏരുമേലി മുക്കൂട്ടുതറ സ്വദേശിയായ സജിയുടെയും ആൻസിയുടെയും മകൻ സ്റ്റെഫിനാണ് കാർ അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയ ഭൗതികശരീരത്തിന്റെ സംസ്‌കാരം ശനിയാഴ്ചയായിരുന്നു നടന്നത്. എതിരെവന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്നായിരുന്നു പ്രാഥമിക നിഗമനം എങ്കിലും സ്റ്റെഫിന് നാട് അന്ത്യയാത്ര നൽകി കഴിഞ്ഞപ്പോൾ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു.

മറുനാടൻ മലയാളിയുടെ സഹോദരസ്ഥാപനമായ ബ്രിട്ടീഷ് മലയാളി അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് പോലെ എതിരെ വന്ന വാഹനവുമായി ഇടിച്ചല്ല അപകടം എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. എതിരെ വന്ന കാറിന്റെ വെളിച്ചത്തിൽ കണ്ണ് ചിമ്മിയ സ്റ്റെഫിന്റെ കാർ ഓടിച്ചിരുന്ന മലയാളി യുവാവായ ജോയലിന് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് ഇപ്പോൾ വ്യക്തമാകുന്നുണ്ട്. അപകടത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തതും ജാമ്യത്തിൽ വിട്ടതും 24 കാരനായ ജോയലിനെ ആണ് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. നേരത്തെ ഇത് എതിരെ വന്ന കാറിലുണ്ടായിരുന്ന തദ്ദേശീയനായ യുവാവെന്നായിരുന്നു റിപ്പോർട്ടുകൾ.

സ്റ്റെഫിന്റെ വീടിന്റെ തൊട്ടടുത്ത് തന്നെ താമസിക്കുന്ന സുഹൃത്തുക്കളായ ജോയലും അനുജൻ ജീവനും വിളിച്ചതനുസരിച്ച് വീട്ടിൽ പോലും പറയാതെ അർദ്ധ രാത്രിയിൽ പോയതാണ് ദുരന്ത കാരണമായി മാറിയത്. രാത്രി 11 ന് കിടക്കാൻ നേരവും സ്റ്റെഫിൻ പഠിച്ചു കൊണ്ടിരിക്കുന്നത് കണ്ടിരുന്നെന്ന് പിതാവ് സജി ബ്രിട്ടീഷ് മലയാളിയോട് പറഞ്ഞു. എന്നാൽ 11. 37 ന് ജോയലിന്റെ ടെക്സ്റ്റ് മെസ്സേജ് വന്നതായി സെറ്റെഫിന്റെ മൊബൈൽ ഫോണിൽ നിന്നും പിന്നീട് മനസ്സിലാക്കി. ഇതിന് മുൻപ് വിളിച്ചിരുന്നെങ്കിലും പഠനത്തിൽ ശ്രദ്ധിക്കാൻ സ്റ്റെഫിൻ ഒഴിഞ്ഞു മാറിയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഒടുവിൽ പോകാൻ തീരുമാനിച്ചത് എന്നറിയില്ല എന്നാണ് സജി പറയുന്നത്.

സ്റ്റെഫിൻ മദ്യപിച്ചു എന്ന തരത്തിലുള്ള പ്രചരണവും സജി തള്ളിക്കളയുന്നു. അത്തരം ശീലങ്ങൾ ഒന്നും മകനുണ്ടായിരുന്നില്ലെന്ന് പറഞ്ഞ സജി പറഞ്ഞത് നൈറ്റ് ഡ്രസ്സ് ധരിച്ചാണ് കൂട്ടുകാരൻ വിളിച്ചപ്പോൾ പോയതെന്നാണ്. വേഗം വരും എന്ന് കരുതിയുള്ള യാത്ര പക്ഷേ അന്ത്യയാത്ര ആവുകയായിരുന്നു. വെളുപ്പിന് മൂന്നര മണിക്ക് പൊലീസ് എത്തി മകൻ മരിച്ചു എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് തെറ്റ് പറ്റിയതാവും എന്റെ മകൻ ഇവിടെയുണ്ട് എന്ന് പറഞ്ഞ് മുറിയിൽ നോക്കിയ നിസഹായവസ്ഥയാണ് സജി കണ്ണീരോടെ പങ്കുവച്ചത്.

അമിത വേഗത്തിൽ പോയ കാർ പേവ്‌മെന്റിൽ ഇടിച്ച് തെറിച്ച് ആദ്യം ഇടിച്ചിട്ടത് ഒരു പോസ്റ്റാണ്. ആ പോസ്റ്റ് മറിഞ്ഞു കാറിലേക്ക് വീണപ്പോൾ തന്നെ സ്റ്റെഫിന്റെ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റിരുന്നു. ആ ഇടിയുടെ ആഘാതത്തിൽ പലവട്ടം മറിഞ്ഞു മരക്കൂട്ടത്തിന് ഇടയിലേക്ക് പോയ കാറിന്റെ ബോണറ്റ് തുളച്ച് കയറിയ ഒരു മരക്കൊമ്പ് സ്റ്റെഫിന്റെ ചങ്കിൽ തുളച്ച് കയറുകയായിരുന്നു. കാറിന്റെ പിൻ സീറ്റിൽ യാത്ര ചെയ്തിരുന്ന ജീവന്റെ കൈ ഒടിഞ്ഞെങ്കിൽ കാർ ഓടിച്ചിരുന്ന ജോയലിന് നിസ്സാര പരിക്കുകൾ മാത്രമാണ് പറ്റിയത്. ജോയലിനെ അന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമിത വേഗത്തിൽ വാഹനം ഓടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും ജോയലിന്റെ പേരിൽ കേസ് ഉണ്ട്. തനിക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ടു എന്ന് പറയുന്ന സജി ജോയലിനോടോ കുടുംബത്തോടോ യാതൊരു പിണക്കവും തനിക്കില്ല എന്നും പറയുന്നു. പിറ്റേന്ന് ഞാൻ ആ വീട്ടിൽ ചെന്ന് അവരെ ആശ്വസിപ്പിച്ചു. എനിക്ക് നഷ്ടപ്പെടാനുള്ളതെല്ലാം പോയതിന് ശേഷം ഇനി ഞാൻ ആരോടാണ് വിദ്വേഷം കാട്ടേണ്ട കാര്യം- സജി ചോദിക്കുന്നു. മകൻ പോയ ദുരന്തത്തിന്റെ ആഘാതം തീരാതെ കഴിയുന്ന സജി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മലയാളിയുമായി മനസ്സ് തുറക്കുമ്പോഴാണ് ഇവ വെളിപ്പെടുത്തിയത്.

ഏക മകന്റെ സംസ്‌കാരത്തിന് സജി കാണിച്ച മനോബലം എല്ലാവരും ആദരവോടെ സൂചിപ്പിക്കുന്നുണ്ട്. മുൻ ഫയർഫോർസ് ഉദ്യോഗസ്ഥനായ സജിക്ക് ആ അനുഭ ജ്ഞാനം ആയിരിക്കും ഒരു പക്ഷേ കരുത്ത് നൽകിയത്. ഒരു വശത്ത് ഏക മകൻ നഷ്ടപ്പെട്ട വേദനയിൽ പൊട്ടിക്കരയുന്ന ഭാര്യ ആൻസി. മറു വശത്ത് കുഞ്ഞാങ്ങള പോയതിന്റെ സങ്കടത്തിൽ നിലവിളിക്കുന്ന സഹോദരിമാർ. കൊച്ചു മകനെ കണ്ട് കൊതി തീരാത്ത വേദനയിൽ നിലവിളിക്കുന്ന അപ്പനും അമ്മയും. സഹിക്കാൻ കഴിയാത്ത വേദനയിൽ നിലവിളിക്കുന്ന ബന്ധുജനങ്ങൾ. എല്ലാവരെയും ആശ്വസിപ്പിച്ച് കാര്യങ്ങൾ നടത്തിയത് സജിയുടെ ധീരത ആയിരുന്നു.

നിലവിളിയോടെയും എത്തിയ അവസ്ഥയിൽ സജി ധീരമായ് ജീവിതത്തെ നേരിട്ടത് വ്യക്തമാക്കുന്ന വീഡിയോ ആണ് ഈ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്നത്. ലോകത്ത് ഒരു പിതാവിനും ഇത്തരം ഒരു ദുരന്തം വരരുതേ എന്ന പ്രാർത്ഥനയോടെയാണ് ഈ വീഡിയോ ഞങ്ങൾ പ്രക്ഷേപണം ചെയ്യുന്നത്. കണ്ണുനീരിന്റെ യഥാർത്ഥ വില അറിയണമെങ്കിൽ ഈ കുടുംബങ്ങളുടെ വേദന അറിയണം. ധീരതയുടെ യഥാർത്ഥ വില അറിയണമെങ്കിൽ ഈ പിതാവിന്റെ സമീപനം കാണണം. സ്റ്റെഫിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ എന്ന് മാത്രമാണ് ഞങ്ങളുടെ പ്രാർത്ഥന.