- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ലാഭത്തിലാക്കാൻ ചെയ്യാവുന്നത്
കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളിൽ കെഎസ്ആർടിസി പോലെ ഇത്രയേറെ പഴികേട്ട മറ്റൊരു പബ്ലിക് സെക്റ്റർ സ്ഥാപനം നമ്മുടെ നാട്ടിലുണ്ടെന്നു തോന്നുന്നില്ല. സ്ഥാപനത്തിന്റെ അമ്പതാം വാർഷികം അടുത്തുവരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ നിലനില്പ് തന്നെ സംശയത്തിലായിരിക്കുകയാണിപ്പോൾ. കെടുകാര്യസ്ഥത കൊണ്ടും ഉത്തരവാദിത്തമില്ലായ്മ കൊണ്ടും ഒരു സ്ഥാപ
കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളിൽ കെഎസ്ആർടിസി പോലെ ഇത്രയേറെ പഴികേട്ട മറ്റൊരു പബ്ലിക് സെക്റ്റർ സ്ഥാപനം നമ്മുടെ നാട്ടിലുണ്ടെന്നു തോന്നുന്നില്ല. സ്ഥാപനത്തിന്റെ അമ്പതാം വാർഷികം അടുത്തുവരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ നിലനില്പ് തന്നെ സംശയത്തിലായിരിക്കുകയാണിപ്പോൾ. കെടുകാര്യസ്ഥത കൊണ്ടും ഉത്തരവാദിത്തമില്ലായ്മ കൊണ്ടും ഒരു സ്ഥാപനം എങ്ങനെ മുടിപ്പിക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹണമാണ് കെഎസ്ആർടിസി. കാലാകാലങ്ങളായി കോർപ്പറേഷൻ ഭരിച്ചിരുന്നവരും മാറി മാറി വന്ന സർക്കാരുകളിൽ ട്രാൻസ്‌പോർട്ട് വകുപ്പ് കൈകാര്യം ചെയ്തിരുന്നവരും യാത്രക്കാരോട് യാതൊരു ഉത്തരവാദിത്വവുമില്ലാതെ പെരുമാറിയിട്ടുള്ള (ഇപ്പോഴും) ജീവനക്കാരും എല്ലാം ഇന്നത്തെ സ്ഥിതിവിശേഷത്തിന് ഉത്തരവാദികളാണെന്ന് നിസ്സംശയം പറയാൻ കഴിയും.
ദിനംപ്രതി വർധിച്ചുവരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില കേരളത്തെ പോലൊരു ഉപഭോക്തൃ സംസ്ഥാനത്തിന് താങ്ങാവുന്നതിൽ ഏറെയാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ആയതിനാൽ ഇത്ര ഭീമമായ വിലയിൽ ഇന്ധനം വാങ്ങി വണ്ടിയോടിക്കുന്ന ഒരു സ്ഥാപനവും ഒരു കാലത്തും ലാഭത്തിൽ എത്തില്ല എന്നും എല്ലാവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ കാര്യങ്ങൾ വേണ്ട രീതിയിൽ കാണുന്ന ഒരു മാനേജ്‌മെന്റിന് വേണമെന്ന് വച്ചാൽ നഷ്ടം തീർച്ചയായും നന്നായി കുറയ്ക്കുവാൻ സാധിക്കും. നിർഭാഗ്യമെന്നു പറയട്ടെ, കെഎസ്ആർടിസിയിൽ അതിനുള്ള സാഹചര്യം ഇന്ന് നിലവിലുണ്ടെന്ന് തോന്നുന്നില്ല.
തീവ്രവും അമിതവുമായ ട്രേഡ് യൂണിയൻ സംസ്‌കാരവും യാത്രക്കാരോട് മുഖം തിരിച്ചു നിൽക്കുന്ന മാനേജ്‌മെന്റും ജോലിക്കാരും പ്രവർത്തനത്തിൽ പ്രൊഫഷണലിസത്തിന്റെ അലംഭാവവും ഒക്കെ കെഎസ്ആർടിസിയെ ഒരു പൂട്ടലിന്റെ വക്കത്തെത്തിച്ചിരിക്കുന്നു. കാലാകാലങ്ങളിൽ കൊണ്ടുവരേണ്ടിയിരുന്ന മാറ്റങ്ങൾ കൊണ്ടുവരാതിരുന്നതും ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ കാണാതിരുന്നവർ നായകസ്ഥാനങ്ങളിൽ ഇരുന്നതും കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ മറ്റേതൊരു പ്രസ്ഥാനത്തേക്കാളും കൂടുതലായി ബാധിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ നിന്നും പഠിക്കാമായിരുന്ന പലതും കെഎസ്ആർടിസിയും അതിന്റെ തലപ്പത്തുള്ളവരും പഠിക്കാതെ പോയതാണ് ഇന്നുള്ള ഗുരുതരമായ പ്രതിസന്ധിക്ക് മുഖ്യ കാരണം.
അൻപതുവർഷം മുൻപേ 1965ൽ കെഎസ്ആർടിസി തുടങ്ങിയ കാലഘട്ടം മുതൽ തന്നെ കാട്ടിലെ തടി തേവരുടെ ആന എന്ന നയമാണ് സ്ഥാപനത്തിൽ തുടർന്നുകൊണ്ടിരുന്നത്. ആയതിനാൽ ആർക്കും കൈയിട്ടുവാരാം എന്ന അവസ്ഥ നിലവിൽ വരികയും അത് സ്ഥാപനത്തെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു.
കെഎസ്ആർടിസിയിലെ ജോലിക്കാരുടെ അനുപാതം തന്നെ എടുക്കാം. പെൻഷൻ പറ്റിയവരുടെ അടക്കമുള്ള കണക്ക് എടുക്കുകയാണെങ്കിൽ ഇപ്പോഴും ഒരു വണ്ടിക്കു പത്തിന് മീതെ ജോലിക്കാർ ഇന്നും കോർപ്പറേഷനിൽ ഉണ്ട്. ലോകത്തിൽ ഏതെങ്കിലും ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ ഇത്ര വലിയ അനുപാതം നിലനിൽക്കുന്നുണ്ടോ എന്ന് ഒരു ഗവേഷണം തന്നെ നടത്താവുന്നതാണ്. ഭാരതത്തിൽ പൊതുഗതാഗത രംഗത്തുള്ള ഒരു സ്ഥാപനം പോലും ലാഭത്തിലല്ല എന്നുള്ളത് നഗ്നസത്യമാണ്. എന്നാൽ മോശമായ പ്രകടനം കൊണ്ട് ഇത്രയേറെ ദോഷപ്പേര് ഉണ്ടാക്കിയ മറ്റൊരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഭാരതത്തിൽ എന്നല്ല, ലോകത്തൊരിടത്തും കാണാൻ ഇടയില്ല.
ഓരോ ദിവസവും ഒരു കോടിയിൽ പരം രൂപയുടെ നഷ്ടത്തിൽ ഓടുന്ന ഒരു സ്ഥാപനം നിലനിർത്താൻ സർക്കാർ പണം ഇത്രയേറെ കൊടുക്കേണ്ടതുണ്ടോ എന്ന് അധികാരികൾ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വൻതുകകൾ കടമെടുത്ത് ശമ്പളം കൊടുക്കുന്നത് നിരുത്തരവാദിത്വത്തിന്റെ ഉത്തമ ഉദാഹരണമാണ്. എത്രനാൾ ഇത്തരം ക്രൂരതമാശകൾ പൊതുജനം കണ്ടുകൊണ്ടിരിക്കും? നികുതിദായകരുടെ പണം ഇത്തരത്തിൽ ദുർവിനിയോഗം ചെയ്യുവാൻ എത്ര നാൾ സർക്കാരുകൾക്ക് കഴിയും? മറ്റു വികസന പ്രവർത്തികൾക്ക് ചെലവഴിക്കേണ്ട പണമാണ് ഒരു പൊതുസ്ഥാപനം നിലനിർത്താനായി സർക്കാരുകൾ ധൂർത്തടിക്കുന്നത്.
കാര്യങ്ങൾ ഇത്ര ഗുരുതരമായി തുടരുമ്പോഴും അന്നന്നത്തെ പ്രവർത്തനത്തിനായി എങ്ങനെയെങ്കിലും കൂടുതൽ പൈസ കടമെടുക്കാനാണ് മാനേജ്‌മെന്റ് ഇപ്പോഴും ശ്രമിക്കുന്നത്. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയും? കാലാകാലങ്ങളായി കെഎസ്ആർടിസി വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരൊക്കെ സ്ഥാപനം നിലനിർത്തുന്നതിനെക്കാൾ കൂടുതൽ തങ്ങളുടെ നിയോജക മണ്ഡലങ്ങളിൽ എന്ത് ചെയ്യാൻ സാധിക്കും എന്ന് കാട്ടാനാണ് കൂടുതൽ താല്പര്യം കാണിച്ചിട്ടുള്ളത്.
അങ്കമാലി, തിരുവല്ല മുതലായ സ്ഥലങ്ങളിൽ ഭീമമായ തുക മുടക്കി ഇത്ര വലിയ വ്യാപാര സമുച്ചയങ്ങൾ പണിതത് ശരിയായ നടപടി ആയിരുന്നോ എന്ന് അതിനു നേതൃത്വം നൽകിയവർ ആലോചിക്കുന്നത് നന്നായിരിക്കും. അങ്കമാലിയിലെ സമുച്ചയത്തിൽ നിന്നും കിട്ടികൊണ്ടിരിക്കുന്ന വാർഷികവാടക, വാർഷികപ്പലിശ അടയ്ക്കാൻ പോലും ഇപ്പോഴും തികയുന്നില്ല. കേട്ടത് ശരിയെങ്കിൽ ഒരു വർഷം 8 കോടി രൂപയോളം പലിശയും മുതലും അടയ്ക്കേണ്ട സ്ഥാനത്ത് അതിന്റെ പത്തിലൊന്ന് പോലും തിരിച്ചടയ്ക്കാൻ അത് നിർമ്മിച്ചവർക്കാകുന്നില്ല. തിരുവല്ലയിൽ പണിതുടങ്ങി അഞ്ചാം വർഷത്തിലും 20% പോലും ബുക്കിങ് ഇതുവരെ കിട്ടിയിട്ടില്ല എന്നാണറിയുവാൻ കഴിഞ്ഞത്.
മറ്റുള്ള സ്ഥലങ്ങളിലെ സമുച്ചയങ്ങളെക്കുറിച്ച് കൂടുതൽ പറയാതിരിക്കുകയാകും ഭേദം. വൻ പലിശയ്ക്ക് കടമെടുത്തു പണിത ഇത്തരം സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനു മുൻപേ എതെങ്കില്ലും തരത്തിലുള്ള സാധ്യതാ പഠനം നടത്തിയതായി അറിയില്ല. ഇത്തരം വമ്പൻ സമുച്ചയങ്ങൾ പണിയുന്നതിൽ കുഴപ്പമില്ല. എന്നാൽ പണിയേണ്ട സ്ഥലങ്ങളിൽ പണിതിട്ടുമില്ല. പ്രതിസന്ധി മൂർഛിച്ചു നിൽക്കുന്ന ഈ സാഹചര്യത്തിൽ പോലും കെഎസ്ആർടിസി ഇത്തരം മണ്ടത്തരങ്ങളിൽ നിന്നും ഒന്നും പഠിച്ചിട്ടില്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് മധ്യ തിരുവിതാംകൂറിലെ 25000 ത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഒരു ചെറുപട്ടണത്തിൽ 60 കോടിയിൽ ഏറെ രൂപ മുടക്കി മറ്റൊരു വ്യാപാര സമുച്ചയം നിർമ്മിക്കാൻ ഒരുങ്ങുന്നത്.
ഇത്രയെല്ലാം നിരുത്തരവാദപരമായി നടത്തുന്ന പ്രസ്ഥാനമാണെങ്കിലും നഷ്ടം കുറയ്ക്കാൻ കുറെ ഒക്കെ കാര്യങ്ങൾ കാര്യക്ഷമതയോടെ ചെയ്താൽ തീർച്ചയായും കെഎസ്ആർടിസിക്ക് ഇനിയും സാധിച്ചുകൂടായ്ക ഇല്ല. ലാഭത്തെക്കുറിച്ചോർക്കാതെ പ്രവർത്തനനഷ്ടം കുറയ്ക്കാനാണ് കെഎസ്ആർടിസി ശ്രമിക്കേണ്ടത്. കേരള സർക്കാർ വകുപ്പുകളുടേതായി, പ്രത്യേകിച്ചും പൊലീസ് വകുപ്പിനുമാത്രം ആയിരക്കണക്കിന് വാഹനങ്ങളുണ്ട്. തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾ വേറെയും. ഇവയെല്ലാം അതിലെ തലപ്പത്തിരിക്കുന്നവരുടെ സൗകര്യത്തിനനുസരിച്ച് അവർക്ക് താല്പര്യമുള്ള ആളുകളുടെ സ്വകാര്യ വർക്‌ഷോപ്പുകളിൽ നിന്ന് സകല അറ്റകുറ്റപ്പണികളും നടത്തുന്നുണ്ട്. അങ്ങനെ ഓരോ വർഷവും കോടിക്കണക്കിന് രൂപയല്ലേ സ്വകാര്യ വർക്‌ഷോപ്പുകളിലേക്ക് പോകുന്നത്. കെഎസ്ആർടിസിയുടെ ഗാരേജുകൾ ആധുനികവൽക്കരിക്കുകയും ഇത്തരം വാഹനങ്ങളുടെ സകല അറ്റകുറ്റപ്പണികളും ഏറ്റെടുക്കാൻ സജ്ജമാക്കുകയും ചെയ്താൽ ഓരോ വർഷവും കോടിക്കണക്കിന് രൂപ കെഎസ്ആർടിസിക്ക് ലഭിക്കാനിടയുണ്ട്. ഇത്രയും കാലം ഭരിച്ച മേലധികാരികൾ ഈ ഒരു സാധ്യതയെ കുറിച്ച് എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ? പ്രാപ്തരായ അഭ്യസ്തവിദ്യരായ വർക്ക്ഷോപ്പ് ജീവനക്കാരെ ജോലിക്കെടുക്കുന്നതുകൊണ്ട് സ്ഥാപനത്തിന്റെ വരുമാനം കൂടുകയേ ഉള്ളു. നല്ല രീതിയിൽ വർക്ക് ഷോപ്പുകൾ പ്രവർത്തിപ്പിച്ചാൽ പുറമേ നിന്നുള്ള സ്വകാര്യ അറ്റകുറ്റപ്പണികളുടെ കരാറും ഭാവിയിൽ കിട്ടിക്കൂടായ്ക ഇല്ല. കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രം തന്നെ ഇതിന് ഉദാഹരണം. പുറമേ നിന്നുള്ള ജോലികൾ വന്നതിനു ശേഷമാണ് സ്ഥാപനം നേരെ നിൽക്കാൻ തുടങ്ങിയത്.
ജിസിസി രാജ്യങ്ങളടക്കം നിരവധി രാജ്യങ്ങളിൽ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും യാത്രാ സൗകര്യം അതാത് നാടുകളിലെ ട്രാൻസ്‌പോർട്ട് കമ്പനികളാണ് വഹിക്കുന്നത്. ഉന്നത തലങ്ങളിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും കെഎസ്ആർടിസിക്ക് ഇത് മനസ് വച്ചാൽ നന്നായി നിർവഹിക്കാൻ കഴിയും. ഇതിനുവേണ്ടി ഒരു കമ്പനി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളൂ. ഇപ്പോൾ ബഹുഭൂരിപക്ഷം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും വൻ ഫീസ് ഈടാക്കുന്നതിന് കാരണമായി പറയുന്നത് വിദ്യാർത്ഥികളുടെ യാത്രാസൗകര്യം ഒരുക്കുന്നതിനായി വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചെലവാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾ മിക്കവയും ദിവസം 3 അല്ലെങ്കിൽ 4 മണിക്കൂർ മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കി സമയങ്ങളിൽ ഈ വാഹനങ്ങൾ ഉപയോഗരഹിതമാണ്. കേവലം 3 അല്ലെങ്കിൽ 4 മണിക്കൂറിനായി അത്തരം സ്ഥാപനങ്ങൾ അവരുടെ വണ്ടികൾക്കായി ജോലിക്കാരെ നിയമിക്കേണ്ടതായി വരുന്നു. കെഎസ്ആർടിസി ഈ ഒരു മേഖലയിൽ ഉന്നതതരം ബസുകളുമായി നന്നായി പ്രവർത്തിച്ചാൽ ഇടയ്ക്കുള്ള സമയം റൂട്ട് ഓടുകയും രാവിലെയും വൈകുന്നേരവും ഇത്തരം വിദ്യാർത്ഥികളുടെ യാത്രയ്ക്കായി ഉപയോഗിക്കുകയും ചെയ്ത് അധിക വരുമാനം നേടുക മാത്രമല്ല കോർപ്പറേഷന്റെ നഷ്ടം വളരെ ഏറെ കുറയ്ക്കാനും സാധിക്കും. ഉദാഹരണത്തിന് എറണാകുളത്തുള്ള ചില സ്വകാര്യ സ്വാശ്രയ കോളേജുകളുടെ ബസുകൾ മുവാറ്റുപുഴ വരെ ദിവസവും പോയി വിദ്യാർത്ഥികളെ എടുക്കുന്നുണ്ട്. അത്തരം ബസുകൾ മൂവാറ്റുപുഴയിൽ സ്റ്റേ ചെയ്യുകയും രാവിലെ ഒന്നര മണിക്കൂറിലധികം ഓടി എറണാകുളത്തു വന്നു വൈകുന്നേരം വരെ വെറുതെ കിടക്കുകയുമാണ്. ഈ ഇടയ്ക്കുള്ള സമയത്ത് എറണാകുളം മുതൽ ഈ ബസ് വരുന്ന റൂട്ടിലൂടെ പെർമിറ്റ് സർവീസായി 2 തവണയെങ്കിലും റൂട്ട് നടത്താൻ ഇത്തരം ബസുകൾക്ക് കഴിയും. അതിനോടൊപ്പം അധികവരുമാനം നേടാനും സാധിക്കും. ഇതിനായി പ്രത്യേകം ഉന്നതതരം ബസുകൾ സജ്ജീകരിക്കുകയാണ് വേണ്ടത്. ഇത് നന്നായി നടക്കുവാൻ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഒരു കരാർ ഉണ്ടാക്കാം.
മറ്റൊരു മേഖല പരസ്യ വരുമാനം വർധിപ്പിക്കുകയാണ്. കാര്യങ്ങൾ കുറെ കൂടി പ്രൊഫഷണലായി കൈകാര്യം ചെയ്താൽ കേരളത്തിലും അന്യസംസംസ്ഥാനങ്ങളിലും വ്യാപിച്ചു കിടക്കുന്ന റൂട്ടുള്ള, ശൃംഖലയുള്ള കെഎസ്ആർടിസിയുടെ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം നിരവധി തവണ വർധിപ്പിക്കാൻ സാധിക്കും. ബസ്സുകൾ പോലെ ഇത്രമാത്രം വിസിബിലിറ്റി ലഭിക്കുന്ന ഒരു പരസ്യ മാദ്ധ്യമം വേറെ ഇല്ല എന്ന് തന്നെ പറയാം. ബസുകൾ ഓടുന്ന വഴിയിൽ എല്ലാം ആളുകൾ പരസ്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക തന്നെ ചെയ്യും. പ്രത്യേകിച്ചും തിരക്കിൽ പെട്ട് ബ്ലോക്കിൽ കിടക്കുന്ന സമയങ്ങളിൽ പിന്നിൽ ഉള്ള പരസ്യങ്ങൾക്ക് ലഭിക്കുന്ന ശ്രദ്ധ മറ്റൊരു മാദ്ധ്യമ മേഖലയിലും ലഭിക്കില്ല. ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. കേരളത്തിന്നു വെളിയിലേക്ക് പോകുന്ന വണ്ടികളിൽ സംസ്ഥാനത്തെ പ്രമുഖ ഉല്പന്നങ്ങളുടെ പരസ്യങ്ങൾ ഇട്ടാൽ കിട്ടുന്ന സ്വീകാര്യതയും ശ്രദ്ധയും മറ്റെന്തിനെക്കാളും വലുതായിരിക്കും.
പരസ്യ വരുമാനം വർധിപ്പിക്കാനുള്ള മറ്റൊരു വഴി ദീർഘദൂര റൂട്ടുകളിൽ ഓടുന്ന വണ്ടികൾ ഓരോ പ്രത്യേക ബ്രാൻഡുകളുടെ പരസ്യവാഹനമാവുക എന്നതാണ്. ബ്രാൻഡിങ് റൈറ്റ് ലേലം ചെയ്ത് ആ ബ്രാൻഡിന്റെ പേരിൽ ബസ് ഓടിക്കുകയാണ് ചെയ്യേണ്ടത്. കോണ്ട്രാക്റ്റ് കാലാവധിയിൽ ഉടനീളം ആ ബസുകൾ ആ ബ്രാൻഡുകളുടെ ഡിസൈനിലും കളറിലും സർവ്വീസ് നടത്താവുന്നതാണ്. കെഎസ്ആർടിസിയുടെ വരുമാനം വർധിക്കുന്നതോടൊപ്പം ആ ബ്രാൻഡുകൾക്ക് വേണ്ടവണ്ണം വിസിബിലിറ്റിയും ശ്രദ്ധയും ലഭിക്കുകയും ചെയ്യും. അന്തർ സംസ്ഥാന സർവ്വീസുകൾ അടക്കം ഒരു 200 ബസുകളെങ്കിലും ഇത്തരത്തിൽ ബ്രാൻഡ് ചെയ്യാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന വരുമാനം കെഎസ്ആർടിസിയുടെ നഷ്ടം കുറയ്ക്കാൻ തീർച്ചയായും സഹായകരമാകും. പണ്ട് ലാലു പ്രസാദ് യാദവ് മന്ത്രി ആയിരുന്ന സമയത്ത് ഇന്ത്യൻ റെയിൽവേയിൽ ഇത്തരം പരീക്ഷണങ്ങൾ പല സോണുകളിലും വിജയകരമായി പരീക്ഷിച്ചിരുന്നു. പല വികസിത രാജ്യങ്ങളിലും ഉള്ളത് പോലെ തിരക്കുള്ള സമയങ്ങളിൽ കൂടുതൽ യാത്രാക്കൂലിയും തിരക്ക് കുറഞ്ഞ സമയങ്ങളിൽ കുറഞ്ഞ കൂലിയും നടപ്പാക്കണം. ഇതിന്റെ ഗുണമെന്തെന്നാൽ തിരക്ക് കുറഞ്ഞ സമയങ്ങളിൽ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന പലരും ബസുകളിലേക്ക് യാത്ര മാറ്റാനിടയാകും. ഓഫ് പീക്ക് സമയമായി രാവിലെ 10 മണി മുതൽ 2 വരെയുള്ള സമയം എടുക്കാം. ഞായറാഴ്ചകളിൽ രാവിലെ മുതൽ 3 മണി വരെയുള്ള സമയവും ഓഫ്പീക്ക് സമയമായി എടുക്കാം.
ഇതോടൊപ്പം ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ആളുകളെ പ്രോത്സാഹിപ്പിക്കാനായി പ്രമുഖ കമ്പനികളും സ്ഥാപനങ്ങളുമായി ചേർന്ന് സ്ഥിരമായി സമ്മാനങ്ങൾ ഏർപ്പെടുത്തണം. ഇതിനായി ടിക്കറ്റിന്റെ രൂപവും ഭാവവും മാറ്റുന്നതിനോടൊപ്പം ടിക്കറ്റുകളിൽ സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യുന്ന കമ്പനികളുടെ പരസ്യവും പ്രിന്റ് ചെയ്യണം. അങ്ങനെ സമ്മാനങ്ങൾ ഉണ്ടെങ്കിൽ യാത്രക്കാർ ടിക്കറ്റുകൾ സൂക്ഷിച്ചു വയ്ക്കുകയും പരസ്യം തരുന്നവരുടെ പേരുകൾക്ക് ശ്രദ്ധ കിട്ടുകയും ചെയ്യും. പരസ്യക്കാർക്ക് അവർ പ്രതീക്ഷിക്കുന്നതിനെക്കാൾ ഏറെ മൈലേജ് കിട്ടുന്നതിനാൽ സ്ഥിരമായി സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യാൻ കമ്പനികൾ മുന്നോട്ടു വരും. ഇതിൽ നിന്നൊക്കെ നല്ല വരുമാനം ന്യായമായും പ്രതീക്ഷിക്കാം.
ടിക്കറ്റുകളിലെ പരസ്യത്തോടൊപ്പം ഡ്യൂട്ടി ഡ്രൈവർമാരുടെയും കണ്ടക്റ്റർമാരുടെയും യൂണിഫോമുകളിൽ വിവിധ തരം ബ്രാൻഡുകളുമായി സഹകരിച്ച് അവരുടെ ലോഗോയും പരസ്യങ്ങളും ഇടാവുന്നതാണ്. ഇത്തരം പരസ്യങ്ങളൊക്കെ വികസിത രാജ്യങ്ങളിലെ ട്രാൻസ്‌പോർട്ട് മേഖലയിൽ സർവ്വസാധാരണമാണ്. ഇതെല്ലാം കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും.
പരസ്യ വരുമാനം വർധിപിക്കാൻ കെഎസ്ആർടിസിക്കുള്ളിൽ തന്നെ ഒരു പ്രത്യേക വിഭാഗം സ്ഥാപിച്ചാൽ പുറത്തു പരസ്യം ടെണ്ടർ ചെയ്യുന്നതിനെക്കാൾ വരുമാനം തീർച്ചയായും ട്രാൻസ്‌പോർട്ട് കോർപ്പറേഷന് ലഭിക്കും. ഇതിനായി ഒരു സ്‌പെഷ്യലിസ്റ്റ് മാർക്കറ്റിങ് ടീം തന്നെ നിലവിൽ വരണം.
ഈ വക കാര്യങ്ങൾ ഒക്കെ കെഎസ്ആർടിസിയിൽ വിജയകരമായി പരീക്ഷിക്കണമെങ്കിൽ ജോലിക്കാരുടെ അകമഴിഞ്ഞ സഹായം കിട്ടിയേ തീരു. സ്ഥാപനം നിലനിൽക്കണമെങ്കിൽ ഇത്തരം പൊടിക്കൈകൾ ചെയ്താലേ അത് സാധിക്കൂ എന്ന് ജോലിക്കാർ മനസിലാക്കിയേ തീരൂ. അല്ലാതെ എന്നും സർക്കാരിനൊരു തീരാബാധ്യതയായി, പിച്ചപ്പാത്രവുമായി ധനകാര്യ വകുപ്പിന്റെ മുൻപിൽ യാചിക്കുകയല്ല വേണ്ടത്. ധനകാര്യ വകുപ്പ് കോർപ്പറേഷൻ നിലനിർത്താനായി ഇപ്പോഴും കൊടുക്കുന്ന ധനസഹായം നിർത്തിയേ തീരു. അല്ലെങ്കിൽ മറ്റ് വികസന പ്രവർത്തനങ്ങൾക്ക് ഒരിക്കലും പണം തികയുകയുമില്ല.
കെഎസ്ആർടിസി വൻ വ്യാപാര സമുച്ചയങ്ങൾ പണിതു വെറുതെ വേക്കന്റ് ആയി വർഷങ്ങളിട്ടു നശിപ്പിക്കുന്നതിനു പകരം സ്വകാര്യ- പൊതുപങ്കാളിത്തമുള്ള സംരംഭങ്ങളായി അത്തരം സമുച്ചയങ്ങൾ നിർമ്മിച്ച് ലാഭം പങ്കിടുകയാണ് വേണ്ടത്. അങ്ങനെ വന്നാൽ അത്തരം സമുച്ചയങ്ങൾ മാർക്കറ്റ് ചെയ്യാൻ പണം മുടക്കിയിരിക്കുന്നവർക്കും താല്പര്യം കാണും. വൻ സമുച്ചയങ്ങൾ മാർക്കറ്റ് ചെയ്യാൻ പ്രൊഫഷണൽ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ സഹായം തേടാവുന്നതാണ്. വൻ നഗരങ്ങളിലുള്ള അത്തരം മാർക്കറ്റിങ് ശൈലിയും തന്ത്രങ്ങളും എന്ത് കൊണ്ട് കെഎസ്ആർടിസിക്ക് പരീക്ഷിച്ചു കൂടാ? അല്ലാതെ വമ്പൻ സമുച്ചയങ്ങൾ മാർക്കറ്റ് ചെയ്യാൻ അവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലുള്ള ഡിടിഒ-മാരെ എല്പിക്കുകയല്ല വേണ്ടത്.