- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നരേന്ദ്ര മോദിക്ക് ധാർഷ്ട്യം; കർഷക സമരം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്ന് നിർദേശിച്ചപ്പോൾ മോദി ധാർഷ്ട്യത്തോടെ പെരുമാറി; അഞ്ച് മിനിറ്റിനുള്ളിൽ തർക്കിച്ചു പിരിഞ്ഞു; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മേഘാലയ ഗവർണർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷക സമരം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്ന് താൻ നിർദേശിച്ചപ്പോൾ മോദി ധാർഷ്ട്യത്തോടെ പെരുമാറി. ദാദ്രിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മാലിക് മോദിക്കെതിരെ തുറന്നടിച്ചത്.
കർഷക സമരം നടക്കുന്ന സമയത്ത് പ്രധാനമന്ത്രിയെ കണാൻ പോയി. സമരം ഇങ്ങനെ തുടരുന്നത് ശരിയല്ല. അതുകൊണ്ടുതന്നെ നിയമങ്ങൾ പിൻവലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ ധാർഷ്ട്യത്തോടെയാണ് പ്രധാനമന്ത്രി പെരുമാറിയത്. അഞ്ചു മിനുട്ടിനുള്ളിൽ തന്നെ തർക്കിച്ച് പിരിഞ്ഞു.
സമരത്തിൽ 500 ലേറെ കർഷകരാണ് മരിച്ചത് എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോൾ 'അവർ എനിക്ക് വേണ്ടിയിട്ടാണോ മരിച്ചത്?' എന്നായിരുന്നു മോദിയുടെ മറു ചോദ്യം. താങ്കൾക്ക് വേണ്ടിയാണ് കർഷകർ മരിച്ചതെന്നും, നിങ്ങൾ രാജാവിനെപ്പോലെയാണ് പെരുമാറുന്നതെന്നും താൻ മോദിയോട് പറഞ്ഞു. തുടർന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നിർദേശിച്ചുവെന്നും സത്യപാൽ മാലിക് പറഞ്ഞു.
സമരത്തിനിടെ കർഷകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകണമെന്നും മാലിക് ആവശ്യപ്പെട്ടു. ഇനിയും എന്തെങ്കിലും അനീതി നടന്നാൽ കർഷകർ വീണ്ടും സമരം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാരിനെതിരെ മുമ്പും സത്യപാൽ മാലിക് വിമർശനം ഉന്നയിച്ചിരുന്നു. കർഷകരുടെ ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ബിജെപി ഇനി അധികാരത്തിൽ തിരിച്ചുവരില്ലെന്ന സത്യപാൽ മാലികിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.
മറുനാടന് ഡെസ്ക്