കണ്ണൂർ: ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ കെ സി ജോസഫ് വിരുദ്ധ വികാരം അനുദിനം ശക്തമായികൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയയിലെ കെ സി വിരുദ്ധ വികാരം തെരുവിലേക്കും നീങ്ങുന്ന അവസ്ഥയാണ് മണ്ഡലത്തിൽ നിലവിലുള്ളത്. തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കേ പ്രചരണങ്ങൾ തുടങ്ങാൻ പോലും സാധിക്കാത്ത വിധത്തിൽ പ്രാദേശിക പ്രതിസന്ധിയിൽ പെട്ട് ഉഴറുകയാണ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ. മരണ വീട്ടിൽ പോലും വിശ്വസിച്ച് ചെല്ലാൻ കഴിയാത്ത വിധത്തിലാണ് നേതാവിന് എതിരെയുള്ള പ്രതിഷേധം ശക്തമാകുന്നത്.

കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായ തെർമലയിൽ മരണവീട് സന്ദർശനത്തിനെത്തിയ കെസി ജോസഫിനെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതും ഊ പ്രതിഷേധം എത്രത്തോളം വ്യാപിച്ചിട്ടുണ്ട് എന്നത് വ്യക്തമാക്കുന്നതാണ്. 35 വർഷമായി ഇരിക്കൂറിൽ എംഎൽഎയായ കെ സി ജോസഫ് മണ്ഡലത്തെ പാടെ അവഗണിച്ചു എന്ന വികാരമാണ് ശക്തമായി ഉയർന്നിരിക്കുന്നത്. മരണ വീട്ടിൽ എത്തിയപ്പോൾ 35 വർഷമായി താറുമാറായി കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടികാട്ടിയാണ് പ്രദേശവാസികൾ ക്ഷുഭിതരായത്.

റോഡ് എന്തുകൊണ്ട് നന്നാക്കിയില്ല എന്ന് ചോദ്യത്തിന് നന്നാക്കാം എന്നായിരുന്നു മന്ത്രികൂടിയായ സ്ഥാനാർത്ഥിയുടെ മറുപടി. ഇനി റോഡ് നിങ്ങൾ നന്നാക്കേണ്ടതില്ല എന്ന ബഹളം വച്ച് യുവാക്കളടങ്ങുന്ന സംഘം കെസി ജോസഫിനെ മരണവീട്ടിലേക്ക് കടത്തി വിട്ടില്ല. ഒടുവിൽ അന്ത്യോപചാരമർപ്പിക്കാൻ പോലുമാകാതെ കെസി ജോസഫ് മടങ്ങുകയായിരുന്നു. ഇരിക്കൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുവൻ പ്രവർത്തകരുടെയും നിരാശ പ്രതിഫലിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന ഈ സംഭവം.

ഇടതു സ്ഥാനാർത്ഥി പ്രചരണം രംഗത്ത് മുന്നേറുമ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പല മേഖകളിലും ഇപ്പോഴും പോസ്റ്ററുകൾ പോലും ഒട്ടിച്ചിട്ടില്ല. കെ സിയുടെ അടുത്ത വിശ്വസ്തരായവർ മാത്രമാണ് പ്രചരണത്തിനായി ശക്തതമായി രംഗത്തുള്ളത്. എന്നാൽ ഭൂരിപക്ഷം വരുന്നവരും അദ്ദേഹത്തെ അംഗീകരിക്കുന്നില്ല. മണ്ഡലത്തിൽ എത്രത്തോളം കെ സി വിരുദ്ധ വികാരമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് സോഷ്യൽ മീഡിയയിലെ കോൺഗ്രസ് ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകളിൽ നിന്നും മനസിലാകുന്നത്.

വികസനം എത്താത്ത മണ്ഡലത്തിലെ ഓരോ ഭാഗങ്ങളെ കുറിച്ചുള്ള ചിത്രങ്ങളും അഭിപ്രായങ്ങളും ഈ ഫേസ്‌ബുക്ക് പേജിലൂടെ പലരും പങ്കുവെക്കുന്നു. ടാർ ചെയ്യാത്ത റോഡുകളുടെ ചിത്രങ്ങളും മറ്റും ഷെയർ ചെയ്തു കൊണ്ടാണ് എന്തുകൊണ്ട് കെസി മത്സരിക്കരുത് എന്ന ആഗ്രഹം ഇവർ പ്രകടിപ്പിക്കുന്നത് കെ സി വിരുദ്ധ ഗ്രൂപ്പിൽ അനുദിനം ഇരിക്കൂർ സ്വദേശികളായവർ അംഗങ്ങളാകുകയാണ്. ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം പതിനായിരം കവിഞ്ഞിട്ടുണ്ട്. ദിവസവും നൂറുകണക്കിന് ആളുകളാണ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നത്.

സോഷ്യൽ മീഡിയയിലെ പ്രതിഷേധങ്ങൾ കൂടാതെ കോൺഗ്രസ് പ്രവർത്തകർ ആയിരക്കണക്കിന് ഇമെയലുകൽ രാഹുൽ ഗാന്ധിക്കും എഐസിസിക്കും അയച്ചിട്ടുണ്ട്. കെ സി ജോസഫിനെ മാറ്റണം എന്ന ആവശ്യമാണ് ഇവർ ചൂണ്ടിക്കാട്ടിയത്. ഉറപ്പുള്ള സീറ്റ് കെ സി യുടെ സ്ഥാനാർത്ഥിത്വം കൊണ്ട് നഷ്ടമാക്കരുത് എന്നതാണ് ആവശ്യം. അതിനിടെ വിമതന സ്ഥാനാർത്ഥിയായി രംഗത്തെത്തിയ ഇരിക്കൂർ മുൻ മണ്ഡലം പ്രസിഡന്റ് എ ആർ അബ്ദുൾഖാദറിനെ ഇന്നലെ പാർട്ടിയിൽ നിന്നും ആറ് വർഷത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. ഇതും കെസിക്ക് വിനയായ മട്ടാണ്.

അതേസമയം പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ എ ആർ അബ്ദുൾഖാദർ പിന്മാറിയേക്കുമെന്നും സൂചന പുറത്തുവരുന്നുണ്ട്. ഉറപ്പുള്ള സീറ്റ് നഷ്ടപ്പെടരുതെന്ന വികാരം ഉള്ളതിനാൽ കോൺഗ്രസ് നേതൃത്വവും കെ സിയുടെ കാര്യം പുനപരിശോധിക്കാൻ സാധ്യതയുണ്ടെന്ന സൂചനയുണ്ട്. സജീവ് ജോസഫിന്റെ പേരാണ് മണ്ഡലത്തിൽ കാര്യമായി പരിഗണിച്ചിരുന്നത്. എന്നാൽ സജീവ് ജോസഫിന് സീറ്റ് ലഭിക്കാതെ വന്നതോടെയാണ് എ ആർ അബ്ദുൾ ഖാദർ വിമതനായി രംഗത്തുവന്നത്. വിപുലമായ കൺവെൻഷനുകൾ വിളിച്ച് കെ സി ജോസഫിനെതിരെ പ്രവർത്തിച്ചു വരികയാണ് മണ്ഡലത്തിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ.

ഔദ്യോഗികമായി പാർട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ ആൾക്കാർ കുറഞ്ഞ സാഹചചര്യമാണ് ഇപ്പോൾ ഇരിക്കൂറിൽ ഉള്ളത്. കെ സി ജോസഫിനെതിരായ പ്രതിഷേധം രേഖപ്പെടുത്താൻ സേവ് കോൺഗ്രസ് ഫോറം വിളിച്ച കൺവെൻഷനിൽ കെ സിക്ക് എതിരായ വികാരം രേഖപ്പെടുത്താൻ നൂറ് കണക്കിന് ആൾക്കാരെത്തിയിരുന്നു. കെ സി ജോസഫ് പിന്മാറണമെന്ന് വിമത കൺവെൻഷൻ വിളിച്ചവർ ആവശ്യപ്പെടുകയും ഉണ്ടായി.

ശക്തമായ പ്രതിഷേധം ഉയർന്നിട്ടും സിറ്റിങ് സീറ്റായ ഇരിക്കൂർ മണ്ഡലത്തിൽ മന്ത്രി കെ സി ജോസഫിനെ മത്സരിക്കാൻ തീരുമാനിപ്പിച്ച തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് സേവ് കോൺഗ്രസ് ഫോറം പ്രവർത്തകർ. കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിനെ മത്സരിപ്പിക്കാൻ പ്രവർത്തകർ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹം മനസു തുറന്നിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു വിമത കൺവെൻഷൻ ചേർന്നത്.

എട്ടാം തവണയും മണ്ഡലത്തിൽ മത്സരിച്ചാൽ കോൺഗ്രസിന്റെ ഈ കുത്തക സീറ്റു നഷ്ടപ്പെടുമെന്നു തന്നെയാണ് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ വിശ്വസിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരനായ ഈ മന്ത്രിക്ക് ആ അടുപ്പം പെട്ടിക്കുള്ളിലെ വോട്ടാകില്ലെന്നാണു മണ്ഡലവാസികൾ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ അടക്കം ശക്തമായ പ്രചരണം നടത്താനാണ് പ്രവർത്തകർ ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടി പറയുന്നത് അനുസരിച്ച് നിൽക്കാനാണ് സജീവ് ജോസഫിന് താൽപ്പര്യം. ഇരിക്കൂറിൽ അടിതെറ്റിയാൽ രാഷ്ട്രീയം തന്നെ തീർന്നുവെന്ന് കെ സി ജോസഫിന് അറിയാം. മറ്റ് പല കേസുകളിൽ നിന്നും രക്ഷതേടാൻ എംഎൽഎ സ്ഥാനത്തെ ജോസഫ് മറയാക്കുകയാണെന്നാണ് ഇരിക്കൂറിലെ കോൺഗ്രസ് പ്രവർത്തകരുടെ പരാതി.

മുഖ്യമന്ത്രിയേയും കെസി ജോസഫിനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ കോൺഗ്രസുകാർ കുറ്റപ്പെടുത്തുന്നുണ്ട്. 32 ാം വയസ് മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണു കെ സി ജോസഫ്. കോൺഗ്രസുകാർ തന്നെ രംഗത്തെത്തിയതോടെ മണ്ഡലം മാറാനുള്ള ശ്രമം നടത്തിയെങ്കിലും ഇരിക്കൂറിൽ തന്നെ തുടരാനായിരുന്നു തീരുമാനം. കെ സി ജോസഫ് നേരത്തെ പിന്മാറിയിരുന്നെങ്കിൽ മത്സരിക്കാൻ സാധ്യത കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിനു തന്നെയായിരുന്നു. എന്നാൽ, കെ സി ജോസഫിനെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ സജീവിന്റെ വാതിലുകൾ അടയുകയായിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് മണ്ഡലത്തിൽ അനുദിനം വർധിക്കുന്നത്.