കാസർഗോഡ്: ഉദുമയിൽ സീറ്റ് ഉറപ്പിച്ച് കെ.സുധാകരൻ അണിയറയിൽ കളി തുടങ്ങി. കെ.പി.സി. സി. പ്രസിഡണ്ട് വി എം. സുധീരനുമായുള്ള ഒത്തുകളിയാണ് സുധാകരന് ഉദുമ സീറ്റ് തരപ്പെടാൻ കാരണമായത്. മണ്ഡലത്തിൽ ജനപ്രീതിയുള്ള പെരിയ ബാലകൃഷ്ണനെ വെട്ടിനിരത്താനുള്ള ജില്ലയിലെ ചില നേതാക്കളുടെ ഗൂഢശ്രമമാണ് സുധാകരന് സ്ഥാനാർത്ഥിത്വം ലഭിക്കാൻ കാരണമായത്.

കണ്ണൂർ സീറ്റിൽ മത്സരിക്കാനായിരുന്നു സുധാകരൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സിപിഐ.(എം)ൽനിന്നും വന്ന എ.പി. അബ്ദുള്ളക്കുട്ടിക്ക് നേരത്തെ ദാനമായി നൽകിയ കണ്ണൂർ സീറ്റ് വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അതോടെയാണ് സുധാകരന്റെ നോട്ടം ഉദുമയിലെത്തിയത്. പിന്നെ നടന്നതെല്ലാം അണിയറയിലാണ്. ഡി.സി.സി. പ്രസിഡണ്ട് സി.കെ. ശ്രീധരനേയും കെപിസിസി. നിർവ്വാഹകസമിതി അംഗം പി.ഗംഗാധരൻ നായരേയും കൂട്ടിന് ലഭിച്ചപ്പോൾ സുധാകരൻ ഉദുമ മണ്ഡലം ഉറപ്പിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് കാസർഗോഡ് ജില്ലയിൽ ജില്ലാ ബ്ലോക്ക് മണ്ഡലം ഭാരവാഹികളുടെ കൺവെൻഷൻ ചേർന്നിരുന്നു. കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ ഒരുങ്ങേണ്ടതിന്റെ ആവശ്യാർത്ഥം വിളിച്ചു ചേർത്ത യോഗത്തിൽ കെപിസിസി. ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ പങ്കെടുത്തിരുന്നു. രാമകൃഷ്ണന്റെ പ്രസംഗവും അജണ്ടയിലെ കാര്യങ്ങളും തീർന്നപ്പോൾ അദ്ദേഹം കണ്ണൂരിലേക്ക് തിരിച്ചു. അതിനിടെയാണ് കെ.സുധാകരന്റെ വരവ്. എല്ലാം മുൻകൂട്ടി ഒരുക്കിയ തിരക്കഥ പോലെ സുധാകരൻ തന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം യോഗത്തിൽ നടത്തി.

ഡി.സി.സി. പ്രസിഡണ്ട് സി.കെ. ശ്രീധരനും പി.ഗംഗാധരൻ നായരുമൊഴികെ യോഗത്തിലെത്തിയ ഭാരവാഹികൾ ഞെട്ടി. കെപിസിസി. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരമാനമെടുക്കും മുമ്പ് തന്നെ സുധാകരൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് ആരോപണമുയർന്നു. എന്നാൽ അച്ചടക്കത്തിന്റെ വാളുയർത്തുന്ന കെപിസിസി. പ്രസിഡണ്ട് സുധാകരനെതിരെ ഒരു നടപടിയും എടുത്തില്ല. മുസ്ലിം ലീഗ് നേതാക്കൾ ഉദുമയിൽ മത്സരിക്കാൻ തന്നോടാവശ്യപ്പെട്ടതായും സുധാകരൻ യോഗത്തിൽ പറഞ്ഞു.

കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ പരാജയപ്പെട്ട സുധാകരൻ എങ്ങനെയാണ് ഉദുമ പിടിക്കുക എന്ന ചോദ്യവും മണ്ഡലത്തിൽ ഉയരുന്നുണ്ട്. കെപിസിസി. നേതൃത്വവും സുധാകരനും തമ്മിലുള്ള രഹസ്യധാരണയാണ് ഉദുമയിൽ അരങ്ങേറിയത്. ഡി.സി.സി., കെപിസിസി.ക്ക് അയച്ച ലിസ്റ്റിൽ പെരിയ ബാലകൃഷ്ണൻ ഉൾപ്പെട്ടിരുന്നു. അപ്പോൾ തന്നെ ബാലകൃഷ്ണനെ വെട്ടിനിരത്താനുള്ള ശ്രമവും നടന്നു. തങ്ങളേക്കാൾ ജൂനിയറായ ഒരാൾ മണ്ഡലത്തിൽ നിന്നും ജയിച്ച എംഎ‍ൽഎ.യായാൽ തങ്ങൾ അപ്രസക്തമാകും എന്ന ഭയമാണ് എല്ലാറ്റിനും കാരണമായത്. അങ്ങനെ സുധാകരനെ ഇറക്കി ബാലകൃഷ്ണനെ വെട്ടാം എന്ന ആസൂത്രിത നീക്കമാണ് ഇതിനു പിറകിൽ നടന്നത്. കെപിസിസി. പ്രസിഡണ്ടിന്റെ മൗനാനുവാദവും ലഭിച്ചതോടെ സുധാകരന് സ്വയം സ്ഥാനാർതഥി പ്രഖ്യാപനത്തിനും ധൈര്യമുണ്ടായി.

എ.ഐ.സി .സി. അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടില്ലെങ്കിലും സുധാകരൻ കണ്ണൂരിൽ നിന്നു കൊണ്ട് ഉദുമ മണ്ഡലത്തിൽ ഇടപെട്ടു തുടങ്ങി. പുതിയ വോട്ടർമാരെ വിട്ടു പോകാതെ വോട്ടേഴ്‌സ് ലിസ്റ്റിൽ ചേർക്കാൻ നിർദ്ദേശം നൽകുന്നുണ്ട്. ഓരോ ബൂത്ത് കമ്മിറ്റിയിലും സുധാകരൻ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. കണ്ണൂരിലിരുന്നു കൊണ്ട് കാസർഗോട്ടെ കാര്യങ്ങൾ അറിയാൻ ഓരോ മണ്ഡലത്തിലേയും ഭാരവാഹികളെ ടെലിഫോണിൽ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.

അതേസമയം പെരിയ ബാലകൃഷ്ണനെ അനുകൂലിക്കുന്ന വിഭാഗം നിരാശയിലാണ്. മറ്റുള്ളവരെ അച്ചടക്കം പഠിപ്പിക്കുന്ന നേതൃത്വം സുധാകരനെതിരെ മൗനം ദീക്ഷിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവർ ചോദിക്കുന്നു. കണ്ണൂർ ഡി.സി.സി. ക്ക് കീഴിലുള്ള ഒരു ഘടകമായി കാസർഗോഡ് ജില്ലാ നേതൃത്വം അധപ്പതിച്ചിരിക്കയാണെന്നും അവർ ആരോപിക്കുന്നു. വിജയസാധ്യത ഏറെയുള്ള മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർത്ഥിയായ കെ.സുധാകരനെ കൊള്ളുമോ തള്ളുമോ എന്ന് കണ്ടറിയേണ്ടതാണ്.